കൊച്ചി: ലൈഫ് ഇടപാടിലെ സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി നാളെ ഉത്തരവ് പുറപ്പെടുവിക്കും. അന്വേഷണം നിയമപരമല്ലെന്നും സിബിഐയുടെ എഫ് ഐ ആർ റദ്ദാക്കണമെന്നുമാണ് ആവശ്യം. സ്വർണക്കടത്തിലടക്കം ആരോപണം നേരിടുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെ കസ്റ്റംസ് നാളെ വീണ്ടും ചോദ്യം ചെയ്യും. സ്വപ്ന സുരേഷ് അടക്കമുളള പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് എൻ ഐ എ കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി.

ലൈഫ് പദ്ധതിക്കായി കേന്ദ്ര സർക്കാർ ചട്ടങ്ങൾ ലംഘിച്ച് വിദേശ സഹായം സ്വീകരിച്ചു എന്ന കുറ്റം ചുമത്തിയാണ് സിബിഐ കേസെടുത്തത്. ലൈഫ് മിഷനെയും കരാറുകാരായ യൂണിടാക്കിനെയും പ്രതിചേർത്തുളള അന്വേഷണം തന്നെ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജിയിലാണ് സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിക്കുക. സർക്കാരിനൊപ്പം യൂണിടാക് ഉടമ സന്തോഷ് ഈപ്പനും കോടതിയെ സമീപിച്ചിരുന്നു. നേരിട്ട് വിദേശ സഹായം കൈപ്പറ്റിയിട്ടില്ലെന്നും പദ്ധതിക്കായി സ്ഥലം അനുവദിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് സംസ്ഥാന സർക്കാർ നിലപാട്. ഹ‍ർജിയിലെ ഉത്തരവ് സംസ്ഥാന സ‍ർക്കാരിനും നി‍ർണായകമാണ്. 

ഇതിനിടെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പിൽ സെക്രട്ടറി എം ശിവശങ്കറോടും നാളെ ഹാജരാകാൻ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. ശിവശങ്കറിന്‍റെ വിദേശ യാത്രകളുടെ രേഖകൾ ഹാജരാക്കാനും നി‍ർദേശിച്ചിട്ടുണ്ട്. സ്വർണക്കളളക്കടത്തിലടക്കം വിവിധ ഏജൻസികൾ പലപ്പോഴായി ചോദ്യം ചെയ്തെങ്കിലും പ്രതിചേർക്കാൻ തക്ക തെളിവുകൾ ശിവശങ്കറിനെതിരെ കിട്ടിയിരുന്നില്ല. കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സരിത് അടക്കമുളളവ‍ർ നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കൊച്ചിയിലെ എൻ ഐ എ കോടതി വ്യാഴാഴ്ചത്തേക്കാണ് മാറ്റിയത്. എൻ ഐ എ തന്നെ ആവശ്യപ്പെട്ടപ്രകാരമാണ് നടപടി. 

എൻഫോഴ്സ്മെന്‍റ് കേസിൽ നാലാം പ്രതി സന്ദീപ് നായരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നാളത്തേക്ക് മാറ്റി. തന്‍റെ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ മൊഴിയുടെ പകർപ്പ കൈമാറാനാകില്ലെന്ന് കോടതിയെ കസ്റ്റംസ് അറിയിച്ചു.