പത്തനംതിട്ട: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പിജെ കുര്യൻ, നേതൃതലത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകണമെന്ന നിലപാടാണ് പിജെ കുരിയന്‍റെ പ്രതികരണത്തിലുള്ളത്. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള അധികാര വീതംവയ്പ്പിലും താഴേത്തട്ടിലെ പാര്‍ട്ടി പ്രവര്‍ത്തനത്തിലെ പോരായ്മകളും എണ്ണിപ്പറഞ്ഞാണ് പിജെ കുര്യന്‍റെ വിമര്‍ശനം. 

ന്യൂനപക്ഷ വോട്ട് യുഡിഎഫിൽ നിന്ന് അകന്നു. അതായിരുന്നു യുഡിഎഫിന്‍റെ കരുത്ത്. അത് കൂടുതലും ഇടത് മുന്നണിക്ക് ഒപ്പം പോയി .അത് കണ്ടുപിടിക്കണം , വിശദമായ പരിശോധന നടത്തണം. കേഡര്‍ പാര്‍ട്ടിയല്ലെങ്കിലും താഴെത്തട്ടിൽ ശക്തമായ കമ്മിറ്റികൾ ഉള്ള കാലം ഉണ്ടായിരുന്നു. ഇപ്പോൾ താഴെ തട്ടിൽ പ്രവര്‍ത്തനം ശരിയായ രീതിയിൽ അല്ലാത്തതിന് കാരണം ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വയ്പ്പാണ് . 

ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള അധികാര വീതംവയ്പ്പ് സംഘടനയെ ബാധിച്ചു. സ്ഥാനാര്ത്ഥിത്വത്തിനും മികവിന് അല്ല ഗ്രൂപ്പിനാണ് പലയിടത്തും കിട്ടിയതെന്നും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങൾക്കുള്ള പാര്‍ട്ടി ഫണ്ട് പോലും യഥാവിധി എത്തിക്കാൻ നേൃത്വത്തിന് കഴിഞ്ഞില്ലെന്നും പിജെ കുര്യൻ ആഞ്ഞടിച്ചു. 

സ്ഥാനാർത്ഥികൾ സാമ്പത്തിക ദാരിദ്രമായിരുന്നു. പാർട്ടി പണം നൽകിയില്ല. പക്ഷെ സ്ഥാനാർത്ഥിത്വത്തിന് പണം വാങ്ങുന്ന സാഹചര്യമുണ്ടായി. സർക്കാരിനെതിരെയുള്ള അരോപണങ്ങൾ എല്ലാം ഉദ്യോഗസ്ഥർക്കെതിരെയാണ്. മുഖ്യമന്ത്രിയുടെയോ മന്ത്രിയുടേയോ നേർക്കുള്ള ആരോപണങ്ങൾ തെളിയുന്നത് വരെ ജനം ഇതൊനും ജനം വിശ്വസിക്കല്ല. അനുകൂലമായ സാഹചര്യങ്ങൾ മുതലെടുക്കാൻ കഴിഞ്ഞില്ലെന്നും പിജെ കുര്യൻ കുറ്റപ്പെടുത്തി