ബലാത്സംഗ കുറ്റങ്ങളുമായി ബന്ധപ്പെട്ട നിയമം ലിംഗസമത്വം ഉറപ്പാക്കുന്നില്ലെന്ന് ഹൈക്കോടതി. കുറ്റങ്ങൾ ചുമത്തുന്നതിൽ ലിംഗ വിവേചനം പാടില്ലെന്ന് ഹൈക്കോടതി വാക്കാൽ അഭിപ്രായപ്പെട്ടു
കൊച്ചി: ബലാത്സംഗ കുറ്റങ്ങളുമായി ബന്ധപ്പെട്ട നിയമം ലിംഗസമത്വം ഉറപ്പാക്കുന്നില്ലെന്ന് ഹൈക്കോടതി. കുറ്റങ്ങൾ ചുമത്തുന്നതിൽ ലിംഗ വിവേചനം പാടില്ലെന്ന് ഹൈക്കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. വിവാഹമോചിതരായ ദമ്പതികൾ അവരുടെ കുട്ടിയുടെ സംരക്ഷണത്തെച്ചൊല്ലി നൽകിയ ഹര്‍ജിയിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശമെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു. ബലാത്സംഗ കുറ്റം ലിംഗഭേദമില്ലാതെയാക്കണമെന്നാണ് ജസ്റ്റിസ് എ മുഹമ്മത് മുസ്താഖ് അഭിപ്രായപ്പെടുന്നത്.
കോടതി പരിഗണിച്ച കേസിലെ കക്ഷിയായ ഭര്‍ത്താവ് ഒരിക്കൽ ബലാത്സംഗ കേസിൽ പ്രതിയായിരുന്നു എന്ന കാര്യം എതിര്‍ ഭാഗം കോടതിയിൽ ഉന്നയിക്കുകയായിരുന്നു. എന്നാൽ ഇയാൾക്കെതിരായ കേസ് വ്യാജമായിരുന്നെന്ന് ഭര്‍ത്താവിന്റെ കൗൺസിൽ വാദിച്ചു. ഇയാൾ ഇപ്പോൾ ജാമ്യത്തിലാണെന്നും വ്യാജ വിവാഹ വാഗ്ദാനം നൽകി ലൈംഗികാരോപണം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രസ്തുത ആരോപണമെന്നും ഭർത്താവിന്റെ അഭിഭാഷകൻ വാദിച്ചു.
ഈ ഘട്ടത്തിലായിരുന്നു ഇന്ത്യൻ ശിക്ഷാനിയമത്തിലെ 376-ാം വകുപ്പ് (ബലാത്സംഗ കുറ്റം) ലിംഗസമത്വം ഉറപ്പാക്കുന്നില്ലെന്ന ആശങ്കയിൽ കോടതി വാക്കാലുള്ള പരാമർശം നടത്തിയത്. സെക്ഷൻ 376 -ൽ ലിംഗനീതി ഉറപ്പാക്കുന്ന വ്യവസ്ഥയില്ല, ഒരു സ്ത്രീ പുരുഷന് വ്യാജ വിവാഹ വാഗ്ദാനം നൽകിയാൽ അവര്‍ക്കെതിരെ കേസെടുക്കാൻ കഴിയില്ല. എന്നാൽ അതേ കുറ്റത്തിന് ഒരു പുരുഷനെ പ്രതിയാക്കാം. ഇത് ഏത് തരത്തിലുള്ള നിയമമാണ്?
'സെക്ഷൻ 376 ലിംഗ-നിഷ്പക്ഷ വ്യവസ്ഥയല്ല. ഒരു സ്ത്രീ പുരുഷനെ കബളിപ്പിച്ച് വിവാഹ വാഗ്ദാനം നൽകിയാൽ, അവൾക്കെതിരെ കേസെടുക്കാൻ കഴിയില്ല. എന്നാൽ അതേ കുറ്റത്തിന് ഒരു പുരുഷനെ പ്രതിയാക്കാം. ഇത് ഏത് തരത്തിലുള്ള നിയമമാണ്? ഇത്തരം നിയമങ്ങൾക്ക് ലിംഗഭേദം പാടില്ല'- എന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഐപിസിയിലെ ബലാത്സംഗ കുറ്റത്തിന്റെ നിയമപരമായ വ്യവസ്ഥകൾ ലിംഗ-സമത്വം ഉറപ്പാക്കുന്നവയല്ലെന്ന് ഈ വർഷാദ്യം മറ്റൊരു വിധിന്യായത്തിലും ജസ്റ്റിസ് മുസ്താഖ് സൂചിപ്പിച്ചിരുന്നു.
പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ്; വിജിത് വിജയന്‍റെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി
കോഴിക്കോട്: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ നാലാം പ്രതിയായ വിജിത് വിജയന്‍റെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. എൻഐഎ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. കേസിൽ തെറ്റായി പ്രതിചേർക്കപ്പെട്ടതാണെന്നും എൻ.ഐ.എ അന്വേഷണത്തിൽ മാവോയിസ്റ്റ് ബന്ധം തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടികാട്ടിയായിരുന്നു അപ്പീൽ.
എന്നാൽ വിജിത് വിജയൻ താമസിച്ചിരുന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന രേഖകളും പുസ്തകങ്ങളും കണ്ടെത്തിയതായി എൻ.ഐ.എ ഹൈക്കോടതിയെ അറിയിച്ചു. വിദ്യാഭ്യാസകാലം മുതൽ മാവോയിസ്റ്റ് അനുബന്ധ സംഘടനയായ പാഠാന്തരവുമായി വിജിത് വിജയൻ ബന്ധപ്പെട്ടിരുന്നുവെന്ന് തെളിയിക്കാനുള്ള സാക്ഷിമൊഴികളും കോടതിയിൽ ഹാജരാക്കി.
പ്രതി മാവോയിസ്റ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു എന്ന് വ്യക്തമാക്കുന്ന വസ്തുതകൾ എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട് എന്നു വിലയിരുത്തിയാണ് ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രൻ ,സി. ജയചന്ദ്രൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ജാമ്യ അപ്പീൽ നിരസിച്ചത്.ഇതേ കേസിൽ പ്രതിചേർക്കപ്പെട്ട അലൻ, താഹ എന്നിവർക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചത് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചിരുന്നത്.
