Asianet News MalayalamAsianet News Malayalam

സര്‍ക്കാരിന് തിരിച്ചടി: ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഹൈക്കോടതി സ്റ്റേ ചെയ്തു

കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് ചോദ്യം ചെയ്ത് ഹയര്‍സെക്കന്‍ഡറി അധ്യാപകരും ഹെഡ്മാസ്റ്റര്‍മാരും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സ്റ്റേ.

kerala high court put stay for khader commission report
Author
High Court of Kerala, First Published Jun 17, 2019, 12:12 PM IST

കൊച്ചി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി നല്‍കി ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഹൈക്കോടതി സ്റ്റേ ചെയ്തു. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച തുടര്‍നടപടികളാണ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് ചോദ്യം ചെയ്ത് ഹയര്‍സെക്കന്‍ഡറി അധ്യാപകരും ഹെഡ്മാസ്റ്റര്‍മാരും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സ്റ്റേ. വേണ്ടത്ര മുന്നൊരുക്കങ്ങളോ കൂടിയാലോചനകളോ ഇല്ലാതെയാണ് പരിഷ്കാരം നടപ്പാക്കുന്നതെന്ന ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഇതിനോടകം തന്നെ ഏകീകരണം നടപ്പാക്കുകയും ഒരു പൊതുവിദ്യാഭ്യാസ ഡയറക്ടറെ സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ഹൈക്കോടതി വിധി വരുന്നതോടെ സാധാരണഗതിയില്‍ ഈ പരിഷ്കാരമെല്ലാം അസാധുവാകും. ഹൈക്കോടതി വിധിയില്‍ ഈ നിയമനങ്ങളും പരിഷ്കാരങ്ങള്‍ക്കും കൂടി സ്റ്റേയുണ്ടോ എന്ന കാര്യം വ്യക്തമല്ല. 

നിയമസഭയില്‍ ആലോചിക്കാതെയും സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ക്കാതെയും വിദ്യാഭ്യാസരംഗത്ത് ഇത്ര വലിയ പരിഷ്കരണം കൊണ്ടു വന്ന സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷവും പ്രതിപക്ഷ അധ്യാപകസംഘടനകളും തുടക്കം തൊട്ടെ സമരരംഗത്തുണ്ട്. ഖാദര്‍ കമ്മീഷന്‍ പരിഷ്കാരങ്ങള്‍ക്കെതിരെ അധ്യാപകസംഘടനകള്‍ നടത്തുന്ന സമരങ്ങള്‍ക്ക് യുഡിഎഫ് നേരത്തെ തന്നെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 

സംസ്ഥാനത്തെ പ്ലസ് ടു വരെയുള്ള സ്കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട വിദഗ്ദ്ധ സമിതിയാണ് ഖാദര്‍ കമ്മീഷന്‍. ഡോ.എം.എ ഖാദർ ചെയർമാനും ജി. ജ്യോതിചൂഢൻ, ഡോ. സി. രാമകൃഷ്ണൻ എന്നിവർ അംഗങ്ങളുമായിട്ടാണ് സമിതി രൂപീകരിക്കപ്പെട്ടത്. സർവ ശിക്ഷാ അഭിയാൻ, രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാൻ എന്നിവ ലയിപ്പിച്ച് ഒന്നാക്കാനുള്ള കേന്ദ്ര സർക്കാർ നിര്‍ദേശത്തെ തുടര്‍ന്ന് അവ നടപ്പാക്കുന്നിന് മാര്‍ഗ്ഗനിര്‍ദേശം നല്‍കാനായി ഖാദര്‍ കമ്മീഷന് രൂപം നല്‍കിയത്. 

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ്, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ് എന്നിവ സംയോജിപ്പിച്ച് ഒന്നാക്കുക എന്നതായിരുന്നു ഖാദര്‍ കമ്മീഷന്‍റെ പ്രധാനശുപാര്‍ശ. സംസ്ഥാനത്തെ ഒന്ന് മുതല്‍ പ്ലസ് ടു വരെയുള്ള എല്ലാ ക്ലാസുകളുടേയും നിയന്ത്രണവും ഏകോപനവും സ്കൂൾ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിക്ഷിപ്തമാക്കണമെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു. 

വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുന്നതിന് അധ്യാപകരെ പ്രൊഫഷണലുകളാക്കി മാറ്റണമെന്നും ഇതിൻറെ ഭാഗമായി അധ്യാപക യോഗ്യതകളെല്ലാം ഉയർത്തണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു. വിദ്യാഭ്യാസ സംവിധാനത്തിലെ അടിസ്ഥാന പ്രവർത്തന ഘടകം സ്കൂളായിരിക്കും. ഒരു സ്കൂളിന് ഒരു സ്ഥാപന മേധാവി മാത്രമേ ഉണ്ടാകൂ. 

മുഴുവൻ വൊക്കേഷണൽ ഹയർസെക്കൻററി സ്കൂളുകളും സെക്കൻററി സ്കൂളുകളായി മാറ്റണം. യുപി,ഹൈസ്കൂള്‍,സ്ഥാപന മേധാവികൾ പ്രിൻസിപ്പാൾ എന്ന പേരിൽ ആയിരിക്കണം. പ്രിൻസിപ്പാൾ (സെക്കൻററി), പ്രിൻസിപ്പാൾ (ലോവർ സെക്കൻററി), പ്രിൻസിപ്പാൾ (പ്രൈമറി), പ്രിൻസിപ്പാൾ (ലോവർ പ്രൈമറി) എന്നിങ്ങനെയായിരിക്കും പുനർനാമകരണം.... ഇവയെല്ലാമാണ് ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ മറ്റു പ്രധാന ശുപാര്‍ശകള്‍. 

Follow Us:
Download App:
  • android
  • ios