എറണാകുളം ജില്ലയിൽ സമ്പൂര്‍ണ ആധിപത്യം നേടിയതിന്‍റെയും മറ്റു ജില്ലകളിൽ വൻ നേട്ടമുണ്ടാക്കിയതിന്‍റെയും ആത്മവിശ്വാസത്തിൽ യുഡിഎഫ്. തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ കൊച്ചി കോർപ്പറേഷനിലെ മേയർ തെരഞ്ഞെടുപ്പിലേക്ക് യുഡിഎഫ് ഉടൻ കടക്കും
എറണാകുളം: എറണാകുളം ജില്ലയിൽ സമ്പൂര്‍ണ ആധിപത്യം നേടിയതിന്‍റെയും മറ്റു ജില്ലകളിൽ വൻ നേട്ടമുണ്ടാക്കിയതിന്‍റെയും ആത്മവിശ്വാസത്തിൽ യുഡിഎഫ്. തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ കൊച്ചി കോർപ്പറേഷനിലെ മേയർ തെരഞ്ഞെടുപ്പിലേക്ക് യുഡിഎഫ് ഉടൻ കടക്കും. പാർലമെന്‍ററി പാർട്ടി ചേർന്ന് തീരുമാനിക്കാനാണ് ധാരണ. പ്രതിപക്ഷ നേതാവ് നേരിട്ട് പങ്കെടുക്കുന്ന ചർച്ചയിലാകും തീരുമാനം. ദീപ്തി മേരി വർഗീസ്, വികെ മിനിമോൾ , ഷൈനി മാത്യു എന്നിവരിലാരെങ്കിലുമായിരിക്കും മേയറാവുക. തൃശ്ശൂർ, കൊല്ലം എന്നീ കോര്‍പ്പറേഷനുകളിലെ മേയര്‍മാരെയും യുഡിഎഫ് വൈകാതെ തീരുമാനിക്കും. അതേസമയം, തോൽവിയുടെ കാരണങ്ങൾ തേടി എൽഡിഎഫ് സൂക്ഷ പരിശോധനയിലേക്ക് കടക്കും. എറണാകുളത്തെ സ്ഥിതി വിശദമായി പരിശോധിക്കും. എറണാകുളം ജില്ലയിലെ നഗരവും മലയോരവും കടലോരവും കായലോരവും നേടിയാണ് ജില്ലയിൽ യുഡിഎഫ് മിന്നും ജയം നേടിയത്. തൃപ്പൂണിത്തുറയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി സാന്നിദ്ധ്യം അറിയിച്ചത് ജില്ലയിൽ ബിജെപിക്കും നേട്ടമായി.
കോഴിക്കോട്ടെ പരാജയ കാരണം വാര്‍ഡ് വിഭജനമെന്ന് ഡിസിസി
അതേസമയം, ബിജെപി ക്കു അനുകൂലമായി സിപിഎം നേതൃത്വത്തിൽ വാർഡ് വിഭജനം നടത്തിയതാണ് കോഴിക്കോട് കോര്‍പ്പറേഷനിൽ അവസാന നിമിഷം യുഡിഎഫ് പരാജയപ്പെടാൻ കാരണമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് കെ പ്രവീൺകുമാർ പറഞ്ഞു. ഇതുകൊണ്ടാണ് ബിജെപിയുടെ സീറ്റ് കോഴിക്കോട് വർധിച്ചത്. യുഡിഎഫിന്‍റെ മേയർ സ്ഥാനാർഥി പി എം നിയാസിന്‍റെ തോൽവിയിൽ പാർട്ടി നേതാക്കൾക്ക് വീഴ്ച പറ്റിയെങ്കിൽ നടപടി ഉണ്ടാകും. വെൽഫയർ പാർട്ടിയുമായി സഖ്യം ഉണ്ടാക്കാതിരുന്നത് ഗുണംചെയ്തെന്നാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും വ്യക്തമാകുന്നതെന്നും പ്രവീൺകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ആര്‍എംപി യുഡിഎഫിലേക്ക് വന്നാൽ മുന്നണിക്ക് കരുത്താകുമെന്ന് എംകെ രാഘവൻ
ആർഎംപി യുഡിഎഫിലേക്ക് വന്നാൽ മുന്നണിക്ക് കരുത്താകുമെന്ന് എം കെ രാഘവൻ എം പി പറഞ്ഞു. ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കേണ്ടത് ആർ എം പി നേതൃത്വമാണെന്നും എംകെ രാഘവൻ എംപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇടതു മുഖം മുന്നണിയിലുള്ളത് നല്ലതാണ്. ആർ എം പി സഖ്യം ഇത്തവണ യു ഡി എഫിന് നേട്ടമുണ്ടാക്കി. കോഴിക്കോട് കോര്‍പറേഷനിൽ യു ഡി എഫിനെ പരാജയപ്പെടുത്താൻ ബിജെപിക്ക് അനുകൂലമായി വാർഡ് വിഭജനം നടത്തിയത് സി പി എമ്മിന് തന്നെ വിനയായി. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടില്ലെന്നും എംകെ രാഘവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.



