Asianet News MalayalamAsianet News Malayalam

'കേരളത്തിന്റെ ധൂർത്ത് അനുവദിക്കാനാവില്ല' വായ്പാ പരിധി വെട്ടിക്കുറച്ചതിൽ വി മുരളീധരൻ

കേന്ദ്ര സർക്കാരിന്റെ നിലപാടിനെ വിമർശിക്കുന്നവർ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്തണമെന്നും കേന്ദ്ര സഹമന്ത്രി

Kerala loan limit reduced after detailed study says V Muralidharan kgn
Author
First Published May 29, 2023, 12:18 PM IST

ദില്ലി: കേരളത്തിന്റെ വായ്പാ പരിധി കേന്ദ്രസർക്കാർ വെട്ടിക്കുറച്ചതിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ വിശദീകരണം. കേന്ദ്രസർക്കാർ തീരുമാനം വിശദമായ പഠനങ്ങൾക്ക് ശേഷമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ധൂർത്ത് കേന്ദ്ര സർക്കാരിന് അനുവദിക്കാനാകില്ലെന്നും കേന്ദ്ര സർക്കാരിന്റെ നിലപാടിനെ വിമർശിക്കുന്നവർ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനങ്ങൾക്കെടുക്കാവുന്ന വായ്പ പരിധി ഓരോ സാമ്പത്തിക വര്‍ഷത്തിന്റേയും തുടക്കത്തിൽ കേന്ദ്ര സര്‍ക്കാരാണ് നിശ്ചയിച്ച് നൽകുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ 32440 കോടി രൂപ പരിധി കേന്ദ്രസർക്കാർ കേരളത്തിന് നേരത്തേ നിശ്ചയിച്ച് നൽകിയിരുന്നു. എന്നാൽ വായ്പ എടുക്കാൻ അനുമതി നൽകിയത് 15390 കോടി രൂപയ്ക്ക് മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇത് 23000 കോടി രൂപയായിരുന്നു. അതായത് കഴിഞ്ഞ വര്‍ഷത്തെ കണക്ക് വച്ച് നോക്കിയാൽ വീണ്ടും 8000 കോടിയുടെ കുറവാണ് വായ്പാ പരിധിയിൽ ഉണ്ടായിരിക്കുന്നത്.

കിഫ്ബി പദ്ധതി നടത്തിപ്പിന് വേണ്ടിയെടുത്ത വായ്പകളും വിവിധ  പൊതുമേഖലാ സ്ഥാപനങ്ങളെടുത്ത വായ്പയുമെല്ലാം സംസ്ഥാനത്തിന്റെ മൊത്തം ബാധ്യതയായി കണക്കാക്കിയാണ് വായ്പാ പരിധിയിൽ കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം. 2023 ഡിസംബര്‍ വരെയുള്ള ഒമ്പത് മാസം എടുക്കാവുന്ന വായ്പ തുകക്ക് അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ നേരത്തേ തന്നെ കേന്ദ്ര സർക്കാരിനെ ബന്ധപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയിലാണ് നടപ്പ് സാമ്പത്തിക വര്‍ഷം ആകെ എടുക്കാവുന്ന തുക സംബന്ധിച്ച് കേന്ദ്രത്തിന്റെ അറിയിപ്പ്. ക്ഷേമ പെൻഷൻ വിതരണം അടക്കമുള്ള കാര്യങ്ങൾ നിലവിൽ തന്നെ ഗുരുതര പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന് ഇത് വലിയ തിരിച്ചടിയാണ്. വായ്പാ പരിധിയിൽ പകുതിയോളം കുറഞ്ഞതോടെ സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക നില കൂടുതൽ പരുങ്ങലിലാകുമെന്നാണ് കരുതുന്നത്.

Follow Us:
Download App:
  • android
  • ios