07:45 AM (IST) Oct 07

ഏലത്തോട്ടത്തിൽ കുളം നിർമ്മിക്കുകയാണെന്ന് പറഞ്ഞ് അനധികൃത പാറ ഖനനം; നടപടിയില്ല, ഇടുക്കി കറുവക്കുളത്ത് പ്രതിഷേധം

ഇടുക്കി കട്ടപ്പനക്ക് സമീപം കറുവക്കുളത്ത് അനധികൃത പാറ ഖനനത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. ദിവസേന നൂറ് ലോഡിലധികം പാറയാണ് ഇവിടെ നിന്നും പൊട്ടിച്ചു കടത്തുന്നത്. മൈനിംഗ് ആൻറ് ജിയോളജി വകുപ്പും റവന്യൂ വകുപ്പും പലതവണ നൽകിയ നിരോധന ഉത്തരവ് മറികടന്നാണ് പാറമട പ്രവർത്തിക്കുന്നത്.

07:44 AM (IST) Oct 07

വിവാദ വിഷയങ്ങൾ നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; മലപ്പുറം പരാമർശവും എഡിജിപിയും വിഷയമാവും

വിവാദ വിഷയങ്ങൾ ഇന്ന് നിയമസഭയിൽ ശക്തമായി ഉന്നയിക്കാൻ പ്രതിപക്ഷം. ദി ഹിന്ദു അഭിമുഖത്തിലെ മലപ്പുറം പരാമർശത്തിലാകും അടിയന്തരപ്രമേയ നോട്ടീസ്. ഗുരുതര ആരോപണങ്ങൾ നേരിട്ടിട്ടും, ആർഎസ്എസ് കൂടിക്കാഴ്ചയിൽ ഡിജിപി വീഴ്ച ചൂണ്ടിക്കാട്ടിയ റിപ്പോർട്ട് നൽകിയിട്ടും എംആർ അജിത് കുമാറിനെതിരെ പേരിന് മാത്രം നടപടിയെടുത്തതും പ്രതിപക്ഷം ഉയർത്തും. 

07:44 AM (IST) Oct 07

സംസ്ഥാനത്ത് മഴ സജീവമാവുന്നു; 6 ജില്ലകളിൽ മഴ മുന്നറിയിപ്പ്, വയനാട്ടിൽ യെല്ലോ അലർട്ട്, ജാ​ഗ്രത വേണമെന്ന് ഭരണകൂടം

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട്. ഇന്ന് 6 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. 

07:43 AM (IST) Oct 07

എഡിജിപിയെ പേരിനു മാത്രം മാറ്റിയതിലും വിവാദം; എൽഡിഎഫിൽ അതൃപ്തി, മനോജ് എബ്രഹാമിന് ഉടൻ ഇൻ്റലിജൻസ് ഒഴിയാനാകില്ല

വൻ പ്രതിഷേധത്തിനു ഒടുവിൽ എഡിജിപി എംആർ അജിത് കുമാറിനെ പേരിനു മാത്രം മാറ്റിയതിലും വിവാദം കനക്കുന്നു. എഡിജിപിയുടെ വീഴ്ച ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് ഉണ്ടായിട്ടും അതൊന്നും പറയാതെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വർത്താകുറിപ്പ് ഇറക്കിയത്. ഇന്നലെ രാത്രി സെക്രട്ടറിയേറ്റിലെത്തിയാണ് എംആർ അജിത് കുമാറിൻ്റെ മാറ്റം മുഖ്യമന്ത്രി ഫയലിൽ കുറിച്ചത്. ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാനും സായുധ ബറ്റാലിയന്റെ ചുമതല നിലനിർത്താനും ഫയലിൽ എഴുതിയ ശേഷം മുഖ്യമന്ത്രി അത് പ്രൈവറ്റ് സെക്രട്ടറിക്ക് കൈമാറുകയായിരുന്നു.