Asianet News MalayalamAsianet News Malayalam

സിദ്ദിഖ് കാപ്പന് ജാമ്യം നൽകണമെന്ന് ആവശ്യം; കേരള പത്രപ്രവര്‍ത്തക യൂണിയൻ നൽകിയ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

46 ദിവസമായി മഥുര ജയിലിൽ കഴിയുകയാണ് സിദ്ദിഖ് കാപ്പൻ. കഴിഞ്ഞ തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോൾ യുപി സര്‍ക്കാരിനോടും പൊലീസിനോടും മറുപടി നൽകാൻ കോടതി നിര്‍ദ്ദേശിച്ചിരുന്നു. 

kerala journalist siddique kappan bail plea in sc today
Author
Delhi, First Published Nov 20, 2020, 10:33 AM IST

ദില്ലി: ഹാഥ്റസിലെ ബലാത്സംഗ കൊലപാതക കേസ് റിപ്പോര്‍ട്ട് ചെയ്യാൻ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയൻ നൽകിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോൾ യുപി സര്‍ക്കാരിനോടും പൊലീസിനോടും മറുപടി നൽകാൻ കോടതി നിര്‍ദ്ദേശിച്ചിരുന്നു. സിദ്ദിഖ് കാപ്പനെ കാണാൻ അഭിഭാഷകനെ അനുവദിക്കുന്നില്ല, കുടുംബാംഗങ്ങളുമായി സംസാരിക്കാൻ അനുവദിക്കുന്നില്ല തുടങ്ങിയ വിഷയങ്ങൾ കൂടി പത്രപ്രവര്‍ത്തക യൂണിയൻ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.

46 ദിവസമായി മഥുര ജയിലിൽ കഴിയുകയാണ് സിദ്ദിഖ് കാപ്പൻ. കഴിഞ്ഞ ഒക്ടോബർ അഞ്ചിനാണ് ഹാഥ്റസിലേക്ക് മറ്റ് മൂന്ന് പേരുമായി യാത്രചെയ്യവേയാണ് സിദ്ദിഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. മധുരയിലെ മാന്ദ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റര്‍ ചെയ്ത കേസിൽ പിന്നീട് യുഎപിഎ, രാജ്യദ്രോഹം തുടങ്ങിയ വകുപ്പുകൾ ചുമത്തി. ഹാഥ്റസ് കൊലപാതകത്തെ തുടര്‍ന്ന് ജാതി സ്പര്‍ദ്ധ വളര്‍ത്തി കലാപം ഉണ്ടാക്കാൻ ചിലര്‍ ശ്രമിച്ചു എന്ന കേസ് കഴിഞ്ഞ മാസം നാലിനും രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ഒന്നരമാസത്തോളമായി പൊലീസ് കസ്റ്റഡിയിലാണ് കാപ്പൻ. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് കെയുഡബ്ല്യുജെയ്ക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരാകുന്നത്. 

Follow Us:
Download App:
  • android
  • ios