കൊച്ചി: കണ്ണൂർ വിമാനത്താവളത്തിൽ സിഎജി ഓഡിറ്റ് നടത്തണമെന്ന കേന്ദ്ര സർക്കാർ നിർദ്ദശം ഹൈക്കോടതി സ്റ്റേ ചെയ്തു. കിയാൽ നൽകിയ ഹ‍ർജിയിലാണ് ഹൈക്കോടതിയുടെ നടപടി. സിഎജി ഓഡിറ്റിംഗിൽ  നിലപാട് അറിയിക്കാൻ  കേന്ദ്ര സർക്കാറിന് ഹൈക്കോടതി നോട്ടീസ് അയച്ചു.

കണ്ണൂർ വിമാനത്താവളത്തിന്‍റെ ഓഹരികളിൽ  സർക്കാർ ഓഹരിയും പൊതുമേഖല കമ്പനികളുടെ ഓഹരിയുമടക്കം 63 ശതമാനം  ഓഹരിയും സർക്കാറിന്‍റെ കൈയ്യിലായതിനാൽ കിയാലിൽ സിഎജി ഓഡിറ്റിംഗ് നടത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസമായിരുന്നു കേന്ദ്ര സർക്കാർ കത്ത് നൽകിയത്. ഓഡിറ്റിംഗിനുള്ള രേഖകൾ കൈമാറിയില്ലെങ്കിൽ കിയാൽ ഡയയറക്ടർമാരായ മന്ത്രിമാരടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു.

പിറകെ കിയാലിൽ ഓഡിറ്റിംഗിനുള്ള നടപടികളുമായി സിഎജി മുന്നോട്ട് പോകാൻ തീരുമാനിച്ചു. ഇതിനെതിരെയാണ് കിയാൽ ഹൈക്കോടതിയെ സമീപിച്ചത്. കണ്ണൂർ വിമാനത്താവളത്തിൽ സർക്കാറിന് നേരിട്ടുള്ള നിക്ഷേപം 35 ശതമാനം മാത്രമാണ്. പൊതുമേഖലാ കമ്പനികളുടെ ഓഹരി സർക്കാർ ഓഹരിയായി കണക്കാക്കാനാകില്ല. വിമാനത്താവളം സ്വാകര്യ മേഖലയിലാണ്.  അതിനാൽ സിഎജി ഓഡിറ്റിംഗ് വേണെന്നാണ് കിയാൽ ഹൈക്കോടതിയെ അറിയിച്ചത്.

 സിഎജിയുടെ ഓഡിറ്റിംഗിനുള്ള തുടർന്നപടികൾ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ കിയാൽ ആവശ്യപ്പെട്ടു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി ഓഡിറ്റിംഗ് അടക്കമുള്ള തുടർന്നടപടികൾ  സ്റ്റേ ചെയ്തു. കേസിൽ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമർപർപ്പിക്കാൻ കേന്ദ്ര സർക്കാറിന് ഹൈക്കോടതി നോട്ടീസ് അയച്ചു. 2016വരെ കണ്ണൂർ വിമാനത്താവള കമ്പനിയിൽ സിഎജി ഓഡിറ്റിംഗ് നടന്നിരുന്നു. എന്നാൽ 2016- 17 ൽ ഓഡിറ്റിംഗിനെത്തിയ സിഎജി ഉദ്യോഗസ്ഥരെ കമ്പനി തടഞ്ഞതോടെയാണ് വിവാദങ്ങൾ തുടങ്ങുന്നത്.