കൊച്ചി: നഗരത്തിലെ റോഡുകളുടെ തകർച്ചയിൽ ശക്തമായ ഇടപെടലുമായി  ഹൈക്കോടതി. മൂന്ന് ദിവസത്തിനകം റോഡ് ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന്  സിംഗിൾ ബ‌ഞ്ചിന്‍റെ മുന്നറിയിപ്പ്. കനാൽ നന്നാക്കാൻ ഡച്ച് കമ്പനി വന്നത്പോലെ റോഡിലെ കുഴിയടക്കാൻ അമേരിക്കയിൽ നിന്ന് ആളെ കൊണ്ടുവരണമോ എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.

ഹൈക്കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് പരിഗണിക്കുന്നതിനിടയിലാണ് കൊച്ചി നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ  വീണ്ടും ശക്തമായ വിമർശനം ഉണ്ടായത്.  പ്രധാന റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞ് ഗതഗാത യോഗ്യമല്ലാതായിരിക്കുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ ഈ റോഡ് നന്നാക്കാൻ ഇടപെടലുണ്ടാകണമെന്ന്  റോഡുകളുടെ ചുമതലയുള്ള ജിസിഡിഎയ്ക്കും കൊച്ചി കോർപ്പറേഷഷനും ഹൈക്കോടതി നിർദ്ദേശം നൽകി.  

കേരളത്തിൽ നടക്കുന്നത് പുറംലോകം സൂക്ഷമതയോടെ  വീക്ഷിക്കുന്നുണ്ട്. റോഡിന്‍റെ തകർച്ച എല്ലാവർക്കും നാണക്കേടാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കനാൽ നന്നാക്കാൻ ഡച്ച് കമ്പനിക്ക് ടെണ്ടർ നൽകിയത് പോലെ   റോഡിലെ കുഴിയടയക്കാന്‍  ഇനി അമേരിക്കയിൽ നിന്ന് ആള്‍ വരണമായിരിക്കുമെന്നും സിംഗിൾ ബ‌ഞ്ച് പരിഹസിച്ചു. 

മൂന്ന് ദിവസത്തിനകം റോഡുകൾ ഗതാഗത യോഗ്യമായില്ലെങ്കിൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. കോടതി കേസുകൾ പരിഗണിച്ചപ്പോൾ കൊച്ചി കോർപ്പറേഷൻ അഭിഭാഷകൻ ഹാജരായിരുന്നില്ല. ഹൈക്കോടതി വിമർശനം വന്നതിന് പിറകെ കൊച്ചി മേയറുടെ പ്രതികരണവും വന്നു. മഴയാണ് പ്രശനമെന്നായിരുന്നു മേയറുടെ നിലപാട്.കോടതി കർശന മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ ഉടൻ നിർമ്മാണം തുടങ്ങുമെന്നും സൗമിനി ജയിൻ പറഞ്ഞു.

നഗരത്തിലെ കലൂർ,കടവന്ത്ര, തേവര ഫെറി റോഡ്, രവിപുരം റോഡ്, സുഭാഷ് ചന്ദ്രബോസ് റോഡ് എന്നിവയെല്ലാം തകർന്ന് തരിപ്പണമായിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു നേരത്തെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തത്. കൊച്ചി കോർപ്പറേഷൻ അടക്കമുള്ളവരെ എതിർ കക്ഷിയാക്കിയാണ് കേസ് എടുത്തിട്ടുള്ളത്.