Asianet News MalayalamAsianet News Malayalam

ഒടുവിൽ നിയമസഭാ സമിതിയും വിധിച്ചു, അത് വനഭൂമിയല്ല, കാഞ്ഞിരത്തിനാൽ ജോ‍ർജിന്റേത് തന്നെ

അടിയന്തരാവസ്ഥ കാലത്ത് വനം വകുപ്പ് പിടിച്ചെടുത്ത ഭൂമി തിരികെ കിട്ടാൻ ഒരു കുടുംബം നടത്തിയ 44 വർഷങ്ങൾ നീണ്ട പോരാട്ടം. ആ പോരാട്ടത്തിൽ ഒറ്റപ്പെട്ടുപോയവർ...നീതി വീണ്ടും അവരിലേക്കെത്തുമോ?

kerala legislature petition committe  submitts report on kanjirathinal land issue
Author
Wayanad, First Published Sep 30, 2019, 11:58 PM IST

വയനാട്: വയനാട് കോറോത്ത് വനംവകുപ്പ് ഏറ്റെടുത്ത ഭൂമി കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് വിട്ടു നൽകാമെന്ന് ശുപാർശ ചെയ്ത് നിയമസഭാ സമിതി. വനഭൂമിയല്ലാത്തതിനാൽ ഭൂമി കുടുംബത്തിന് തന്നെ വിട്ടു നൽകാമെന്ന് ശുപാർശ ചെയ്യുന്ന റിപ്പോർട്ട് നിയമസഭാ പെറ്റീഷൻസ് കമ്മിറ്റി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ഇനി സർക്കാരിന്റെയും കോടതിയുടെയും നിലപാട് ആകും നിർണായകമാകുക. തങ്ങളുടെ 12 ഏക്കർ ഭൂമി വനംവകുപ്പ് ഏറ്റെടുത്തത് നിയമവിരുദ്ധമാണെന്ന് കാട്ടി കഞ്ഞിരത്തിനാൽ കുടുംബാംഗമായ ജെയിംസ് വയനാട് കളക്ടറേറ്റിൽ സമരം തുടങ്ങിയിട്ട് 1500 ദിവസം പിന്നിടുമ്പോഴാണ് ആശ്വാസ വാർത്തയെത്തുന്നത്. 

44 വർഷങ്ങൾ നീണ്ട പോരാട്ടത്തിന്റെ കഥ ഇങ്ങനെ...

 

കാഞ്ഞിരത്തിനാൽ കുടുംബം വയനാട് കാഞ്ഞിരങ്ങാട് വില്ലേജിൽ വില കൊടുത്ത് വാങ്ങിയ 12 ഏക്കർ കൃഷിഭൂമി വനംവകുപ്പ് 1975ൽ അന്യായമായി ഏറ്റെടുതെന്നാരോപിച്ചാണ് കുടുംബം നീതിയ്ക്കായി പോരാട്ടം തുടങ്ങിയത്. കാഞ്ഞിരത്തിനാല്‍ ജോര്‍ജ്, ജോസ് സഹോദരങ്ങള്‍ 1967 ല്‍ കുട്ടനാട് കാര്‍ഡമം കമ്പനിയില്‍ നിന്ന് വിലയ്ക്കുവാങ്ങിയ കൃഷിയിടമാണ്  മദ്രാസ് പ്രിസര്‍വേഷന്‍ ഓഫ് പ്രൈവറ്റ് ഫോറസ്റ്റ് ആക്ടിന്റെ പരിധിയില്‍ വരുന്നതെന്ന് കാട്ടി 1975ല്‍ വനം വകുപ്പ് പിടിച്ചെടുത്തത്.

2010 ഒക്ടോബര്‍ 21ന് ഇത് വനഭൂമിയായി വനംവന്യജീവി വകുപ്പ് വിജ്ഞാപനം ചെയ്യുകയും ചെയ്തു. ഒടുവിൽ സ്വന്തം ഭൂമിയിൽ കയ്യേറ്റക്കാരാക്കി അവർ തെരുവിലേക്കിറക്കപ്പെട്ടു. 2015 ഓഗസ്റ്റ് 15ന്  വയനാട് കളക്ട്രേറ്റിന് മുന്നിൽ കുടുംബം അതിജീവനത്തിനുള്ള സമരം തുടങ്ങി. പക്ഷെ താൻ വില കൊടുത്തു വാങ്ങിയ ഭൂമി കാട് കയറിക്കിടക്കുന്നത് കണ്ട് അനാഥാലയത്തിൽ കിടന്ന് മരിക്കാനായിരുന്നു ജോർജിന്റെ വിധി. ജോർജിന്റെ അതേ വഴിയിൽ തന്നെയായിരുന്നു ഭാര്യ ഏലിക്കുട്ടിയുടെ മരണവും. 

പ്രതിസന്ധിയായത് നിയമക്കുരുക്ക്

 

ഭൂമി സംബന്ധിച്ച് മാനന്തവാടി സബ്കളക്ടറായിരുന്ന സാംബശിവറാവു അധ്യക്ഷനായ മൂന്നംഗ സമിതി സര്‍ക്കാരിനു സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടുകൾ വനംവകുപ്പിന് എതിരായിരുന്നു. കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു ഭൂമി വിട്ടുകൊടുത്ത് 2007ല്‍ വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഉത്തരവും ആയി. ഇതേത്തുടര്‍ന്നു കാഞ്ഞിരത്തിനാല്‍ കുടുംബം കാഞ്ഞിരങ്ങാട് വില്ലേജ് ഓഫീസില്‍ ഭൂനികുതിയും അടച്ചു.

എന്നാല്‍ ഭൂമിയില്‍ കൃഷിയിറക്കുന്നതിനായി വൃക്ഷങ്ങള്‍ മുറിച്ചുമാറ്റുന്നതിനു നല്‍കിയ അപേക്ഷ വനം വകുപ്പ് നിഷേധിച്ചു. ഭൂമി വിട്ടുകൊടുത്തതിനെതിരെ തൃശൂരിലെ ഒരു പരിസ്ഥിതി സംഘടന ഹൈക്കോടതിയെ സമീപിച്ചു. 1985ലെ ഫോറസ്റ്റ് ട്രിബ്യൂണല്‍ വിധിയുടെ ചുവടുപിടിച്ചും വനഭൂമിയില്‍ വനേതര പ്രവര്‍ത്തനങ്ങള്‍ തടയണമെന്നാവശ്യപ്പെട്ടുമായിരുന്നു പരിസ്ഥിതി സംഘടനയുടെ ഹർജി.

കാഞ്ഞിരത്തിനാല്‍ കുടുംബം അവരുടേതെന്നു പറയുന്നതു വനഭൂമിയല്ലെന്നു വ്യക്തമാക്കുന്ന പോലീസ്, റവന്യൂ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിട്ടും കോടതിയില്‍ സര്‍ക്കാര്‍ ലഭ്യമാക്കാത്ത സാഹചര്യത്തില്‍ കേസില്‍ പരിസ്ഥിതി സംഘടനയ്ക്കു അനുകൂലമായിരുന്നു വിധി. കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു മുന്നില്‍ നീതിയുടെ വാതിലുകള്‍ ഒന്നൊന്നായി അടഞ്ഞപ്പോഴാണ് ഹരിതസേനയും പിന്നാലെ കര്‍ഷകസംഘവും നിയമസഭാ പെറ്റീഷന്‍സ് കമ്മിറ്റിയെ സമീപിച്ചത്.

ഇനി എന്ത്?

 

നിയമസഭാ പെറ്റീഷന്‍സ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ തീരുമാനമെടുത്ത് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചാൽ കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു ഭൂമി തിരികെ കിട്ടുന്നതിന് വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷ. ഹരിതസേന സംസ്ഥാന ചെയര്‍മാന്‍ അഡ്വ.വി.ടി.പ്രദീപ്കുമാറിന്റെയും കര്‍ഷക സംഘം വയനാട് ജില്ലാ പ്രസിഡന്റ് പി.കെ. സുരേഷിന്റെയും ഹർജികളുടെ അടിസ്ഥാനത്തില്‍ നിയമസഭാ പെറ്റീഷന്‍സ് കമ്മിറ്റി ചെയര്‍മാന്‍ കെ.ബി.ഗണേഷ്‌കുമാര്‍, അംഗങ്ങളായ സി.കെ.ശശീന്ദ്രന്‍, പി.ഉബൈദുല്ല, വി.പി.സജീന്ദ്രന്‍, ആര്‍.രാമചന്ദ്രന്‍ എന്നിവര്‍ ആണ് വിവാദഭൂമിയിൽ പരിശോധനയും തെളിവെടുപ്പും നടത്തിയത്. ഓഗസ്റ്റ് രണ്ടിനായിരുന്നു പരിശോധന. തെളിവെടുപ്പിൽ ബോധ്യപ്പെട്ട കാര്യങ്ങള്‍ക്കു പുറമേ മാനന്തവാടി ആര്‍.ഡി.ഒ എന്‍.എസ്.കെ. ഉമേഷ് സമര്‍പ്പിച്ച റിപ്പോര്‍ട്ടും പരിഗണിച്ച് തയാറാക്കിയ റിപ്പോര്‍ട്ടാണ് പെറ്റിഷന്‍സ് കമ്മിറ്റി സര്‍ക്കാരിനു സമര്‍പ്പിച്ചിരിക്കുന്നത്. 

പതിവ് പോലെ സാങ്കേതികത്വത്തിൽ തട്ടി  കുടുംബത്തിന് ലഭിക്കേണ്ട നീതി അകലെയാകുമോ എന്നാണ് ഇനി അറിയേണ്ടത്. കോടതിയെങ്കിലും കനിവ് കാട്ടുമോ? കാത്തിരിക്കാം നീതി പുലരുന്ന ആ ദിവസത്തിനായി...


 

Follow Us:
Download App:
  • android
  • ios