നീല സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യ-യൂറോപ്പ് സഹകരണത്തിന് വഴിയൊരുക്കുന്ന കേരള-യൂറോപ്യൻ യൂണിയൻ കോൺക്ലേവിൽ സമുദ്രാധിഷ്ഠിത വ്യവസായങ്ങൾ, സുസ്ഥിരത, ടൂറിസം തുടങ്ങിയ മേഖലകളിലെ സഹകരണം ചർച്ചയാകും

തിരുവനന്തപുരം: നിലനില്‍പ്പിന് വേണ്ടി മാത്രമല്ല, നവീകരണത്തിനും പ്രതിരോധത്തിനും വളര്‍ച്ചയ്ക്കും കേരളം എപ്പോഴും സമുദ്രങ്ങളെയാണ് ഉറ്റുനോക്കിയിട്ടുള്ളതെന്ന് കേരള - യൂറോപ്യന്‍ യൂണിയന്‍ കോണ്‍ക്ലേവിനു മുന്നോടിയായുള്ള സംയുക്ത പ്രസ്താവനയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നീല സമ്പദ്‌വ്യവസ്ഥ വഴി ഇന്ത്യ - യൂറോപ്പ് സഹകരണത്തിന് കേരളം പാലമായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുമായുള്ള സഹകരണം വിവിധ മേഖലകളില്‍ വ്യാപിച്ചു കിടക്കുന്നതാണെന്ന് യൂറോപ്യന്‍ പ്രതിനിധി സംഘത്തെ നയിക്കുന്ന ഇന്ത്യയിലെ യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍ ഹെര്‍വ് ഡെല്‍ഫിന്‍ പറഞ്ഞു. രാജ്യത്താകമാനം സാധ്യമായ സഹകരണത്തിനും നിക്ഷേപത്തിനുമുള്ള വഴികള്‍ കണ്ടെത്താന്‍ ലക്ഷ്യമിടുന്നുണ്ട്. സമുദ്രാധിഷ്ഠിത വ്യവസായങ്ങള്‍, തീരദേശ പ്രതിരോധം, സുസ്ഥിരത, ഉയര്‍ന്ന നൈപുണ്യം, വെല്‍നെസ്, ടൂറിസം തുടങ്ങിയ രംഗത്തെല്ലാം അനന്തമായ സാധ്യതകളുള്ള കേരളം യൂറോപ്യന്‍ പങ്കാളികള്‍ക്ക് നിരവധി അവസരങ്ങള്‍ പ്രദാനം ചെയ്യുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

സമുദ്ര പരിസ്ഥിതിയുടെ ദീര്‍ഘകാല ആരോഗ്യം ഉറപ്പാക്കും

സ്ഥിരതയാര്‍ന്ന മത്സ്യബന്ധനം, മത്സ്യകൃഷി, സമുദ്രപരിപാലനം എന്നിവയില്‍ സംസ്ഥാനത്തിനുള്ള അര്‍പ്പണ മനോഭാവമാണ് ഈ കോണ്‍ക്ലേവ് തെളിയിക്കുന്നതെന്ന് ഫിഷറീസ് സാംസ്കാരിക യുവജനകാര്യ മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയനും കേന്ദ്ര സര്‍ക്കാരും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെ കേരളത്തിലെ തീരദേശ സമൂഹങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സമുദ്ര പരിസ്ഥിതിയുടെ ദീര്‍ഘകാല ആരോഗ്യം ഉറപ്പാക്കുന്നതിനും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള - യൂറോപ്യന്‍ ക്ലോണ്‍ക്ലേവ്

കേന്ദ്ര സര്‍ക്കാരിന്‍റെയും യൂറോപ്യന്‍ യൂണിയന്‍റെയും സഹകരണത്തോടെ സംസ്ഥാന ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന ബ്ലൂ ടൈഡ്സ്, കേരള - യൂറോപ്യന്‍ ക്ലോണ്‍ക്ലേവ് കോവളം ലീല റാവിസിലാണ് നടക്കുന്നത്. സമുദ്രാധിഷ്ഠിത വികസനത്തിനും സ്ഥിരതയാര്‍ന്ന സാമ്പത്തിക വളര്‍ച്ചയ്ക്കും ഇന്ത്യ - യൂറോപ്യന്‍ സഹകരണത്തിന് നിര്‍ണായമാകുന്ന ഉച്ചകോടി രാജ്യത്ത് ആദ്യമായാണ് സംഘടിപ്പിക്കുന്നത്. സമ്മേളനത്തില്‍ 17 യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്. സമൂദ്രാധിഷ്ഠിത മേഖലയില്‍ മികച്ച സഹകരണം സാധ്യമാക്കുന്നത് സംബന്ധിച്ച ആശയങ്ങളും നിര്‍ദേശങ്ങളുമാണ് ചര്‍ച്ച ചെയ്യുന്നത്.

സംസ്ഥാന ഫിഷറീസ് വകുപ്പ് കേന്ദ്ര സര്‍ക്കാരിന്‍റെയും യൂറോപ്യന്‍ യൂണിയന്‍റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ബ്ലൂ ടൈഡ്സ്: കേരള-യൂറോപ്യന്‍ യൂണിയന്‍ ദ്വിദിന കോണ്‍ക്ലേവ് നാളെ (സെപ്റ്റംബര്‍ 19) രാവിലെ 9.30 ന് കോവളം ദി ലീല റാവിസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 'രണ്ട് തീരങ്ങള്‍, ഒരേ കാഴ്ചപ്പാട്' എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനം സമുദ്രാധിഷ്ഠിത സാമ്പത്തിക വളര്‍ച്ചയിലൂടെയുള്ള സുസ്ഥിര വികസനവും തീരമേഖലയുടെ സമഗ്ര സമ്പദ്‌വ്യവസ്ഥയിലെ പങ്കാളിത്തവുമാണ് ലക്ഷ്യമിടുന്നത്.