Asianet News MalayalamAsianet News Malayalam

കാബൂളിൽ 27 പേർ കൊല്ലപ്പെട്ട ചാവേറാക്രമണം നടത്തിയത് കാസർകോട് സ്വദേശിയെന്ന് ഡിഎൻഎ ഫലം

കഴിഞ്ഞ മാർച്ചിൽ നടന്ന ചാവേറാക്രമണത്തിൽ 27 പേർ മരിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലുള്ള തീവ്രവാദ സംഘത്തിന്റെ ഭാഗമായിരുന്നു മുഹ്സീനെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

Kerala kasargod native behind Kabul Gurudwara attack DNA confirms
Author
Delhi, First Published Aug 15, 2020, 4:00 PM IST

ദില്ലി: അഫ്‌ഗാനിസ്ഥാനിലെ കാബൂൾ ഗുരുദ്വാര ആക്രമണത്തിന് പിന്നിൽ മലയാളിയെന്ന് റിപ്പോർട്ട്. തൃക്കരിപ്പൂർ സ്വദേശി മുഹമ്മദ് മുഹ്സീനെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചു. ഇത് സ്ഥിരീകരിക്കുന്നതിനായി പരിശോധനക്ക് വേണ്ടി മുഹ്സീന്റെ ബന്ധുക്കളുടെ ഡിഎൻഎ ശേഖരിച്ചിരുന്നു. പരിശോധന ഫലം എൻഐഎക്ക് കൈമാറിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ മാർച്ചിൽ നടന്ന ചാവേറാക്രമണത്തിൽ 27 പേർ മരിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലുള്ള തീവ്രവാദ സംഘത്തിന്റെ ഭാഗമായിരുന്നു മുഹ്സീനെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ചാവേറിന്റെ മൃതാവശിഷ്ടത്തിൽ നിന്നും ടിഷ്യു ഉപയോഗിച്ച് ശേഖരിച്ച ഡിഎൻഎയും മുഹ്സിന്റെ മാതാവ് മൈമുന അബ്ദുള്ളയുടെ ഡിഎൻഎയും തമ്മിൽ ദില്ലിയിലെ സെൻട്രൽ ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ പരിശോധിച്ചു. റിപ്പോർട്ട് ഒരാഴ്ച മുൻപ് എൻഐഎക്ക് കൈമാറിയെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. എന്നാൽ എൻഐഎ ഇക്കാര്യത്തിൽ യാതൊരു സ്ഥിരീകരണവും നടത്തിയിട്ടില്ല.

കാസർകോട് ജില്ലയിലെ തൃക്കരിപ്പൂരിൽ 1991 ലാണ് മുഹ്സിന്റെ ജനനം. സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം മലേഷ്യയിലെ ക്വാലാലംപൂരിലേക്ക് തൊഴിൽ അന്വേഷിച്ച് പോയി. അവിടെ നിന്ന് പിന്നീട് ജോലി നേടി ദുബൈയിലേക്ക് വന്നു. 2018 വരെ ഇവിടെയായിരുന്നു താമസിച്ചിരുന്നത്. മുൻ കശ്മീർ ഭീകരൻ ഐജാസ് അഹാങ്കീറിന്റെ ഭീകര സംഘത്തിന്റെ ഭാഗമാകാനായി പിന്നീട് അഫ്ഗാനിസ്ഥാനിലേക്ക് പോയി. 

ഏപ്രിൽ മാസത്തിലാണ് കാബൂൾ ഗുരുദ്വാര ചാവേറാക്രമണ കേസിൽ എൻഐഎ കേസെടുത്തത്. 2016 ൽ അബ്ദുൾ റാഷിദ് അബ്ദുള്ളയോടൊപ്പം അഫ്ഗാനിസ്ഥാനിലേക്ക് കടന്ന 26 അംഗ മലയാളി സംഘത്തെ കുറിച്ചടക്കം എൻഐഎ അന്വേഷണം നടത്തുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios