കൊച്ചി: കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥയില്‍ നഗരസഭയ്ക്ക് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. റോഡുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഈ മാസം പത്തിന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ജനങ്ങളെ പേടിയില്ലാത്തത് കൊണ്ട് നഗരത്തിലെ റോഡുകള്‍ ഇത്തരത്തില്‍ വെട്ടിപ്പൊളിച്ചിടുന്നതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു. 

കൊച്ചിയിലെ റോഡുകളെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച അമിക്കസ് ക്യൂറിമാരുടെ റിപ്പോര്‍ട്ട് പരിഗണിക്കുകയായിരുന്നു കോടതി. എസ്ആര്‍എം റോഡ് അടക്കം നഗരത്തിലെ ആറ് പ്രധാന റോഡുകള്‍ വെട്ടിപ്പൊളിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് കോടതി നഗരസഭയെയും ജല അതോറിറ്റിയെയും വിമര്‍ശിച്ചത്. നേരത്തെയും കൊച്ചിയിലെ റോഡുകളുടെ മോശം സ്ഥിതിയുടെ പേരില്‍ നഗരസഭയെ കോടതി വിമര്‍ശിച്ചിരുന്നു.