Asianet News MalayalamAsianet News Malayalam

വടക്കൻ പോരിന് മണിക്കൂറുകള്‍ മാത്രം, എല്ലാം സജ്ജം, കണ്ണൂരിൽ ആദിവാസികളുടെ വോട്ടർ ഐഡി പിടിച്ചെടുത്തെന്ന് പരാതി

പോളിംഗ് സാമഗ്രി വിതരണകേന്ദ്രങ്ങളിൽ ചിലയിടത്ത് കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കപ്പെട്ടെന്ന പരാതിയുയർന്നു. കണ്ണൂരിലെ ആദിവാസി കോളനിയിൽ സിപിഎം പ്രവർത്തകർ വന്ന് വോട്ടർ ഐഡി കാർഡുകൾ ശേഖരിച്ച് കൊണ്ടുപോയെന്ന ആരോപണവുമുയർന്നു.

kerala local body election 2020 last phase polling tomorrow
Author
Kozhikode, First Published Dec 13, 2020, 8:20 PM IST

കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടത്തിൽ നാല് വടക്കൻ ജില്ലകൾ നാളെ വിധിയെഴുതും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലായി 10,834 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തവണ നാലിടത്തും 77 ശതമാനത്തിന് മുകളിലായിരുന്നു പോളിംഗ് ശതമാനം. ഇത് ഇത്തവണ മറികടക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കടുത്ത നിയന്ത്രണങ്ങൾ പലതും ലംഘിച്ചും കൊട്ടിക്കലാശം നടത്തിയ ശേഷം, പോളിംഗ് സാമഗ്രികളുടെ വിതരണത്തിലും കൊവിഡ് ചട്ടങ്ങൾ വടക്കൻ ജില്ലകളിൽ ലംഘിക്കപ്പെട്ടുവെന്ന് ആരോപണമുയർന്നതാണ്. നിശ്ശബ്ദപ്രചാരണദിനം വീടുവീടാന്തരം കയറിയിറങ്ങി വോട്ടുറപ്പിക്കുന്ന തിരക്കിലായിരുന്നു സ്ഥാനാർത്ഥികൾ. യുഡിഎഫും വെൽഫെയർ പാർട്ടിയും തമ്മിലുള്ള നീക്കുപോക്ക് തന്നെയാണ് പ്രാദേശികവിഷയങ്ങൾക്കൊപ്പം ഇത്തവണയും വടക്കൻ ജില്ലകളിൽ പ്രധാനചർച്ചാവിഷയം.

ഏറ്റവും കൂടുതൽ പ്രശ്നബാധിതബൂത്തുകളുള്ള മേഖലയാണ് നാളെ പോളിംഗിലേക്ക് പോകുന്നത്. കണ്ണൂരിൽ മാത്രം 785 പ്രശ്നബാധിതബൂത്തുകളുണ്ട്. അതിനാൽത്തന്നെ കനത്ത സുരക്ഷയാണ് ജില്ലയിൽ എമ്പാടും ഒരുക്കിയിട്ടുള്ളത്. 

കഴിഞ്ഞ തവണ ആർക്കൊപ്പം?

കോഴിക്കോട്, കണ്ണൂർ ജില്ലാ പഞ്ചായത്തുകൾ എൽഡിഎഫിന് അനുകൂലമായാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിധിയെഴുതിയത്. കാസർകോടും മലപ്പുറവും യുഡിഎഫ് ഭരിക്കുന്നു. കാലങ്ങളായി വിജയിച്ചുവന്ന കോഴിക്കോട് കോർപ്പറേഷൻ നിലനിർത്തുകയെന്നത് എൽഡിഎഫിനു വെല്ലുവിളി തന്നെയാണ്. കണ്ണൂർ കോർപ്പറേഷൻ നിലനിർത്തുക യുഡിഎഫിനും വെല്ലുവിളിയാകും. 

കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ 6 ഡിവിഷനുകളി‍ൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ലോക് താന്ത്രിക് ജനതാദൾ തിരിച്ചെത്തിയത് എൽഡിഎഫിനു ഗുണം ചെയ്യും. വെൽഫെയർ പാർട്ടി, ആർഎംപി പിന്തുണ യുഡിഎഫിന് തന്നെയാണ്. ഒരു പാർട്ടിയുമായും സഖ്യമില്ലെന്ന് ലീഗും, യുഡിഎഫ് കൺവീനർ എം എം ഹസ്സനും ഒഴികെയുള്ള യുഡിഎഫ് നേതാക്കൾ ആവർത്തിക്കുന്നുണ്ടെന്നും. ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയപാർട്ടിയായ വെൽഫെയർ പാർട്ടിയുമായി നീക്കുപോക്കുണ്ടെന്ന് പല തവണ ലീഗ് ആവർത്തിച്ചിട്ടുള്ളതാണ്. 

മലപ്പുറത്ത് ഇത്തവണ യുഡിഎഫിൽ കൂടുതൽ ഐക്യമുണ്ട്. മികച്ച രീതിയിൽത്തന്നെ വിജയം ആവർത്തിക്കണമെന്ന നിശ്ചയദാർഢ്യത്തോടെയാണ് യുഡിഎഫ് മുന്നോട്ടുപോകുന്നത്. ജില്ലാ പഞ്ചായത്തിൽ പ്രകടനം മെച്ചപ്പെടുത്താൻ എൽഡിഎഫ് കച്ച കെട്ടിയിറങ്ങിയിട്ടുണ്ട്. ചില നഗരസഭകളിൽ എങ്കിലും നില മെച്ചപ്പെടുത്താൻ ബിജെപി ശ്രമിക്കുന്നു. 

കണ്ണൂരിൽ ജില്ലാ പഞ്ചായത്തിൽ എൽഡിഎഫും കോർപ്പറേഷനിൽ യുഡിഎഫും പ്രതീക്ഷയിൽത്തന്നെയാണ്. ആകെയുള്ള 11 ബ്ലോക്ക് പഞ്ചായത്തും 2015 ൽ എൽഡിഎഫ് നേടിയിരുന്നു. 

കാസർകോട് നഗരസഭയുടെ ഭരണം നിലനിർത്താൻ കഴിയുമെന്ന് തന്നെയാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. കാഞ്ഞങ്ങാട് പിടിച്ചെടുക്കാനാവുമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു. കാഞ്ഞങ്ങാടും നീലേശ്വരവും കൂടെ നിൽക്കുമെന്ന് എൽഡിഎഫ് പ്രതീക്ഷിക്കുന്നു. കമറുദ്ദീന്‍റെ അറസ്റ്റും പെരിയ കേസും പ്രാദേശികവിഷയങ്ങൾക്കൊപ്പം ജില്ലയിൽ സജീവ ചർച്ചാവിഷയം തന്നെയാണ് ഇപ്പോഴും. 

കൊവിഡ് ചട്ടം ലംഘിച്ചെന്ന് പരാതി

വടകരയിലെ പുറമേരി രാജാസ് ഹൈസ്ക്കൂളിലെ പോളിംഗ് സാമഗ്രിവിതരണകേന്ദ്രത്തിൽ കൊവിഡ് ചട്ടമൊന്നും പാലിക്കാതെ ഉദ്യോഗസ്ഥർ തിക്കിത്തിരക്കിയത് വലിയ ആശയക്കുഴപ്പമുണ്ടാക്കി. പിന്നീട് പൊലീസെത്തി ഉദ്യോഗസ്ഥരെ മാറ്റുകയായിരുന്നു. ഓരോ തദ്ദേശസ്ഥാപനത്തിലും ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് വെവ്വേറെ സമയം നൽകിയിരുന്നു. അത് തെറ്റിച്ച് ഉദ്യോഗസ്ഥരെത്തിയതാണ് പ്രശ്നമായത്.

തെക്കൻ ജില്ലകളിലെ പോളിംഗ് സാമഗ്രി വിതരണത്തിലെ അനുഭവം കണക്കിലെടുത്ത് ആൾക്കൂട്ടമൊഴിവാക്കാൻ ജില്ലാ കളക്ടർമാർ കർശന നിർദ്ദേശം നൽകിയിരുന്നു. പ്രിസൈഡിംഗ് ഓഫീസർക്കും ഫസ്റ്റ് പോളിംഗ് ഓഫീസർക്കും മാത്രമാണ് വിതരണകേന്ദ്രത്തിലേക്ക് പ്രവേശനം നൽകിയത്. കോഴിക്കോട് പയ്യോളിയിൽ തെരഞ്ഞെടുപ്പുദ്യോഗസ്ഥരെ യുഡിഎഫ്, ബിജെപി പ്രവർത്തകർ തടഞ്ഞു. പോസ്റ്റൽ ബാലറ്റ് ആവശ്യപ്പെടാത്തവരെ മുൻകൂട്ടി വോട്ട് ചെയ്യിക്കുന്നതിൽ രാഷ്ട്രീയലക്ഷ്യമുണ്ടെന്നാരോപിച്ചായിരുന്നു തടഞ്ഞ് വെച്ചത്. പിന്നീട് വോട്ടർമാർ സ്വന്തം ഉത്തരവാദിത്തത്തിൽ ബാലറ്റ് എത്തിക്കുമെന്ന നിർദ്ദേശത്തോടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. 

ഇന്നലെ കോഴിക്കോട് കുറ്റിച്ചിറയിൽ കൊട്ടിക്കലാശത്തിനിടെ സംഘർഷമുണ്ടാക്കിയ 200 പേർക്കെതിരെ ടൌൺ പൊലീസ് കേസെടുത്തു. സിപിഎം, ലീഗ് പ്രവർത്തകർക്കെതിരെയാണ് കേസ്. 

ആദിവാസികളുടെ വോട്ടർ ഐഡി കൊണ്ടുപോയെന്ന് പരാതി

ഇതിനിടെ, കണ്ണൂർ ആറളത്തെ ആദിവാസി കോളനിയിൽ നിന്ന് വോട്ടർ ഐഡി കൂട്ടത്തോടെ സിപിഎം പ്രവർത്തകർ വാങ്ങിക്കൊണ്ടുപോയതായി പരാതിയുയർന്നു. വീർപ്പാട് പണിയകോളനിയിലാണ് സംഭവം. സീൽ വച്ച് തിരികെ തരാം എന്നു പറഞ്ഞാണ് കൊണ്ടുപോയതെന്ന് ആദിവാസികൾ പറയുന്നു. അനൂപ് പെരിങ്ങാമല എന്ന ആൾ വന്ന് 15 പേരുടെ തിരിച്ചറിയൽ രേഖ കൊണ്ടുപോയെന്നാണ് ആരോപണം. കോൺഗ്രസ് നേതാക്കളാണ് പരാതിക്കാരെയും കൊണ്ട് ആറളം പൊലീസ് സ്റ്റേഷനിലെത്തിയത്. 

സിപിഎം നേതാക്കളാണ് ഇതിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിക്കുന്നത്. ആറളം ഫാം, ചേലേം വയൽ കോളനികളിലേയും ആളുകളുടെ ഐഡി കാർഡ് കൊണ്ടുപോയെന്ന് കോൺഗ്രസ് ആരോപിക്കുന്നു. സംഭവത്തിൽ ജില്ലാ കളക്ടർക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകുമെന്ന് സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios