നിങ്ങൾ എത്ര ഉന്നതൻ ആയാലും നിയമം അതിനും മുകളിലാണെന്നും കോടതി ഹർജിക്കാരനെ ഓർമ്മിപ്പിച്ചു
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വർണം, ഡോളർ കടത്ത് ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി തള്ളി. എച്ച് ആർ ഡി എസ് സെക്രട്ടറി അജി കൃഷ്ണൻ സമർപ്പിച്ച ഹർജിയാണ് തള്ളിയത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ കോടതിയാണ് ഹർജി തള്ളിക്കൊണ്ട് ഉത്തരവിട്ടത്. ഹർജി നിലനിൽക്കില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദം കോടതി ശരിവെച്ചു. അന്വേഷണം ശരിയായ രീതിയിലല്ല എന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും അന്വേഷണത്തിന് കോടതിയുടെ മേൽനോട്ടം ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് കാണിക്കാൻ തെളിവുകളൊന്നും ഹർജിക്കാരൻ ഹാജരാക്കിയില്ലെന്നതും കോടതി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികളായ കസ്റ്റംസിന്റെയും ഇഡിയുടെയും അന്വേഷണം ശരിയായ ദിശയിലാണ്.
സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ, മുഖ്യമന്ത്രി പിണറായി വിജയൻ,കുടുംബാംഗങ്ങൾ, പി ശ്രീരാമ കൃഷ്ണൻ എന്നിവർക്കെതിരെ അന്വേഷണത്തിന് കസ്റ്റംസ് ,ഇ.ഡി എന്നി ഏജൻസികൾക്ക് നിർദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഉന്നത ഉദ്യോഗസ്ഥർക്കടക്കം കേസിൽ പങ്കുണ്ടെന്ന് സ്വപ്ന സുരേഷും സരിത്തും വ്യക്തമാക്കിയിട്ടും കേന്ദ്ര ഏജൻസികൾ ശരിയായ രീതിയിൽ അന്വേഷിച്ചില്ലെന്നായിരുന്നു ഹർജിയിലെ ആക്ഷേപം.
കേസിൽ വിശദമായ വാദം കേട്ട ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് കസ്റ്റംസ് ഇ ഡി അന്വേഷണം ശരിയായ രീതിയിൽ ആണ് നടക്കുന്നതെന്ന് വ്യക്തമാക്കി.മറുവാദത്തിന് ബലം പകരാൻ തെളിവുകൾ ഒന്നും ഹർജിക്കാരൻ ഹാജർ ആകിയിട്ടില്ല എന്നും കോടതി പറഞ്ഞു.ഡിവിഷൻ ബെഞ്ച് തീർപ്പാക്കിയ കേസിൽ കൂടുതൽ തെളിവുകൾ കോടതിക്ക് മുന്നിൽ എത്താത്തതിനാൽ അന്വേഷണത്തിന് കോടതി മേൽനോട്ടം ആവശ്യമില്ല. അന്വേഷണത്തിനിടെ ഉന്നതർ കുറ്റക്കാരാണെങ്കിൽ അന്വേഷണം നടക്കില്ലെന്ന ആശങ്കയ്ക്ക് അടിസ്ഥാനം ഇല്ല. എത്ര ഉന്നതരായാലും നിയമം അതിന് മുകളിലാണെന്നും കോടതി ഉത്തരവിനിടെ ഓർമിപ്പിച്ചു.
അതേസമയം, ഹർജി നിയമപരമല്ലെന്നായിരുന്നു സർക്കാർ വാദം. സ്വർണക്കടത്ത് കേസിൽ ജാമ്യത്തിലിറങ്ങിയ സ്വപ്ന സുരേഷിന് എച്ച് ആർ ഡി എസ് സംഘടന ജോലിനൽകിയ കാര്യം മറച്ച് വെച്ചാണ് അതിന്‍റെ സെക്രട്ടറിയായ ഹർജിക്കാരൻ കോടതിയെ സമീപിച്ചതെന്നായിരുന്നു അഡ്വക്കേറ്റ് ജനറലിന്‍റെ വാദം. സംസ്ഥാന സർക്കാരിന്റെ ഈ വാദം അംഗീകരിച്ചാണ് മുഖ്യമന്ത്രി ഉൾപ്പടെ ഉള്ളവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയത്.

