കോട്ടയം: കോട്ടയം ജില്ലാപഞ്ചായത്തിലേക്ക് പൂഞ്ഞാറിൽ നിന്ന് വിജയിച്ചത് പിസി ജോര്‍ജ്ജിന്‍റെ മകൻ ഷോൺ ജോര്‍ജ്ജ്. മൂന്നണി സ്ഥാനാര്‍ത്ഥികൾ കടുത്ത മത്സരം കാഴ്ച വച്ച പൂഞ്ഞാര്‍ ഡിവിഷനിൽ അട്ടിമറി വിജയമാണ് ഷോൺ ജോര്‍ജ്ജ് നേടിയത്.  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കും വിധമാണ് ജനപക്ഷ സ്ഥാനാര്‍ത്ഥി പൂഞ്ഞാറിൽ വിജയക്കൊടി പാറിച്ചത് . 

ഷോണടക്കം നാല് പേരാണ് ജനപക്ഷത്തിനുവേണ്ടി ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചത്.  യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജെ ജോസ് വലിയ വീട്ടിലിനെയാണ് ഷോണ്‍ പരാജയപ്പെടുത്തിയത്. ജനപക്ഷം യുവജന വിഭാഗം നേതാവാണ് ഷോൺ ജോര്‍ജ്ജ്. ആദ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗം നേതാവായിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് യുവജനക്ഷേമ ബോര്‍ഡ് ഡയറക്ടറായിരുന്നു.