കോട്ടയം: ചെന്നിത്തലക്കും മുല്ലപ്പള്ളിക്കും പുറകെ ഉമ്മൻചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളി പഞ്ചായത്തിലും ഭരണം പിടിച്ച് എൽഎൽഡിഎഫ്. പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ യുഡിഎഫിന് കനത്ത തിരിച്ചടിയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായത്. എട്ടിൽ ആറ് പഞ്ചായത്തുകളിലും യുഡിഎഫ് തോൽവി ഏറ്റുവാങ്ങി. മീനടം, അയർക്കുന്നം പഞ്ചായത്തുകളിൽ മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത് . അകല കുന്നം, കുരോപ്പട, മണർകാട്, പാമ്പാടി, വാകത്താനം, പുതുപ്പള്ളി എന്നിവിടങ്ങളിലെല്ലാം എൽഡിഎഫ് ജയിച്ചു. മിക്കയിടങ്ങളും യുഡിഫ് കോട്ടകളായാണ് അറിയപ്പെടുന്നത്. 

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്വന്തം തട്ടകമായ പുതുപ്പള്ളി ഗ്രാമ പഞ്ചായത്തിലും യുഡിഎഫ് തോറ്റു.   9 സീറ്റ് നേടിയാണ് എൽഡിഎഫ് ഭരണം പിടിച്ചത്. ഉമ്മൻചാണ്ടിയുടെ വാര്‍ഡിൽ അടക്കം വോട്ടെണ്ണലിന്‍റെ തുടക്കത്തിൽ യുഡിഎഫ് പുറകിലായിരുന്നു. ഏഴ് സീറ്റാണ് യുഡിഎഫിന് കിട്ടിയത്. രണ്ട് സീറ്റ് ബിജെപിക്കും കിട്ടി. 

കാൽ നൂറ്റാണ്ടിനിടെ ആദ്യമായാണ് പുതുപ്പള്ളി ഗ്രാമ പഞ്ചായത്ത് ഭരണം ഇടതുമുന്നണി പിടിച്ചെടുക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെയും തട്ടകത്തിൽ ഇടതു മുന്നണി ആധിപത്യം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിൽ നിന്നുള്ള ഫലം വരുന്നത്. 

കോട്ടയത്തെ കോട്ടകളിൽ ആകെ വലിയ ക്ഷീണമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേരിടുന്നത്. ജോസ് കെ മാണി വിഭാഗം കേരളാ കോൺഗ്രസിന്‍റെ മുന്നണി മാറ്റമാണ് പുതുപ്പള്ളി മണ്ഡഡലത്തിൽ അടക്കം യുഡിഎഫ് കോട്ടകളെ വിറപ്പിച്ചത്.

No description available.