യൂത്ത് കോൺഗ്രസ്  പ്രവർത്തകൻ ഷുഹൈബിൻ്റെ വധവുമായി ബന്ധപ്പെട്ട കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടറെ നിയമിക്കുന്നതിൽ ഹൈക്കോടതി സർക്കാരിൻ്റെ മറുപടി തേടി

കണ്ണൂർ: കണ്ണൂരിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകനായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ നടപടികൾ ഹൈക്കോടതി തത്കാലത്തേക്ക് തടഞ്ഞു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തിൽ ആറാഴ്ചക്കകം സർക്കാർ മറുപടി നൽകണം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആകാശ് തില്ലങ്കേരിയടക്കം സിപിഎം പ്രവർത്തകർ പ്രതികളായ കേസാണിത്. നീതി ഉറപ്പാക്കാൻ സ്പെഷൽ പ്രോസിക്യൂട്ടർ വേണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട ഷുഹൈബിന്‍റെ മാതാപിതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യത്തിൽ കുടുംബം കഴിഞ്ഞ മാർച്ചിൽ സർക്കാരിന് കത്ത് നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. ആറാഴ്ചക്കകം മറുപടി നൽകാൻ ചീഫ് സെക്രട്ടറിയോട് നിർദേശിച്ച കോടതി തലശേരി കോടതിയിലെ വിചാരണാ നടപടികൾ തൽക്കാലത്തേക്ക് നിർത്തിവയ്ക്കാനും നി‍ർദേശിച്ചു. 

YouTube video player