തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബിജെപിയും അതൃപ്തി പുറത്തേക്ക്. പ്രചാരണ വേദിയിൽ കണ്ട ആവേശം ഫലത്തിൽ പ്രതിപഫലിക്കാത്തതിന്‍റെ കാരണം ഇഴകീറി പരിശോധിക്കുന്ന കൂട്ടത്തിൽ നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങളും പരസ്യമായി ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ട്. 

തെരഞ്ഞെടുപ്പിന് മുൻപ് ഉണ്ടായിരുന്ന അനുകൂല സാഹചര്യം മുതലാക്കാൻ ആയില്ലെന്ന് നേതൃത്വത്തെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് ഒ രാജഗോപാൽ രംഗത്തെത്തി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിൽ പ്രശ്നങ്ങളുണ്ടായി. ശോഭ സുരേന്ദ്രന്റെ പരാതി പരിഹരിക്കേണ്ടത് ആയിരുന്നു എന്നും  ഒ രാജഗോപാൽ ഏഷ്യാനെറ്റഅ ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം കോര്‍പറേഷൻ ഭരിക്കാനുറപ്പിച്ച് ഇറങ്ങിയ ബിജെപിക്ക് അതിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല ഇടതു മുന്നണി കേവല ഭൂരിപക്ഷത്തിന് മുകളിൽ സീറ്റ് നേടുന്ന സാഹചര്യവും ഉണ്ടായി. തിരുവനന്തപുരം കോർപറേഷനിൽ സ്ഥാനാർഥി നിർണ്ണയം പാളിയെന്നാണ് ഒ രാജഗോപാലിന്‍റെ വിലയിരുത്തൽ. ആറ്റുകാലിൽ അടക്കം ഇത് പ്രകടമാണെന്നും ഒ രാജഗോപാൽ പറയുന്നു. 

19നു ചേരുന്ന കോർ കമ്മിറ്റി ഫലം ചർച്ച ചെയ്യും.  കോൺഗ്രസിൽ നേതൃത്വത്തിനെതിരെ പൊട്ടിത്തെറി ഉണ്ടായതിന് പിന്നാലെയാണ് ബിജെപിക്ക് അകത്തും അസ്വാരസ്യങ്ങൾ പുറത്തേക്ക് വരുന്നത്. ശോഭ  സുരേന്ദ്രനെ പിന്തുണക്കുന്ന നേതാക്കളുടെ കൂട്ടത്തിലാണ് ഒ രാജഗോപാലും. ഫലം വിലയിരുത്തുമ്പോൾ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനമാണ് അതൃപ്തരായ നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. 

ശോഭാ സുരേന്ദ്രനും പിഎൻ വേലായുധനും കെപി ശ്രീശനും അടക്കമുള്ളവര്‍ ഉന്നയിച്ച പരസ്യ വിമര്ശനം അതേ പടി നിലനിൽക്കെ പ്രശ്ന പരിഹാരത്തിന് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെ‍ടൽ ആവശ്യപ്പെട്ട് കൂടുതൽ നേതാക്കൾ രംഗത്തെത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.