കൊച്ചി: എമി​ഗ്രേഷൻ ക്ലിയറൻസ് തേടി സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു സമർപ്പിച്ച ഹർജി പരി​ഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. എറണാകുളത്തെ ലാത്തിച്ചാർജുമായി ബന്ധപ്പെട്ട് കേസെടുത്ത കാര്യം രാജുവിന് അറിയാമായിരുന്നോ എന്ന് കോടതി ചോദിച്ചു. സംഭവത്തിൽ പൊലീസ് നാളെ മറുപടി നൽകണമെന്നും ഹൈക്കോടതി അറിയിച്ചു.

അതേസമയം, രാജുവിനെതിരെ കേസെടുത്തത് ജൂലൈ 23നാണെന്നും പാസ്പോർട്ടിന് അപേക്ഷ ലഭിച്ചത് 24 നാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.

ലാത്തിച്ചാര്‍ജ് വിവാദവുമായി ബന്ധപ്പെട്ട് സിപിഐ വാഴക്കുളം ലോക്കല്‍ കമ്മിറ്റിയംഗം അന്‍സാര്‍ അലിയെ അറസ്റ്റ് ചെയ്തത് പൊലീസിന്‍റെ പ്രതികാര നടപടിയാണെന്ന് കഴിഞ്ഞ ദിവസം പി രാജു ആരോപിച്ചിരുന്നു. എസ് ഐ വിപിന്‍ദാസിനെ സസ്പെന്‍റ് ചെയ്തതിലുള്ള പ്രതികാരമാണ് പൊലീസ് നടപ്പാക്കുന്നതെന്നും നടപടിക്രമങ്ങള്‍ പാലിച്ചല്ല അറസ്റ്റ് എന്നും രാജു ആരോപിച്ചു. അന്‍സാര്‍ അലിയെ കഴിഞ്ഞദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ഞാറയ്ക്കല്‍ സിഐക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സിപിഐ ഐജി ഓഫീസിലേക്ക് മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത് വലിയ വിവാദമായിരുന്നു.  സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു, എൽദോ എബ്രഹാം എംഎൽഎ, സംസ്ഥാന കമ്മിറ്റി അംഗം സുഗതൻ എന്നിവരടക്കം പത്തുപേരാണ് പ്രതിപ്പട്ടികയിലുളളത്.