Asianet News MalayalamAsianet News Malayalam

ന്യൂനപക്ഷ ക്ഷേമപദ്ധതി അനുപാതം റദ്ദാക്കി; മുസ്ലിം 80%, മറ്റുള്ളവർ 20% എന്നത് പുനർനിശ്ചയിക്കണമെന്നും ഹൈക്കോടതി

ഇപ്പോഴത്തെ ജനസംഖ്യാ അനുസരിച്ച് ഈ അനുപാതം പുനർ നിശ്ചയിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിൽ പറയുന്നു

Kerala high court order on merit cum means of scholarship minority proportion
Author
Kochi, First Published May 28, 2021, 4:55 PM IST

കൊച്ചി: സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണത്തിലെ 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കി. 80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതത്തിലായിരുന്നു ഇതുവരെ ക്ഷേമ പദ്ധതികൾ മുന്നോട്ട് പോയിരുന്നത്. ഈ അനുപാതമാണ് റദ്ദാക്കിയത്.

ഇപ്പോഴത്തെ ജനസംഖ്യാ അനുസരിച്ച് ഈ അനുപാതം പുനർ നിശ്ചയിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിൽ പറയുന്നു. നിലവിലെ അനുപാതം 2015 ലാണ് നിലവിൽ വന്നത്. ചീഫ് ജസ്റ്റിസ് എസ് മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. 

ഏറെക്കാലമായി ക്രൈസ്തവ സഭകൾ ഈ അനുപാതത്തിനെതിരെ രംഗത്തുണ്ടായിരുന്നു. ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജിയാണ് ഉണ്ടായിരുന്നത്. അതിലാണ് ഇന്ന് ഉത്തരവിട്ടിരിക്കുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്താണ് അനുപാതം നിലവിൽ വന്നത്. ക്ഷേമപദ്ധതികൾ നടപ്പിലാക്കുമ്പോൾ അത് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് തുല്യമായ രീതിയിൽ നടപ്പിലാക്കണം. ഏറ്റവും പുതിയ ജനസംഖ്യാ കണക്കനുസരിച്ച് വേണം പുതിയ അനുപാതം ഉണ്ടാക്കാൻ.

ഇപ്പോൾ 18 ശതമാനം ക്രിസ്ത്യാനികളും 27 ശതമാനം മുസ്ലിം വിഭാഗക്കാരുമാണ്. പുതിയ ഉത്തരവ് നിലവിൽ വരികയാണെങ്കിൽ 60:40 എന്ന അനുപാതത്തിലേക്ക് വരും. എന്നാൽ ക്രൈസ്തവ വിഭാഗത്തിലെ പിന്നോക്ക വിഭാഗക്കാരെ മാത്രമാണ് പരിഗണിക്കുന്നതെങ്കിൽ ഏറെക്കുറെ ഇപ്പോഴത്തെ അനുപാതത്തിൽ തന്നെ എത്തിനിൽക്കും. 

യുഡിഎഫ് സർക്കാരിന്റെ നീക്കം ക്രിസ്ത്യൻ സമൂഹത്തെ വലിയ തോതിൽ രോഷാകുലരാക്കിയിരുന്നു. അതിന്റെ ഭാഗമായി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ക്രൈസ്തവ വിഭാഗങ്ങൾ വലിയ വിമർശനം ഉന്നയിച്ചിരുന്നു. കേരളത്തിൽ കഴിഞ്ഞ കാലയളവിൽ സൈബർ പോരുകളിൽ ഈ വിഷയം വലിയ കാരണമായിരുന്നു. 

ഇത്തരമൊരു പശ്ചാത്തലത്തിലാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കെടി ജലീൽ ഭരിച്ചിരുന്ന വകുപ്പാണിത്. സച്ചാർ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ അനുപാതം നടപ്പിലാക്കിയതെന്നായിരുന്നു അദ്ദേഹം ഫെയ്സ്ബുക്കിൽ കഴിഞ്ഞ ദിവസം കുറിച്ചത്. 

പദ്ധതി മുഴുവനായും മുസ്ലിം വിഭാഗത്തിന് വേണ്ടിയുള്ളതായിരുന്നുവെന്നും അതിൽ പിന്നീട് വെള്ളം ചേർക്കുകയായിരുന്നുവെന്നും ഡോ ഫസൽ ഗഫൂർ അഭിപ്രായപ്പെട്ടു. ഇത് ന്യൂനപക്ഷങ്ങൾക്ക് കൊടുത്തിരിക്കുന്ന സ്കോളർഷിപ്പല്ല. അത് വേറെയുണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സച്ചാർ കമ്മീഷൻ റിപ്പോർട്ട് ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയുള്ളതായിരുന്നില്ല, അത് ഇന്ത്യയിലെ മുസ്ലിം സമൂഹങ്ങൾക്ക് വേണ്ടിയുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios