തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുര വാർഡിൽ ബിജെപി നേതാവ് വി വി രാജേഷ് വിജയിച്ചു. അഭിമാനപോരാട്ടമായി തിരുവനന്തപുരത്തെ മത്സരം കണക്കാക്കിയിരുന്ന ബിജെപി സംസ്ഥാനതലത്തിലെ നേതാക്കളെത്തന്നെയാണ് തദ്ദേശതെരഞ്ഞെടുപ്പിലും പലയിടങ്ങളിലായി മത്സരിപ്പിച്ചത്. തിരുവനന്തപുരത്തെ സിറ്റിംഗ് സീറ്റായ പൂജപ്പുരയിൽത്തന്നെ വി വി രാജേഷിനെ ബിജെപി മത്സരിപ്പിച്ചതും അതുകൊണ്ടാണ്. യുഡിഎഫ് സ്ഥാനാർത്ഥിയായ കെ എസ് വിനു രണ്ടാം സ്ഥാനത്താണ്. സിപിഐ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 

ഇടതിന്‍റെ മേയ‌ർ സ്ഥാനാർത്ഥികളുടേയും വി വി രാജേഷ് അടക്കമുള്ള ബിജെപി നേതാക്കളുടേയും വാർഡുകൾ അടക്കം നാൽപ്പത് ഇടങ്ങളിലെങ്കിലും തിരുവനന്തപുരം കോർപ്പറേഷനിൽ പൊരിഞ്ഞ പോരാട്ടമാണ് നടന്നത്. ഓരോ വാർഡും ഓരോ വോട്ടും ഇവിടെ കോ‍ർപ്പറേഷന്‍റെ ഗതി തീരുമാനിക്കും. 

തിരുവനന്തപുരം നഗരസഭയുടെ ഭരണം ബിജെപിക്ക് ലഭിക്കാനുള്ള സാധ്യത നിലവിൽ വിരളമാണെങ്കിലും ബിജെപി തലസ്ഥാനത്ത് നേട്ടമുണ്ടാക്കിയെന്ന് വിലയിരുത്താം. എന്നാൽ ഭരണം പിടിക്കാനുറച്ച് തന്നെ കളത്തിലിറങ്ങിയ ബിജെപിക്ക് അധികാരം കിട്ടാതെപോയാൽ അത് വലിയ നിരാശയുമാണ്.