Asianet News MalayalamAsianet News Malayalam

'കൊവിഡ് മാനദണ്ഡം ലംഘിച്ചു, ക്ഷേത്രത്തിൽ വിവേചനം പാടില്ല', രവിപിള്ളയുടെ മകന്റെ വിവാഹച്ചടങ്ങിനെ വിമർശിച്ച് കോടതി

എല്ലാ വിശ്വാസികൾക്കും ഗുരുവായൂരിൽ ഒരേ പോലെ കല്യാണം നടത്താൻ അവകാശം ഉണ്ടെന്ന് കോടതി പറഞ്ഞു. വിശ്വാസികളിൽ ഭരണഘടനാ പദവി ഉള്ളവർ എന്നോ കൂലി പണിക്കാർ എന്നോ ഇല്ല.

kerala high court case on ravi pillai son marriage guruvayur temple decorations
Author
Kochi, First Published Sep 14, 2021, 3:21 PM IST

കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹം നടത്തിയതിൽ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് ഹൈക്കോടതി. കൊവിഡിന്റെ പശ്ചാത്തലത്തിൽ 12 പേർ മാത്രമേ വിവാഹത്തിൽ പങ്കെടുക്കാൻ പാടുള്ളൂ എന്ന നിർദ്ദേശം ഉണ്ടായിട്ടും നിരവധി പേർ പങ്കെടുത്തുവെന്നും വിവാഹത്തിന്‍റെ ദൃശ്യങ്ങളില്‍ വലിയ ആള്‍ക്കൂട്ടം വ്യക്തമാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. 

ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തൽ അലങ്കരിച്ചതിനെതിരെ സ്വമേധയ എടുത്ത കേസ് പരിഗണിക്കവേ കോടതി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. വിവാഹം നടത്തുന്നതിന് വേണ്ടി, ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തൽ ഓഡിറ്റോറിയമാക്കി മാറ്റിയെന്നും കോടതി വിമർശിച്ചു. എല്ലാ വിശ്വാസികൾക്കും ഗുരുവായൂരിൽ ഒരേ പോലെ കല്യാണം നടത്താൻ അവകാശം ഉണ്ടെന്ന് കോടതി പറഞ്ഞു.

വിശ്വാസികളിൽ ഭരണഘടനാ പദവി ഉള്ളവർ എന്നോ കൂലി പണിക്കാർ എന്നോ ഇല്ല. ഇക്കാര്യത്തിൽ എന്തെങ്കിലും വിവേചനം ഉണ്ടായോ എന്ന് പരിശോധിക്കും. മൂന്ന് കല്യാണ മണ്ഡപത്തിൽ ഒന്ന് ഈ കല്യാണത്തിന് മാത്രമായി മാറ്റി വെച്ചോ എന്ന്  ആരാഞ്ഞ കോടതി,  ആ ദിവസം എത്ര കല്യാണം ഉണ്ടായെന്ന് ചോദിച്ചു. 

സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരെ നടപന്തലിൽ കയറ്റിയോ എന്ന് ദൃശ്യങ്ങൾ പരിശോധിക്കവേ കോടതി ആരാഞ്ഞു. എന്നാൽ സുരക്ഷ ഡ്യൂട്ടി നോക്കിയത് ദേവസ്വം ജീവനക്കാർ ആണെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. കല്യാണ വീഡിയോ കോടതി പരിശോധിച്ച കോടതി, കല്യാണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കസ്റ്റഡിയിൽ സൂക്ഷിക്കാനും നിർദ്ദേശം നൽകി. കേസിൽ രവി പിള്ള, തൃശൂർ എസ്പി, സെക്ടറൽ മജിസ്‌ട്രേറ്റ് എന്നിവരെ കോടതി കക്ഷി ചേർത്തു. കേസ് ഒക്ടോബർ 5ന് വീണ്ടും പരിഗണിക്കും. 

സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രനും, കെ ബാബുവും അടങ്ങുന്ന  ബെഞ്ച് സ്വമേധയാ കേസെടുത്തത്. വിവാഹത്തിന് നടപ്പന്തലിൽ കട്ടൗട്ടുകളടക്കം ഉപയോഗിച്ച്‌ അലങ്കരിച്ചുവെന്നായിരുന്നു വാർത്തകൾ. തുടർന്ന് നടപ്പന്തൽ ചട്ടം ലംഘിച്ചു അലങ്കരിക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കി സത്യവാങ്‌മൂലം സമർപ്പിക്കാൻ കോടതി ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്ക് നിർദ്ദേശം നൽകി. ഇതനുസരിച്ച് അഡ്മിനിസ്ട്രേറ്ററുടെ റിപ്പോർട്ട്‌  ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. നടപ്പന്തലൽ പുഷ്പാലങ്കാരത്തിനുമാത്രമാണ് അനുമതിയെന്നും കട്ടൗട്ടുകളും ബോർഡുകളും വയ്‌ക്കാൻ അനുമതി നൽകിയിരുന്നില്ലെന്നുമാണ് അഡ്മിനിസ്ട്രേറ്റർ വിശദീകരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

 


 

Follow Us:
Download App:
  • android
  • ios