Asianet News MalayalamAsianet News Malayalam

കേരളത്തിലെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമെന്ന് ഐഎംഎ; ഗുണത്തേക്കാൾ ദോഷമെന്ന് ആക്ഷേപം

ആഴ്ചയില്‍ ചില ദിവസങ്ങളില്‍ മാത്രം കടകളും മറ്റു സ്ഥാപനങ്ങളും തുറക്കുമ്പോള്‍ അവിടങ്ങളില്‍ എത്തുന്ന ആവശ്യക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയും ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നുവെന്ന് ഐഎംഎ ചൂണ്ടിക്കാട്ടുന്നു.

kerala lock down restrictions are unscientific and does more harm than good says ima
Author
Trivandrum, First Published Jul 13, 2021, 3:00 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അശാസ്ത്രീയമെന്ന് ഐഎംഎ. ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്ന നിയന്ത്രണങ്ങളാണ്  ഇപ്പോഴുള്ളതെന്നും കൊവിഡ് പ്രതിരോധത്തിൽ വിള്ളലുണ്ടെന്നും ഐഎംഎ കുറ്റപ്പെടുത്തുന്നു. ആഴ്ചയിൽ എല്ലാ ദിവസവും വ്യാപാരസ്ഥാപനങ്ങൾ തുറക്കണമെന്നാണ് ഐഎംഎ പറയുന്നത്. ബാങ്കുകളും ഓഫീസുകളും തുറക്കണമെന്നും ഡോക്ടർമാരുടെ സംഘടന ആവശ്യപ്പെട്ടു. 

ആഴ്ചയില്‍ ചില ദിവസങ്ങളില്‍ മാത്രം കടകളും മറ്റു സ്ഥാപനങ്ങളും തുറക്കുമ്പോള്‍ അവിടങ്ങളില്‍ എത്തുന്ന ആവശ്യക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയും ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നുവെന്ന് ഐഎംഎ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സമയ ക്രമീകരണവും അശാസ്ത്രീയമാണ്, വ്യാപാരസ്ഥാപനങ്ങള്‍ കൂടുതല്‍ സമയം തുറന്നുവച്ച് തിരക്ക് ഒഴിവാക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടതെന്നാണ് നിർദ്ദേശം.  കുറച്ചു സമയം മാത്രം തുറന്നിരിക്കുമ്പോള്‍ കൂടുതല്‍ ആള്‍ക്കാര്‍ കൂട്ടം കൂടുന്ന അവസ്ഥ സംജാതമാകും. ഇതെല്ലാം രോഗവ്യാപനം കൂട്ടുന്ന പ്രക്രിയകള്‍ ആയി മാറുകയാണെന്ന് ഐഎംഎ പറയുന്നു.

ലോക്ക് ഡൗണ്‍ നയം ശാസ്ത്രീയമായി പുനരാവിഷ്‌കരിക്കണമെന്നും ശക്തമായ ബോധവല്‍ക്കരണത്തിലൂടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ജനങ്ങളെ സജ്ജരാക്കേണ്ട ചുമതല സര്‍ക്കാരും പൊതുസമൂഹവും ഏറ്റെടുത്തേ മതിയാകൂ. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്ലാനിങ്ങും നിയന്ത്രണങ്ങളും ആണ് ഇനി വേണ്ടത്. കൊവിഡ് മഹാമാരി അടുത്ത ഒന്നോ രണ്ടോ വര്‍ഷം കൂടെ തുടര്‍ന്നു പോകും, അതുകൊണ്ടുതന്നെ ഈ സാഹചര്യത്തെ മറികടക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ തന്നെ വേണം. ഐഎംഎ പറയുന്നു.

ടെസ്റ്റിംഗിന്റെ കാര്യത്തിലും കാര്യമായ മാറ്റം വേണമെന്നാണ് ഐഎംഎ ആവശ്യപ്പെടുന്നത്. കമ്മ്യൂണിറ്റി ടെസ്റ്റിംഗ് പോസിറ്റീവ് ആയ രോഗികളെ കണ്ടെത്തുന്നതിന് ഉതകുന്ന രീതിയില്‍ അല്ലെന്നും കോണ്‍ടാക്ട് ട്രേസിംഗ് ടെസ്റ്റിംഗ് ആണ് ആവശ്യമായിട്ടുള്ളതെന്നുമാണ് ഐഎംഎ നിർദ്ദേശം. ഹോം ഐസലേഷൻ പരാജയമാണെന്നും വീടുകൾ ക്ലസ്റ്ററുകൾ ആകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ഐഎംഎ ചൂണ്ടിക്കാട്ടുന്നു. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററും കമ്മ്യൂണിറ്റി ലിവിങ് സെന്ററും വ്യാപിപ്പിച്ചു കൊണ്ട് പോസിറ്റീവായവരെ മാറ്റി പാര്‍പ്പിച്ചാല്‍ മാത്രമേ വീടുകളിലെ ക്ലസ്റ്റര്‍ ഫോര്‍മേഷനും രൂക്ഷ വ്യാപനവും തടയാന്‍ സാധിക്കുകയുള്ളൂവെന്നാണ് ഐഎംഎയുടെ പക്ഷം.  പോസിറ്റീവ് ആയവരെ ഒരു കാരണവശാലും മറ്റുള്ളവരുമായി ഇടപഴകാന്‍ അനുവദിക്കാത്ത സാഹചര്യം ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.

Follow Us:
Download App:
  • android
  • ios