കണ്ണൂര്‍ ആറളം പഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം എന്താകുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്. ഭരണം നിലനിര്‍ത്താന്‍ എല്‍ഡിഎഫും പിടിച്ചടക്കാന്‍ യുഡിഎഫും മത്സരിച്ചതോടെ വാശിയേറിയ പ്രചാരണമാണ് വാര്‍ഡില്‍ നടന്നത്

കണ്ണൂര്‍: സംസ്ഥാനത്തെ 15 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം ഇന്നറിയാം. രാവിലെ പത്ത് മണിക്കാണ് വോട്ടെണ്ണല്‍. 11 പഞ്ചായത്ത് വാര്‍ഡിലും ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലും മൂന്ന് നഗരസഭാ വാര്‍ഡുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. കണ്ണൂര്‍ ആറളം പഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം എന്താകുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്. ഒരു സീറ്റിന്‍റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ എൽഡിഎഫ് അംഗം മരിച്ചതിനെ തുടർന്നുള്ള തെരഞ്ഞെടുപ്പാണ് നടന്നത്.

ഭരണം നിലനിര്‍ത്താന്‍ എല്‍ഡിഎഫും പിടിച്ചടക്കാന്‍ യുഡിഎഫും മത്സരിച്ചതോടെ വാശിയേറിയ പ്രചാരണമാണ് വാര്‍ഡില്‍ നടന്നത്. വീര്‍പ്പാട് വാര്‍ഡിലെ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച ബേബി ജോണ്‍ പൈനാപ്പള്ളിയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. പതിനേഴ് വാ‍ർഡുള്ള പഞ്ചായത്തിൽ നിലവിൽ ഇരുമുന്നണിക്കും എട്ട് വീതം അംഗങ്ങളുണ്ട്. ആറ് മാസത്തെ പഞ്ചായത്ത് ഭരണ നേട്ടവും, സംസ്ഥാന സർക്കാരിന്‍റെ ക്ഷേമ പ്രവർത്തനങ്ങളും ആയുധമാക്കിയാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

കഴിഞ്ഞ തവണ എട്ട് വോട്ടിന് കൈവിട്ട വാർഡിൽ രണ്ടും കൽപിച്ചാണ് യുഡിഎഫ് ഇറങ്ങുന്നത്. ബേബി ജോണിനോട് മത്സരിച്ച് പരാജയപ്പെട്ട സുരേന്ദ്രൻ തന്നെയായിരുന്നു ഇത്തവണയും സ്ഥാനാർത്ഥി. 33 വോട്ടാണ് ബിജെപിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കിട്ടിയത്. വോട്ട് വിഹിതം കൂട്ടി അടിത്തറ ബലപ്പെടുത്താനുള്ള ശ്രമത്തിലാണ് അവർ.

1185 വോട്ടർമാരുടെ വാർഡിൽ ഭൂരിപക്ഷവും സ്ത്രീകളാണ്. ഈഴവ, ആദിവാസി വിഭാഗങ്ങളിലെ വോട്ട് ഏങ്ങോട്ട് പോകുമെന്നത് ഫലത്തെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍. ആറളം പഞ്ചായത്ത് പത്താം വാർഡ് ഉപതെഞ്ഞെടുപ്പ് പോളിംഗ് അവസാനിച്ചപ്പോള്‍ 92 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.