Asianet News MalayalamAsianet News Malayalam

പത്തുദിവസത്തിനുളളിൽ മുഴുവൻ അനധികൃത ഫ്ലെക്സ് ബോർഡുകളും നീക്കം ചെയ്യണം; ഹൈക്കോടതി

മുഴുവൻ അനധികൃത ഫ്ലെക്സുകളും കൊടിതോരണങ്ങളും പൊതുയിടങ്ങളിൽ നിന്ന് പത്തുദിവസത്തിനുളളിൽ നീക്കം ചെയ്യണം. തദ്ദേശ സ്ഥാനപന സെക്രട്ടറിമാർക്കാണ് അതിന്‍റെ ഉത്തരവാദിത്വം. 

Kerala high court against illegal flex boards in kerala
Author
Kochi, First Published Feb 27, 2019, 6:57 AM IST

കൊച്ചി: സംസ്ഥാനത്തെ മുഴുവൻ അനധികൃത ഫ്ലെക്സ് ബോർഡുകളും പത്തുദിവസത്തിനുളളിൽ നീക്കം ചെയ്യണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. നിർദേശം അട്ടിമറിച്ചാൽ ഉദ്യോഗസ്ഥർ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് സിംഗിൾ ബെഞ്ച് താക്കീത് നൽകി. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കെ ഫ്ളെക്സ് ബോർഡുകൾ നീക്കാനുളള ഹൈക്കോടതി ഉത്തരവ് രാഷ്ട്രീയ പാർടികൾക്കും തിരിച്ചടിയാകും.

സംസ്ഥാനത്തെ അനധികൃത ഫ്ലെക്സ് ബോർഡുകൾക്കെതിരെ കടുത്ത നിലപാടെടുത്തിട്ടും നടപ്പിലാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. മുഴുവൻ അനധികൃത ഫ്ലെക്സുകളും കൊടിതോരണങ്ങളും പൊതുയിടങ്ങളിൽ നിന്ന് പത്തുദിവസത്തിനുളളിൽ നീക്കം ചെയ്യണം. തദ്ദേശ സ്ഥാനപന സെക്രട്ടറിമാർക്കാണ് അതിന്‍റെ ഉത്തരവാദിത്വം. അനധികൃത ബോർഡുകൾ പത്തുദിവസത്തിനുശേഷവും വഴിവക്കിൽ ശേഷിച്ചാൽ അതത് സെക്രട്ടറിമാരിൽ നിന്ന് പിഴ ഈടാക്കും. 

പിടിച്ചെടുക്കുന്ന ഫ്ലെക്സ് ബോർഡുകൾ പൊതു ഇടങ്ങളിൽ ഉപേക്ഷിക്കുകയോ നശിപ്പിക്കുകയോ ചെയ്യരുത്. ആരോണോ ബോ‍ർഡ് സ്ഥാപിച്ചത് അവരെ തന്നെ തിരിച്ചേൽപിച്ച് പിഴയീടാക്കണം. ക്രിമിനൽ നടപടിച്ചട്ടപ്രകാരം കേസെടുത്ത് പൊലീസും നടപടി തുടങ്ങണം. നടപടികൾ നടക്കുന്നുണ്ടെന്ന് അതത് ജില്ലാ കളക്ടർമാർ ഉറപ്പു നരുത്തണമെന്നും ഉത്തരവിലുണ്ട്. ഉദ്യോഗസ്ഥർ നടപടിയെടുത്തില്ലെങ്കിൽ ഇടപെടാൻ കോടതിക്ക് അറിയാം. എല്ലാ രാഷ്ടീയ പാർടികളും മൽസരിച്ച് ബോർഡുകൾ സ്ഥാപിക്കുകയാണ്. ഒന്നും ചെയ്യാൻ സർക്കാരിനെക്കൊണ്ടാകുന്നില്ലെങ്കിൽ അത് സമ്മതിച്ചുതരണം. 

ബാക്കി തങ്ങൾ നോക്കിക്കൊള്ളാം. ഇതുവഴി ഖജനാവിന് ഉണ്ടാകുന്ന വരുമാന നഷ്ടത്തിന്‍റെ കണക്കുപോലും സർക്കാർ കോടതിക്ക് കൃത്യമായി തരുന്നില്ല. ഇത് മനപൂർ‍വമാണെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. നടപടിയെടുക്കേണ്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാർ ബന്ധിക്കപ്പെട്ട നിലയിലാണ്. അവർക്ക് രാഷ്ട്രീയ ഭീഷണി ഉണ്ട്. ഇതാണോ നവകേരള നി‍ർമാണമെന്നും സർക്കാരിനോട് കോടതി ചോദിച്ചു.

Follow Us:
Download App:
  • android
  • ios