ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്ത ട്രിബ്യൂണൽ ഉത്തരവിനെതിരായ സർക്കാർ അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും. റീനയുടെ സേവന കാലാവധി പൂർത്തിയായി എന്ന് സർക്കാർ വാദിക്കുമ്പോൾ, ഈ സ്ഥലംമാറ്റ വിവാദം ആരോഗ്യവകുപ്പിൽ 'കസേരകളി'ക്കും നിയമസഭയിൽ രാഷ്ട്രീയ പോരിനും വഴിവെച്ചിട്ടുണ്ട്
കൊച്ചി: ആരോഗ്യ വകുപ്പ് ഡയറക്ടർ (ഡി എച്ച് എസ്) ഡോക്ടർ കെ ജെ റീനയുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ പുറപ്പെടുവിച്ച സ്‌റ്റേ ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ ഇന്ന് വിധിയറിയാം. ഇന്നലെ വിശദമായ വാദം കേട്ട ഹൈക്കോടതി ഇന്ന് വിധി പറയാനായി അപ്പീൽ മാറ്റുകയായിരുന്നു. കേസിൽ സർക്കാരിന്റെയും എതിർഭാഗത്തിന്റെയും വിശദമായ വാദങ്ങൾ കേട്ട ശേഷമാണ് കോടതി വിധി പറയാനായി മാറ്റിവെച്ചത്. ഡി എച്ച് എസ് സ്ഥാനത്ത് ഡോ. റീന മൂന്ന് വർഷത്തെ സേവന കാലാവധി പൂർത്തിയാക്കിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഫെബ്രുവരിയിൽ ഇവരുടെ ഡെപ്യൂട്ടേഷൻ കാലാവധി അവസാനിച്ചതാണെന്നും അത് നീട്ടി നൽകിയിട്ടില്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. കൂടാതെ ഡോക്ടർ റീനയെ തരം താഴ്ത്തിയിട്ടില്ല. സമാനമായ പദവി തന്നെയാണ് നൽകിയിട്ടുള്ളത്. സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ അടിയന്തിര സാഹചര്യം കണക്കിലെടുത്താണ് ഡയറക്ടറെ മാറ്റി നിയമിച്ചതെന്നും സർക്കാർ ബോധിപ്പിച്ചു. എന്നാൽ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട വസ്തുതകൾ പരിശോധിക്കേണ്ടത് ട്രൈബ്യൂണൽ ആണെന്നും, ഇടക്കാല ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമുണ്ടോയെന്ന് മാത്രമേ പരിശോധിക്കുകയുള്ളുവെന്നും ഹൈക്കോടതി വ്യക്തമാക്കി. സർക്കാരുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്നും റീനയെ പബ്ലിക് ഹെൽത്ത് ലാബ് ഡയറക്ടർ സ്ഥാനത്തേക്ക് മാറ്റിയത്. റീനയുടെ സ്ഥലം മാറ്റ ഉത്തരവ് സ്റ്റേ ചെയ്ത ട്രൈബ്യൂണൽ ഉത്തരവിനെതിരായ അപ്പീൽ സർക്കാരിനെയും ആരോഗ്യ വകുപ്പിനെയും മന്ത്രിയേയും സംബന്ധിച്ച് നിർണായകമാണ്.
ഡി എച്ച് എസ് കസേരകളി അവസാനിക്കുമോ?
അതേസമയം ആരോഗ്യവകുപ്പ് ഡയറക്ടർ ആസ്ഥാനത്ത് കസേരകളിയുടെ അവസ്ഥയാണ് നിലവിലുള്ളത്. സ്ഥലം മാറ്റത്തിന് സ്റ്റേ നേടിയ ഡോ. റീനയും സർക്കാർ ചുമതല നൽകിയ ഡോ. മീനാക്ഷിയും കഴിഞ്ഞ ദിവസങ്ങളിൽ ഓഫീസിൽ മുഖാമുഖം കസേരകളിൽ തുടരുകയായിരുന്നു. ഡി എച്ച് എസ് സ്ഥാനത്ത് ഇരുന്ന് തൊരപ്പൻ പണി കാണിച്ചത് കൊണ്ടാണ് റീനയെ മാറ്റിയതെന്നായിരുന്നു ആരോഗ്യമന്ത്രി പറഞ്ഞത്. പൂനെയിൽ നിന്നുള്ള നിപ ഫലം അറിഞ്ഞിട്ടും ഡി എച്ച് എസ് സമയത്ത് പറഞ്ഞില്ലെന്നതടക്കമുള്ള വിമർശനമാണ് കെ മുരളീധരൻ മുന്നോട്ട് വച്ചത്. എന്നാൽ നിപ ഫലം അറിയിച്ചില്ലെന്ന ആരോഗ്യമന്ത്രിയുടെ വാദം ഡോ.റീന തള്ളിക്കളഞ്ഞിരുന്നു.
സഭയിലും പോര് രൂക്ഷം
അതേസമയം ആരോഗ്യരംഗത്തെ പ്രതിസന്ധിയെ ചൊല്ലി നിയമസഭയിലും പ്രതിപക്ഷ - സർക്കാർ പോരും രൂക്ഷമാണ്. ആരോഗ്യവകുപ്പിന് കെടുകാര്യസ്ഥതയാണെന്നും പകർച്ചവ്യാധികൾ തടയുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്നും പ്രതിപക്ഷനേതാവ് അടക്കം ഇന്നലെ വിമർശിച്ചിരുന്നു. ആരോഗ്യമന്ത്രിയുടെ പഴയ 'എരണം കെട്ടവൻ' പ്രയോഗം അടക്കം ആയുധമാക്കിയാണ് പ്രതിപക്ഷത്തിന്‍റെ ആക്രമണം. എന്നാൽ 10 വർഷത്തെ റീൽസും 5 വർഷത്തെ 'വീണ' മീട്ടലും മാത്രമാണ് ആരോഗ്യ മേഖലയിലെ പ്രശ്നമെന്നായിരുന്നു മന്ത്രി കെ മുരളീധരന്‍റെ തിരിച്ചടി. സിസ്റ്റത്തെ അംഗീകരിക്കാത്തവർ കസേരയിലുണ്ടാകില്ലെന്നും ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

