പാർട്ടിയുമായി ഒരു പ്രശ്നമില്ലെന്നും രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയിൽ പൂർണ്ണ തൃപ്തിയുണ്ടെന്നും ശശി തരൂർ. രണ്ടു മണിക്കൂർ പാർട്ടി അദ്ധ്യക്ഷനുമായും രാഹുൽ ഗാന്ധിയുമായും സംസാരിച്ചുവെന്നും തരൂർ വ്യക്തമാക്കി.
ദില്ലി: സിപിഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി കോൺഗ്രസിൻ്റെ മുതിർന്ന നേതാവ് ശശി തരൂർ. പാർട്ടിയുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്നും പാർട്ടിയുമായി ഒരു പ്രശ്നമില്ലെന്നും തരൂർ പറഞ്ഞു. രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയിൽ പൂർണ്ണ തൃപ്തിയുണ്ട്. രണ്ടു മണിക്കൂർ പാർട്ടി അദ്ധ്യക്ഷനുമായും രാഹുൽ ഗാന്ധിയുമായും സംസാരിച്ചു. എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു. താനും പാർട്ടിയും ഒരേ ദിശയിലാണെന്നും തെരഞ്ഞെടുപ്പിൽ പ്രചാരണത്തിലുണ്ടാകുമെന്നും ശശി തരൂർ ദില്ലിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
സിപിഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളിയ തരൂർ, ആരാണ് ഇത്തരം വാർത്തകൾ പടച്ചു വിടുന്നതെന്ന് ചോദിച്ചു. കഥകൾ എവിടെ നിന്ന് കിട്ടി എന്നറിയില്ലെന്നും തരൂർ പറഞ്ഞു. കോൺഗ്രസുമായി പിണങ്ങി നിൽക്കുന്ന ശശി തരൂരിനെ ഒപ്പം നിർത്താനുള്ള ശ്രമത്തിലായിരുന്നു സിപിഎം. ഇതിൻ്റെ ഭാഗമായി ദുബൈയിൽ നിർണായക ചർച്ചകൾ നടന്നുവെന്ന സൂചനകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വ്യവസായിയാണ് ചർച്ചക്ക് മുൻകൈയെടുക്കുന്നത് എന്ന വിവരമാണ് പുറത്തുവന്നത്.
തരൂരിൻ്റെ സിപിഎം പ്രവേശനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഇടതുമുന്നണി കൺവീനർ ടി പി രാമകൃഷ്ണൻ നിഷേധിച്ചിരുന്നില്ല. ഇടത് നിലപാടിനോട് യോജിപ്പുള്ള ആർക്കും വരാമെന്നായിരുന്നു കൺവീനറുടെ പ്രതികരണം. മഹാപഞ്ചായത്തിൽ രാഹുൽ ഗാന്ധി കൈകൊടുക്കാൻ മടിച്ച തരൂർ ഇടതിന് കൈകൊടുക്കുമോ എന്നതായിരുന്നു ആകാംക്ഷ. രാഹുൽ അപമാനിച്ചെന്ന വികാരമുള്ള ശശി തരൂരിനെ കൂടെ കൂട്ടാനായിരുന്നു സിപിഎമ്മിൻറെ അപ്രതീക്ഷിത നീക്കം. എന്നാൽ പാർട്ടിയുമായുള്ള പ്രശ്നം പരിഹരിച്ചെന്ന് പറയുന്നതിലൂടെ തരൂർ കോൺഗ്രസിൽ സജീവമാവുമെന്ന് വ്യക്തമാക്കുകയാണ്.



