തിരുവനന്തപുരം: തദ്ദേശഭരണതെരഞ്ഞെടുപ്പിൽ പ്രതിപക്ഷം സംഘടിതമായി നടത്തിയ നുണപ്രചാരണങ്ങൾക്ക് കേരളീയർ ഉചിതമായ മറുപടി നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫ് കേരള രാഷ്ട്രീയത്തിൽ അപ്രസക്തമാവുന്ന കാഴ്ചയാണ് കണ്ടത്. ബിജെപിയുടെ അവകാശവാദങ്ങൾ ഒരിക്കൽക്കൂടി തകർന്നടിഞ്ഞു. ''പ്രധാന യുഡിഎഫ് നേതാക്കളുടെ സ്ഥലത്ത് പോലും പതിറ്റാണ്ടുകളുടെ ചരിത്രം തിരുത്തി എൽഡിഎഫ് വിജയക്കൊടി പാറിച്ചില്ലേ?'', മുഖ്യമന്ത്രി ചോദിച്ചു. 

''ഒരിക്കലും തങ്ങളെ കൈവിടില്ലെന്ന് കരുതിയ ഇടത്താണ് അട്ടിമറി. അതിന് വേറെ കാരണമില്ല, ആ പാർട്ടിയുടെ വിശ്വാസ്യത പൂർണമായി തകരുന്നുവെന്ന സൂചനയാണ് ഇത്. നാടിന്റെ നേട്ടങ്ങൾ തകർക്കാൻ പ്രതിസന്ധികളിൽ ഒന്നിച്ച് നിൽക്കാതെ പ്രതിലോമ പ്രവർത്തനം നടത്തിയതിന് ജനം നൽകിയ ശിക്ഷയാണ് ഇപ്പോൾ ലഭിച്ചത്'', എന്ന് മുഖ്യമന്ത്രി. 

കൃത്യമായ മുന്നണി സംവിധാനത്തിലൂടെ ഒരു തരത്തിലുള്ള അവിശുദ്ധ കൂട്ടുകെട്ടോ ധാരണയ്ക്കോ ഒന്നിനും പോകാതെ സംശുദ്ധമായ നിലപാട് പാലിച്ചാണ് 55 ശതമാനത്തോളം ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് വിജയിച്ചതെന്ന് പിണറായി പറയുന്നു. ആകെ മുനിസിപ്പിലിറ്റികളുടെ കാര്യത്തിലാണ് നഷ്ടം വന്നത്. കഴിഞ്ഞ തവണ 48 എണ്ണം നേടി. ഇത്തവണ 35 എണ്ണം മാത്രമേ നേടാനായുള്ളൂ.

2015 ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും വലിയ മുന്നേറ്റം നേടി. ഏഴ് വീതം ജില്ലാ പഞ്ചായത്തുണ്ടായിരുന്നതിൽ നിന്ന് 11 ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് അധികാരത്തിൽ വരുന്നു. കഴിഞ്ഞ തവണ 98 ബ്ലോക്കിലാണ് ജയിച്ചത്. ഇത്തവണ 108 ആയി.

കോർപ്പറേഷനുകളുടെ കാര്യത്തിലും ആറിൽ അഞ്ചിടത്ത് വിജയിച്ച് എൽഡിഎഫ് വൻ മുന്നേറ്റം നേടി. 941 ഗ്രാമപഞ്ചായത്തുകളിൽ 514 എണ്ണത്തിൽ ഇടതുമുന്നണിക്ക് വ്യക്തമായ മേൽക്കൈ നേടാനായി.

കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പുകളുടെ ചരിത്രം കൂടി മുഖ്യമന്ത്രി ഓർമിപ്പിച്ചു. ''കഴിഞ്ഞ രണ്ട് തദ്ദേശ തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത് അധികാരത്തിലുണ്ടായിരുന്ന മുന്നണി പുറകോട്ട് പോയി. എന്നാൽ ഇത്തവണ ഭരണത്തിലിരിക്കുന്ന മുന്നണി വൻ വിജയം നേടി. ഏതെങ്കിലും ഒറ്റപ്പെട്ട മേഖലയിലോ പ്രദേശത്തോ മാത്രമുള്ള മുന്നേറ്റമല്ല. സംസ്ഥാനത്തുടനീളം എല്ലായിടത്തും എൽഡിഎഫ് സമഗ്ര ആധിപത്യം നേടി. ജനം കലവറയില്ലാത്ത പിന്തുണ നൽകി'', എന്ന് മുഖ്യമന്ത്രി. 

എൽഡിഎഫ് കൂടുതൽ ശക്തിപ്പെട്ടു. ജനകീയ അടിത്തറ വിപുലമായി. കൂടുതൽ ജനാധിപത്യ ശക്തികളും ജനവും എൽഡിഎഫിനൊപ്പം അണിനിരന്നു. അതിന്‍റെ ആകെത്തുകയും കരുത്തും ഈ വിജയത്തിൽ ഉൾച്ചേർന്നിട്ടും പ്രതിഫലിച്ചിട്ടുമുണ്ട്.

കേരളത്തിന്റെ മനസ് മതനിരപേക്ഷതയ്ക്ക് ഒപ്പമാണ്. മതനിരപേക്ഷത സംരക്ഷിക്കാനും വർഗീയതയ്ക്ക് എതിരെ സന്ധിയില്ലാതെ പോരാടാനും ഇടതുമുന്നണിയാണ് ഉള്ളതെന്ന് കേരളം തിരിച്ചറിയുന്നു. അതുകൊണ്ടാണ് ജനം എൽഡിഎഫിനെ കൂടുതലായി വിശ്വസിക്കുന്നത്.

നാടിനെ പിന്നോട്ടടിപ്പിക്കാൻ തയ്യാറായവരുടെ കൂടെയല്ല ജനം. വ്യാജവാർത്തകളും അപവാദങ്ങളും ആധികാരികമെന്ന് പ്രചരിപ്പിക്കാനും എൽഡിഎഫിനെയും സർക്കാരിനെയും തകർക്കാനും ചില മാധ്യമങ്ങളും ഈ ഘട്ടത്തിൽ ശ്രമിച്ചു.

കേരളത്തിൽ സമാനതകളില്ലാത്ത അപവാദ പ്രചാരണങ്ങളാണ് കഴിഞ്ഞ നാലഞ്ച് മാസമായി സർക്കാരിനെയും ഇടതുമുന്നണിയെയും ഇകഴ്ത്തി കാണിക്കാൻ ബിജെപിയും കോൺഗ്രസും നടത്തിയത്. ഇക്കാര്യത്തിൽ കേന്ദ്ര ഏജൻസികളെ വ്യാപകമായി ദുരുപയോഗിച്ചു. അതിന് ഒരു വിഭാഗം വലതു മാധ്യമങ്ങളെയും കൂട്ടുപിടിച്ചു.

സാധാരണ നിലയിൽ ഈ ദുഷ്പ്രചരണ പ്രളയം ജനഹിതത്തെ അട്ടിമറിക്കുമെന്നാണ് ഇതിന്‍റെ സൃഷ്ടാക്കൾ പ്രതീക്ഷിച്ചത്. കേരളത്തിലെ ജനം ശരിയായ രീതിയിൽ കാര്യങ്ങൾ തിരിച്ചറിയാൻ വിവേകമുള്ളവരാണ്. അവർ കുപ്രചരണങ്ങളെ തള്ളിക്കളഞ്ഞ് എൽഡിഎഫിന് വലിയ പിന്തുണ നൽകി.

ജനം സ്വന്തം ജീവിത അനുഭവത്തിലൂടെയാണ് തീരുമാനം എടുക്കുന്നത്. അപവാദം പ്രചരിപ്പിക്കുമ്പോൾ നിങ്ങളുടെ മുന്നിൽ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു, അപവാദം പ്രചരിപ്പിക്കുന്നവർക്ക് ജനം മറുപടി പറയുമെന്നാണ് പറഞ്ഞത്. അത് വ്യക്തമായി. ജനവിരുദ്ധമായ നിലപാടുകൾ ഉപേക്ഷിക്കുന്നതിന് സാധാരണ നിലയിൽ യുഡിഎഫും ബിജെപിയും തയ്യാറാകണം. അത്തരമൊരു നിലപാട് അവർക്ക് സ്വീകരിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നില്ല. എങ്കിലും ജനനന്മയ്ക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നുവെങ്കിൽ ഇതേവരെ സ്വീകരിച്ച നിലപാടിൽ നിന്ന് പിന്തിരിയണം. അതിന് കൂട്ടുനിന്ന മാധ്യമങ്ങളും സ്വയം വിമർശനം നടത്തണം.

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം തത്സമയം: