25 വർഷം ഭരിച്ച കൊല്ലം കോർപ്പറേഷനിൽ ഇടതുമുന്നണിയുടെ കുത്തക സീറ്റുകൾ പിടിച്ചടക്കി യുഡിഎഫ് ചരിത്ര വിജയം കുറിച്ചു. 'ഇക്കൊല്ലം മാറു'മെന്ന മുദ്രാവാക്യത്തോടെയാണ് ഐക്യ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പിന് ഇറങ്ങിയത്.
കൊല്ലം: ഇടതു കോട്ടയാണ് കൊല്ലമെന്ന ഖ്യാതിക്ക് ഈ തദ്ദേശ തെരഞ്ഞെടുപ്പോടെ ഇളക്കം തട്ടിയിരിക്കുകയാണ്. 25 വർഷം ഭരിച്ച കോർപ്പറേഷനിൽ എൽ ഡി എഫിന്‍റെ കുത്തക സീറ്റുകൾ അടക്കം പിടിച്ചടക്കി യു ഡി എഫ് ചരിത്ര വിജയം കുറിച്ചു. ഇത്തവണ ബി ജെ പിയും നേട്ടമുണ്ടാക്കി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കനത്ത പ്രഹരമുണ്ടായതിന്‍റെ ഞെട്ടലിലാണ് എൽ ഡി എഫ്.
'ഇക്കൊല്ലം മാറു'മെന്ന മുദ്രാവാക്യത്തോടെയാണ് ഐക്യ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പിന് ഇറങ്ങിയത്. ആദ്യം തന്നെ മേയർ സ്ഥാനാർത്ഥിയെ അടക്കം പ്രഖ്യാപിച്ച് പ്രചരണം തുടങ്ങി. 25 കൊല്ലം ഇടതുപക്ഷം മാത്രം ഭരിച്ച കോർപ്പറേഷനിൽ മേയർ സ്ഥാനാർത്ഥിയുമായി ഇറങ്ങിയ കോൺഗ്രസ് നിറയെ ചോദ്യങ്ങൾ നേരിട്ടു. എന്നാൽ യുഡിഎഫിൻ്റെ ആത്മവിശ്വാസം തെറ്റിയില്ല. ചരിത്രത്തിൽ ആദ്യമായി കോർപ്പറേഷനിൽ യുഡിഎഫ് അധികാരത്തിൽ എത്തുന്നു.
കഴിഞ്ഞ തവണ 38 ഡിവിഷനിൽ വിജയിച്ച എൽ ഡി എഫ് ഇത്തവണ 16 ൽ ഒതുങ്ങി. വി എസ് ശിവകുമാറിൻ്റെ നേതൃത്വത്തിൽ 10 സീറ്റുണ്ടായിരുന്ന യു ഡി എഫ് 27 ഡിവിഷൻ പിടിച്ചെടുത്തു.എൽ ഡി എഫിൻ്റെ സിറ്റിങ് സീറ്റായ താമരക്കുളത്ത് വിജയക്കൊടി പാറിച്ചാണ് എ കെ ഹഫീസ് മേയർ കസേരയിലേക്ക് എത്തുന്നത്. ഭരണ വിരുദ്ധ വികാരവും വോട്ടായെന്ന വിലയിരുത്തലിലാണ് യു ഡി എഫ്.
സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി കെ അനിരുദ്ധൻ അടക്കമുള്ള പ്രമുഖരുടെ പരാജയം എൽ ഡി എഫിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. രണ്ട് മുൻ മേയർമാർ പരാജയപ്പെട്ടു. കോർപ്പറേഷനിലും പഞ്ചായത്തിലും മുൻസിപ്പാലിറ്റിയിലും വർഷങ്ങളായി സ്വന്തമായിരുന്ന സീറ്റുകളാണ് എൽ ഡി എഫിന് നഷ്ടമായത്. കരുനാഗപള്ളി നഗരസഭ എൽ ഡി എഫിൽ നിന്ന് യു ഡി എഫ് പിടിച്ചെടുത്തു. വിഭാഗീയതയിൽ സി പി എം വലഞ്ഞ നഗരസഭയാണ് കരുനാഗപ്പള്ളി. യു ഡി എഫിനൊപ്പം ബി ജെ പിയും ഇടതു ശക്തി കേന്ദ്രങ്ങൾ പിടിച്ചടക്കി. കടയ്ക്കൽ ഗ്രാമപഞ്ചായതിൽ ബി ജെ പി അക്കൗണ്ട് തുറന്നത് എൽ ഡി എഫിനെ സംബന്ധിച്ച് ഇപ്പോഴും അവിശ്വസനീയമായ കാര്യമാണ്.
ഗ്രാമനഗര വ്യത്യാസമില്ലാതെ യു ഡി എഫ് തേരോട്ടം
ഗ്രാമനഗര വ്യത്യാസമില്ലാതെ കോർപ്പറേഷനുകളിലും മുനിസിപ്പിലിറ്റികളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും ഐക്യ ജനാധിപത്യ മുന്നണിക്ക് വ്യക്തമായ ആധിപത്യമുണ്ട്. കൊല്ലത്തിന് പുറമെ തൃശൂര്‍, എറണാകുളം കോര്‍പ്പറേഷനുകള്‍ ഇടത് മുന്നണിയിൽ നിന്ന് യു ഡി എഫ് പിടിച്ചെടുത്തപ്പോള്‍ കണ്ണൂർ കോര്‍പ്പറേഷൻ നിലനിർത്തുകയും ചെയ്തു.രൂപീകൃതമായ ശേഷം ഇതുവരെ ഇടതു മുന്നണി മാത്രം ഭരിച്ച തിരുവനന്തപുരം നഗരസഭ പിടിച്ചെടുത്ത് ബി ജെ പിയും കരുത്തുകാട്ടി. കോഴിക്കോട് കോര്‍പ്പറേഷനിൽ അവസാന നിമിഷം ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെയാണ് ഇടതിന് ഭരണം നിലനിർത്താനായത്.
ജില്ലാ പഞ്ചായത്തുകളിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമാണ്. ഒടുവിലെ സീറ്റ് നില പരിശോധിച്ചാൽ 14 ജില്ലാ പഞ്ചായത്തുകളിൽ കഴിഞ്ഞ തവണ മൂന്നിടത്ത് മാത്രമൊതുങ്ങിയ യു ഡി എഫ് , കോഴിക്കോട് കോട്ടയം, പത്തനംതിട്ട, ഇടുക്കി, ജില്ലകൾ കൂടി ഇത്തവണ എൽ ഡി എഫിൽ നിന്ന് പിടിച്ചെടുത്തു. 87 മുനിസിപ്പാലിറ്റികളിൽ 54ലും യു ഡിഎഫ് നേടി. ഗ്രാമപഞ്ചായത്തുകളിൽ എൽ ഡി എഫിനെ 341 ഇടങ്ങളിൽ ഒതുക്കിയ യു ഡി എഫ് 504 ഇടങ്ങളിൽ ജയിച്ചു കയറി. ബ്ലോക്ക് പഞ്ചായത്തുകളിലും യു ഡി എഫ് മേൽക്കൈ വ്യക്തമാണ്.152ൽ 79 ബ്ലോക്ക് പഞ്ചായത്തുകളിലും യു ഡി എഫ് ജയിച്ചുകയറി.


