കാസർകോട്: ഫാഷൻഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുകളിൽ എംസി കമറുദ്ദീൻ എംഎൽഎക്കൊപ്പെം കൂട്ടുപ്രതിയായ ജ്വല്ലറി എംഡി ടി.കെ. പൂക്കോയ തങ്ങളെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ചില സുപ്രധാന വിവരങ്ങൾ കിട്ടിയെന്നും തെളിവുകൾ ശേഖരിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം അറിയിച്ചു. അടുത്ത ദിവസങ്ങളിൽ എംസി കമറുദ്ദീൻ എംഎൽഎയേയും ചോദ്യം ചെയ്യും. അതിനിടെ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള കമറുദ്ദീന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കാസർകോട്, ചെറുവത്തൂർ, ചന്ദേര സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത 87 വഞ്ചന കേസുകളിൽ ജ്വല്ലറി ചെയർമാനായ എംസി കമറുദ്ദീൻ എംഎൽഎക്കൊപ്പം കൂട്ടുപ്രതിയാണ് എംഡി പൂക്കോയ തങ്ങൾ. ശനിയാഴ്ച കാസർകോട്ടെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ്പ, എഎസ്പി വിവേക്‌കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്. 

ജ്വല്ലറിയിലെ ചില ഡയറക്ർമാർ, ജീവനക്കാർ എന്നിവരേയും ചോദ്യം ചെയ്തു. എംഎൽഎ അടക്കമുള്ളവരെ അടുത്ത ദിവസങ്ങളിൽ തന്നെ ചോദ്യം ചെയ്യുമെന്നും കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം അറസ്റ്റടക്കമുള്ള തുടർനടപടികളിലേക്ക് നീങ്ങുമെന്നും അന്വേഷണ സംഘം അറിയിച്ചു. ആഗസ്റ്റ് 27നാണ് നിക്ഷേപകരുടെ പരാതിയിൽ ജ്വല്ലറി ചെയർമാനായ എംസി കമറുദ്ദീൻ എംഎൽഎക്കും എംഡി പൂക്കോയതങ്ങൾക്കുമെതിരെ ആദ്യത്തെ മൂന്ന് വഞ്ചന കേസുകൾ രജിസ്റ്റർ ചെയ്ത്. പിന്നീട് ദിനംപ്രതിയെന്നോണം കേസുകൾ വർധിച്ചു. 

അന്വേഷണ ചുമതല സംസ്ഥാന ക്രൈംബ്രാഞ്ചിലേക്കും പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിനും. എന്നാൽ ഒന്നരമാസമായിട്ടും എംഎൽഎയേയോ പൂക്കോയ തങ്ങളേയോ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യാത്ത പൊലീസ് നിലപാടിൽ വലിയ പ്രതിഷേധം ഉയർന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണസംഘം ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികൾ വേഗത്തിലാക്കിയത്. 

അതേസമയം വഞ്ചനക്കുറ്റം നിലനിൽക്കില്ലെന്നും കേസുകൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എംസി കമറുദ്ദീൻ ഹൈക്കോടതിയിൽ നൽകിയ ഹർജി ഇന്ന് പരിഗണിക്കും. വഞ്ചന നടന്നതിന് തെളിവുകളുണ്ടെന്ന് കാട്ടി പ്രത്യേക അന്വേഷണസംഘം എതിർ സത്യവാങ്മൂലവും നൽകിയിട്ടുണ്ട്