തിരുവനന്തപുരം:  സെൻസസിന്‍റെ നടപടികളെ വാർഡ് വിഭജനം ബാധിക്കില്ലെന്ന് മന്ത്രി എസി മൊയ്തീൻ. പുതിയ പഞ്ചായത്തുകളും മുൻസിപ്പാലിറ്റികളും രൂപീകരിക്കുന്നില്ല. ഒറ്റ വിഭജനമേ പാടുള്ളൂ എന്ന് സെൻസസ് നിയമത്തിൽ ഒരിടത്തും പറയുന്നില്ലെന്നും മന്ത്രി വിശദീകരിച്ചു. '2001 ലെ സെൻസന്റെ അടിസ്ഥാനത്തിൽ 2005 ലും 2010 ലും രണ്ട് തവണ വാർഡ് വിഭജനം നടന്നു. 2011 ന്റെ അടിസ്ഥാത്തില്‍  82 തദ്ദേശ സ്ഥാപനങ്ങള്‍ വിഭജിച്ചു'. 

'സെൻസസിന് പുറത്തുള്ള ചോദ്യങ്ങൾ നാട്ടിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കും. എൻപിആറിൽ ജനങ്ങൾക്ക് ആശങ്കയുണ്ട്. അത് സംസ്ഥാന സർക്കാർ പ്രതിഫലിപ്പിക്കുകയാണ്'. ഗവർണർ ചില കാര്യങ്ങളിൽ അദ്ദേഹത്തിന്റെ അഭിപ്രായം പറയുകയാണ്. അതേപോലെ സർക്കാർ സർക്കാരിന്റെ അഭിപ്രായം പറയുന്നു. പണച്ചിലവുള്ള ബില്ലാണെങ്കിൽ ഗവർണറെ അറിയിക്കേണ്ടതുണ്ട്. അത് ഗവർണറെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വാര്‍ഡ് വിഭജന ബില്ലിന് കരടായി; ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും കേരളം നടപ്പാക്കില്ല

ജനസംഖ്യ രജിസ്റ്ററും പൗരത്വ രജിസ്റ്ററും നടപ്പാക്കില്ലെന്ന് കേരളം തീരുമാനമെടുത്തിട്ടുണ്ട്.  ഈ തീരുമാനം സെൻസസ് ഡയറക്ടറെ അറിയിക്കും. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജന തീരുമാനവുമായി മുന്നോട്ട് പോകാൻ തന്നെയാണ് സര്‍ക്കാര്‍ പദ്ധതി. വാര്‍ഡ് വിഭജന ബില്ലിന്‍റെ കരടിനും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് നിര്‍ണായക തീരുമാനങ്ങൾ എടുത്തത്.