Asianet News MalayalamAsianet News Malayalam

ക്വാറികളുടെ ദൂരപരിധി ഉയർത്തിയുള്ള ഗ്രീൻ ട്രിബ്യൂണൽ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

ജനവാസ കേന്ദ്രങ്ങളിൽ നിന്ന് 50 മീറ്റര്‍ അകലത്തിൽ ക്വാറികൾ അനുവദിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ദേശീയ ഹരിത ട്രൈബ്യൂണൽ റദ്ദാക്കിയിരുന്നു. 100 മുതൽ 200 മീറ്റര്‍ അകലെ മാത്രമേ ക്വാറികൾക്ക് പ്രവര്‍ത്തിപ്പിക്കാവൂ എന്നായിരുന്നു ഗ്രീൻ ട്രൈബ്യൂണൽ ഉത്തരവ്.

Kerala High court stays green tribunal ruling on quarry distance from settlements
Author
Kozhikode, First Published Aug 12, 2020, 8:47 AM IST

കോഴിക്കോട്: ജനവാസ കേന്ദ്രത്തിൽ നിന്നുള്ള ക്വാറികളുടെ ദൂരപരിധി 200 മീറ്ററാക്കിയുള്ള ഹരിതട്രൈബ്യൂണൽ ഉത്തരവിനെതിരെ സംസ്ഥാനസർക്കാർ ഹൈക്കോടതിയെ സമീപിച്ചു. ക്വാറി ഉടമകൾ നൽകിയ സമാനമായ ഹർജിക്ക് പിന്തുണ നൽകിയാണ് സർക്കാരും കോടതിയിലെത്തിയത്. രണ്ടാഴ്ചത്തേക്ക് 50 മീറ്റർ ദൂരപരിധിയെന്ന തൽസ്ഥിതി തുടരാനാണ് കോടതി നിർദ്ദേശം.

ക്വാറി ഉടമകൾ നൽകിയെ ഹർജിയിലാണ് ആദ്യം ഹരിതട്രൈബ്യൂണലിനെതിരെ സർക്കാർ കോടതിയിൽ നിലപാട് വ്യകതമാക്കിയത്. ജനവാസകേന്ദ്രത്തിൽ നിന്ന് 200 മീറ്റർ ദൂരം വേണമെന്ന പുതിയ ഉത്തരവ് അംഗീകരിക്കാനാവില്ല. സർക്കാരിനെ അറിയിക്കാതെയാണ് ട്രൈബ്യൂണൽ തീരുമാനമെടുത്തത് തുടങ്ങിയ കാര്യങ്ങളാണ് സർക്കാരിന് വേണ്ടി അഡി അഡ്വ ജനറൽ കോടതിയെ അറിയിച്ചത്. പിന്നാലെ സർക്കാർ നേരിട്ട് കോടതിയിൽ ഇതേ കാര്യങ്ങൾ ചൂണ്ടിക്കാട്ടി റിട്ട് ഹർജി നൽകി. ദൂരപരിധി 50 മീറ്ററായി കുറക്കണമെന്നാണ് സർക്കാർ നൽകിയ ഹർജിയിൽ പറയുന്നത്.

സംസ്ഥാനത്ത് ഇപ്പോൾ പ്രവർത്തിക്കുന്ന ക്വാറികളിൽ പകുതിയിലേറെയും പ്രവർത്തിക്കുന്നത് ജനവാസകേന്ദ്രങ്ങളിൽ നിന്ന് 50 മീറ്റർ മാത്രം  അകലെയാണ്. ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് നടപ്പാക്കിയാൽ പല ക്വാറികളും അടച്ച് പൂട്ടേണ്ടിവരും. പുതിയ ക്വാറികൾ തുടങ്ങാനും തടസ്സമുണ്ടാകും. 

ക്വാറി ഉടമകളും അദാനി ഗ്രൂപ്പും ഉന്നയിച്ച അതേ ആവശ്യങ്ങൾ തന്നെയാണ് സർക്കാരും ഹർജിയിൽ പറഞ്ഞിരിക്കുന്നത്. അവർ നൽകിയ ഹർജിയിൽ അനുകൂല നിലപാട് അറിയിച്ച ശേഷമാണ് സർക്കാർ തന്നെ ഹരിതട്രൈബ്യൂണലിനെതിരെ ഹർജി നൽകിയിത്. ഇഐഎ കരട് ഉയർത്തിക്കാട്ടി രാജ്യത്ത് പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധമുയർത്തുമ്പോഴാണ് കേരളത്തിൽ സർക്കാർ ഇത്തരമൊരു നീക്കം നടത്തുന്നത്. 

സ്ഫോടനം നടത്തിയുള്ള ക്വാറികൾക്ക് 200 മീറ്ററും സ്ഫോടന മില്ലാതെയുള്ള ഖനനത്തിന് 100 മീറ്റര്‍ അകലവും ജനവാസ മേഖലയിൽ  ഉറപ്പാക്കണമെന്നായിരുന്നു ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ്. 

Follow Us:
Download App:
  • android
  • ios