Asianet News MalayalamAsianet News Malayalam

തിരുവനന്തപുരം മേയർക്ക് എതിരായ പ്രതിഷേധം തടയണമെന്ന നഗരസഭാ ഡെപ്യൂട്ടി മേയറുടെ ഹർജി കോടതി തള്ളി

പോപ്പുലർ ഫ്രണ്ടിൻറെ  മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട കേസിൽ കോർപറേഷൻ എന്തിനാണ് കക്ഷി ചേരുന്നതെന്നും കോടതി ചോദിച്ചു

Kerala high court rejects petition demanding to stop protest against Trivandrum Mayor
Author
First Published Nov 24, 2022, 4:24 PM IST

തിരുവനന്തപുരം: നിയമന വിവാദത്തിൽ തിരുവനന്തപുരം നഗരസഭാ മേയർ ആര്യാ രാജേന്ദ്രനെതിരെ നടക്കുന്ന പ്രതിഷേധം തടയണമെന്ന് ആവശ്യപ്പെട്ട് ഡപ്യൂട്ടി മേയർ സമർപ്പിച്ച ഹർജി കോടതി തള്ളി. പോപുലർ ഫ്രണ്ട് നേരത്തെ സംംഘടിപ്പിച്ച സംസ്ഥാന ഹർത്താലുമായി ബന്ധപ്പെട്ട കേസിൽ കക്ഷി ചേരാനായിരുന്നു ഡപ്യൂട്ടി മേയർ ഹർജി സമർപ്പിച്ചത്. സമരം ചെയ്യാൻ പാടില്ലെന്ന് പറയാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് കേരള ഹൈക്കോടതി ഹർജി തള്ളിയത്. സമരക്കാർ മേയറുടെ ഓഫീസ് പ്രവർത്തനം തടഞ്ഞെന്നും കോർപറേഷന്റേതായ പൊതുമുതൽ നശിപ്പിച്ചെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. പൊതുമുതൽ നശിപ്പിച്ചെങ്കിൽ പ്രത്യേകം ഹർജി നൽകണമെന്ന് ആവശ്യപ്പെട്ടാണ് കോടതി ഇക്കാര്യത്തിൽ ഹർജി തള്ളിയത്. പോപ്പുലർ ഫ്രണ്ടിൻറെ  മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട കേസിൽ കോർപറേഷൻ എന്തിനാണ് കക്ഷി ചേരുന്നതെന്നും കോടതി ചോദിച്ചു.

അതേസമയം കോർപറേഷനിലെ ശുപാർശ കത്ത് വിവാദം അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഇന്ന് മേയർ ആര്യ രാജേന്ദ്രന്‍റെ മൊഴിയെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. തുടർന്ന് ഓഫീസിലെ ജീവനക്കാരെ ചോദ്യം ചെയ്യും. നവമാധ്യമങ്ങള്‍ വഴി പ്രചരിച്ച കത്ത്, കോർപ്പറേഷനിൽ തന്നെ തയ്യാറാക്കിയതാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ആരാണ് ഇത് തയ്യാറാക്കി വാട്സ് ആപ്പ് വഴി അയച്ചതെന്നാണ് കണ്ടേത്തണ്ടത്. ഇതിന് ശാസ്ത്രീയ തെളിവുകള്‍ പൊലീസിന് ശേഖരിക്കേണ്ടിവരും. കേസെടുക്കാൻ വൈകിയതിനാൽ പല പ്രധാന തെളിവുകളും നശിപ്പിക്കപ്പെട്ടിരിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. സംഭവത്തിൽ ക്രൈം ബ്രാഞ്ച് നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയപ്പോള്‍ ആര്യ രാജേന്ദ്രൻെറ മൊഴി രേഖപ്പെടുത്തിയിരുന്നു. ശുപാർശ കത്ത് വ്യാജമാണെന്ന ആര്യ രാജേന്ദ്രൻെറ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ക്രൈം ബ്രാഞ്ച് വ്യാജരേഖ ചമയ്ക്കൽ അടക്കമുള്ള വകുപ്പുകളിൽ കേസെടുത്ത് അന്വേഷണം നടത്തുന്നത്.

Follow Us:
Download App:
  • android
  • ios