കോഴിക്കോട്: പിണറായി സര്‍ക്കാര്‍ അഭിമാന പദ്ധതിയായി അവതരിപ്പിച്ച കോവളം-ബേക്കല്‍ സംസ്ഥാന ജലപാത നിര്‍മ്മാണത്തില്‍ മെല്ലെപ്പോക്ക്. 2020ൽ പാതയുടെ ഒന്നാംഘട്ടം പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും പലയിടത്തും പ്രാരംഭ പ്രവൃത്തികള്‍ പോലും നടന്നിട്ടില്ല. പാത തയ്യാറായ ഭാഗങ്ങളില്‍ ബോട്ടിറക്കണമെങ്കിൽ ചെയ്തതെല്ലാം വീണ്ടും ചെയ്യേണ്ട സ്ഥിതിയാണ്.

കോവളം മുതല്‍ ബേക്കല്‍ വരെ ജലമാര്‍ഗ്ഗം സഞ്ചരിക്കാന്‍ കഴിയുന്ന പാത. കേന്ദ്ര സര്‍ക്കാര്‍ സഹകരണത്തോടെ മൂന്ന് ഘട്ടമായി പദ്ധതി പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിന്‍റെ ആദ്യഘട്ടമായി കോവളം മുതൽ ബേക്കൽ വരെയുള്ള കനാൽ ശുചീകരണ, നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 2020ൽ ഒന്നാംഘട്ടം പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഈ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ ചെയ്യേണ്ടിയിരുന്ന അടിസ്ഥാന പ്രവൃത്തികള്‍ പോലും പലയിടത്തുമായിട്ടില്ല.

കോവളം മുതല്‍ ബേക്കല്‍ വരെയുളള 620 കിലോമീറ്റര്‍ ജലപാതയില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കേണ്ടത് 292 കിലോമീറ്റര്‍ പാത. കോവളം മുതല്‍ കൊല്ലം വരെയുളള 74 കിലോമീറ്ററും കോഴിക്കോട് മുതല്‍ ബേക്കൽ വരെയുള്ള 218 കിലോമീറ്ററും. കൊല്ലം മുതല്‍ കോഴിക്കോട് വരെയുള്ള 328 കിലോമീറ്റര്‍ ദേശീയ ജലപാതയാണ്. ഇതിന്‍റെ നിര്‍മ്മാണം നടത്തേണ്ടത് കേന്ദ്ര സര്‍ക്കാരും. 

പദ്ധതി യാഥാര്‍ത്ഥ്യമാക്കാനായി മുഖ്യമന്തി ചെയർമാനായി കേരള വാട്ടർവേയ്സ് ഇൻഫ്രാസ്ട്രെക്ച്ചേഴ്സ് ലിമിറ്റഡ് ബോർഡ് എന്ന ഏജന്‍സിക്ക് സര്‍ക്കാര്‍ രൂപം നല്‍കി. രണ്ട് വർഷങ്ങളിലായി 134 കോടി രൂപ വകയിരുത്തുകയും ചെയ്തു. ഈ തുക കൊണ്ട് തിരുവനന്തപുരത്ത് പാര്‍വതി പുത്തനാറും കോഴിക്കോട്ട് കനോലി കനാലുമെല്ലാം ചെളി മാറ്റി നവീകരിച്ചെങ്കിലും പിന്നീട് കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. മാഹി മുതല്‍ വളപട്ടണം വരെയുളള ഭാഗത്ത് പുതിയ മൂന്നു കനാലുകള്‍ നിര്‍മിക്കണം. ഇതിന്‍റെ സ്ഥലം ഏറ്റെടുപ്പ് തുടങ്ങിയിട്ടേ ഉളളൂ. കൂടാതെ നീലേശ്വരം ചിറ്റാറി പുഴയോട് ചേർന്ന് കനാൽ നിർമ്മിക്കാനുള്ള പ്രവർത്തനങ്ങളും എങ്ങുമായിട്ടില്ല.

അതേസമയം, 250 കോടി രൂപ ചെലവിട്ട് കേന്ദ്രസര്‍ക്കാരിനു കീഴിയുളള ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വിഭാഗം നടത്തുന്ന ദേശീയ ജലപാത നിർമ്മാണം അവസാന ഘട്ടത്തിലാണ്. ഈ പദ്ധതിക്കു കീഴില്‍ ഇനി 1.2 കിലോമീറ്റർ ദൂരം മാത്രമെ പൂര്‍ത്തിയാക്കാനുളളൂ.