Asianet News MalayalamAsianet News Malayalam

ശമ്പള ഓർഡിനൻസ് സ്റ്റേ ഇല്ല; ഓ‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്ന് ഹൈക്കോടതി

ഓർഡിനൻസ് പുറപ്പെടുവിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന് ഹർജി പരി​ഗണിച്ച സിം​ഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി.

Kerala HC denied to issue stay order on salary ordinance
Author
Kochi, First Published May 5, 2020, 3:17 PM IST

കൊച്ചി: പ്രതിസന്ധി ഘട്ടങ്ങളിൽ സ‍ർക്കാ‍ർ ജീവനക്കാരുടെ ശമ്പളത്തിൻ്റെ 25 ശതമാനം വരെ പിടിച്ചു വയ്ക്കാൻ സ‍ർക്കാരിന് അധികാരം നൽകുന്ന ഓ‍ർഡിനൻസ് റദ്ദ് ചെയ്യാതെ ഹൈക്കോടതി. ഓർഡിനൻസ് പുറപ്പെടുവിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന് ഹർജി പരി​ഗണിച്ച സിം​ഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി.

സർക്കാർ ഉദ്യോ​ഗസ്ഥരുടെ ശമ്പളം പിടിച്ചെടുക്കുകയല്ല താത്കാലികമായി മാറ്റിവയ്ക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്. നിശ്ചിത സമയത്തിന് ശേഷം അതു തിരിച്ചു നൽകുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് സ്റ്റേ ഓർഡർ നൽകാൻ വിസമ്മതിച്ചു കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി. 

സർക്കാർ ശമ്പളം പിടിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നാണ് ഹർജിയുമായി കോടതിയെ സമീപിച്ച സെറ്റോയും എൻജിഒ സംഘും ചൂണ്ടിക്കാട്ടി. എന്നാൽ യാതൊരു തരത്തിലുള്ള മൗലികാവകാശലംഘനവും ഉണ്ടായിട്ടില്ലെന്നും തത്കാലത്തേക്ക് മാത്രമാണ് ശമ്പളം പിടിക്കുന്നതെന്നും സർക്കാരിന് വേണ്ടി കോടതിയിൽ ഹാജരായ അഡ്വക്കറ്റ് ജനറൽ വിശദീകരിച്ചു. നിലവിലെ പ്രതിസന്ധി മാറിയാൽ പണം തിരികെ കൊടുക്കുമെന്നും എജി വാദിച്ചു. ഇപ്പോൾ പിടിച്ചെടുക്കുന്ന പണം ആരോ​ഗ്യപ്രവർത്തനങ്ങൾക്ക് വേണ്ടി മാത്രമായിരിക്കും ചിലവാക്കുക എന്ന് എജി കോടതിയെ അറിയിച്ചു. 

ആരോ​ഗ്യവകുപ്പിലെ ഉദ്യോ​ഗസ്ഥരുടെ ശമ്പളം പിടിക്കുന്നതെങ്കിലും തടയണമെന്ന് ഹർജിക്കാർ വാദിച്ചെങ്കിലും അത്തരം കാര്യങ്ങളിൽ കോടതിക്ക് സർക്കാരിനെ നിർബന്ധിക്കാൻ സാധിക്കില്ലെങ്കിലും ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാനസർക്കാരാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഇപ്പോൾ പിടിച്ച ശമ്പളം ഏതെങ്കിലും ഘട്ടത്തിൽ തിരികെ കിട്ടിയില്ലെങ്കിൽ ഹർജിക്കാർക്ക് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. 

കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ സ‍ർക്കാ‍ർ ഉദ്യോ​ഗസ്ഥരുടെ ആറ് ദിവസത്തെ ശമ്പളം വീതം അടുത്ത അഞ്ച് മാസത്തെ പിടിക്കാൻ മന്ത്രിസഭാ യോ​ഗം നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനെതിരെ പ്രതിപക്ഷ സ‍ർവ്വീസ് സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചതോടെ ഈ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ജോലി ചെയ്യുന്നവർക്ക് ശമ്പളം ലഭിക്കാൻ അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നേരത്തെ സ‍ർക്കാർ നീക്കം തടഞ്ഞത്. 

ഇതിനു പിന്നാലെയാണ് അസാധാരണ പ്രതിസന്ധിയുണ്ടാവുന്ന സാഹചര്യങ്ങളിൽ സർക്കാർ ജീവനക്കാരുടെ 25 ശതമാനം ശമ്പളം പിടിക്കാൻ സർക്കാരിന് അധികാരം നൽകുന്ന ഓർഡിനൻസ് മന്ത്രിസഭ പാസാക്കിയത്. ഓർഡിനൻസിൽ ​ഗവർണർ ഒപ്പിട്ടതോടെയാണ് പ്രതിപക്ഷ സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചത്. 

Follow Us:
Download App:
  • android
  • ios