തിരുവനന്തപുരം: നിയമന വിവാദങ്ങൾക്കിടെ ലൈബ്രറി കൗൺസിലിന് കീഴിലെ 47 താത്കാലിക ജീവനക്കാരെ മുൻകാല പ്രാബല്യത്തോടെ സ്ഥിരപ്പെടുത്തി ഉത്തരവിറക്കി. സംസ്ഥാന ലൈബ്രറി കൗൺസിലാണ് ഉത്തരവിറക്കിയത്. ലൈബ്രറി കൗൺസിലിലെ നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ടെങ്കിലും ചട്ടം ഇറങ്ങിയില്ലെന്ന വാദം നിരത്തിയാണ് നിയമനം നടത്തിയത്.

സിപിഎം അനുകൂലികളായവരുടെ നിയമനമാണ് സ്ഥിരപ്പെടുത്തിയത്. ഈ മാസം 20 നാണ് 47 താത്കാലിക ജീവനക്കാരെ സിഥിരപ്പെടുത്തിക്കൊണ്ടു  സർക്കാർ ഉത്തരവ് ഇറക്കിയത്. 41 എൽഡി ക്ലർക്കുമാരെയും 6 അറ്റൻഡർമാരെയുമാണ് സ്ഥിരപ്പെടുത്തിയത്. ഇതിൽ 26 പേർക്ക് 2011 മുതൽ മുൻകാലപ്രാബല്യത്തോടെയും 21 പേരെ ഈ മാസം മുതലും സ്ഥിരം തസ്തികകളിൽ നിയമിക്കും. കുടിശ്ശിക തന്നെ എട്ടുകോടിയോളും രൂപ നൽകേണ്ടിവരും. ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതോടെ കൗൺസിലിന് പ്രതിവർഷം രണ്ട് കോടിയോളും രൂപ അധിക ചെലവും വേണം.

വിഎസ് അച്യുതാനന്ദൻ സർക്കാറിൻറെ കാലത്ത് താൽക്കാലിക ജീവനക്കാർക്ക് സ്ഥിരം നിയമനം നൽകാൻ തീരുമാനിച്ചെങ്കിലും പിന്നീട് വന്ന ഉമ്മൻചാണ്ടി സർക്കാർ ഇത് റദ്ദാക്കി. താൽക്കാലിക ജീവനക്കാർക്ക് തുടരാൻ ഹൈക്കോടതി ഉത്തരവുണ്ടായെങ്കിലും ഇതിനെതിരെ സർക്കാർ റിട്ട് ഹർജി സമർപ്പിച്ചു. ഇതിനിടെ നിയമനങ്ങൾ പിഎസ്‌സിക്ക് വിടാനും സർക്കാർ തീരുമാനിച്ചു. പക്ഷെ പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ റിട്ട് ഹർജി പിൻവലിക്കുകയായിരുന്നു. നിയമനം പിഎസ് സിക്ക് വിട്ടെങ്കിലും റിക്രൂട്ട്മെൻറ് റൂൾസ് രൂപീകരിച്ചില്ലെന്നും ദീർഘനാൾ ജോലിചെയ്തതടക്കം പരിഗണിച്ചാണ് തീരുമാനമെന്നും  ലൈബ്രറി കൗൺസിൽ സെക്രട്ടറി പി അപ്പുക്കുട്ടൻ ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചത്.