Asianet News MalayalamAsianet News Malayalam

കേരളത്തിലെ ബിജെപി നേതാവിന്‍റെ ഭീഷണി ഓര്‍മ്മയില്ലേ? വിജയ്‍യുടെ കസ്റ്റഡിയില്‍ രൂക്ഷമായി പ്രതികരിച്ച് ജയരാജന്‍

ഇത്തരം നെറികെട്ട നടപടികള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ഈ അനീതിക്കെതിരെ രാജ്യമൊന്നാകെ പ്രതികരിക്കണമെന്നും ജയരാജന്‍

kerala minister e p jayarajan against bjp on actor vijay in custody issue
Author
Thiruvananthapuram, First Published Feb 6, 2020, 12:58 PM IST

തമിഴ് ചലച്ചിത്ര താരം വിജയ്നെതിരായ ആദായനികുതിവകുപ്പിന്‍റെ ചോദ്യംചെയ്യലിനും കസ്റ്റഡിയ്ക്കുമെതിരെ രൂക്ഷമായി പ്രതികരിച്ച് വ്യവസായമന്ത്രി ഇ പി ജയരാജന്‍. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ വേട്ടയാടുന്ന സമീപനമാണോ ഇതെന്ന് സംശയിക്കണമെന്ന് അഭിപ്രയപ്പെട്ട ഇ പി ഇത്തരം നെറികെട്ട നടപടികള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ഈ അനീതിക്കെതിരെ രാജ്യമൊന്നാകെ പ്രതികരിക്കണമെന്നും ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമം അനീതിയാണെന്ന് പ്രതികരിച്ച മലയാള സിനിമാ പ്രവര്‍ത്തകര്‍ ആദായനികുതി പരിശോധന കരുതിയിരിക്കണമെന്ന് കേരളത്തിലെ ബി ജെ പി നേതാവ് ഭീഷണി ഉയര്‍ത്തിയത് വിജയിക്കെതിരായ നീക്കവുമായി ചേര്‍ത്തുവായിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

കുറിപ്പ് പൂര്‍ണരൂപത്തില്‍

തമിഴ് സിനിമയിലെ സൂപ്പര്‍താരം വിജയിയെ കസ്റ്റഡിയിലെടുത്ത നടപടി അപലപനീയമാണ്. കടലൂരില്‍ സിനിമാ ചിത്രീകരണസമയത്താണ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്. തങ്ങളെ വിമര്‍ശിക്കുന്നവരെ ഏതു കുത്സിതമാര്‍ഗ്ഗം സ്വീകരിച്ചും ഒതുക്കുക എന്നതാണ് സംഘപരിവാര്‍ രീതി. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകിടംമറിച്ച നടപടികളായ നോട്ടുനിരോധനത്തെയും ജി.എസ്.ടിയെയും 'മെര്‍സല്‍' എന്ന തന്‍റെ സിനിമയില്‍ വിജയ്‍യുടെ കഥാപാത്രം വിമര്‍ശിച്ചിരുന്നു. 
സര്‍ക്കാര്‍ എന്ന സിനിമയിലൂടെ അണ്ണാഡിഎംകെ സര്‍ക്കാരിനെയും വിമര്‍ശിച്ചു. ഇതാണ് വിജയിയെ കേന്ദ്ര സര്‍ക്കാരിന്റെ കണ്ണിലെ കരടാക്കിയത്. സംഘപരിവാറിന്റെ കിരാത നടപടികള്‍ക്കെതിരെ നിലപാട് സ്വീകരിച്ച കലാകാരന്മാരെയും സാഹിത്യകാരന്മാരെയും അപായപ്പെടുത്താനും അക്രമിക്കാനും കള്ളക്കേസില്‍ കുടുക്കാനും തയ്യാറായതിന് നിരവധി ഉദാഹരണങ്ങളുണ്ട്.

നരേന്ദ്ര ധബോല്‍ക്കര്‍, കലബുര്‍ഗി, ഗൗരി ലങ്കേഷ്, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ ജീവനെടുത്ത സംഘപരിവാര്‍ ഭീകരത നമ്മള്‍ കണ്ടതാണ്. തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍ സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് എഴുത്ത് നിര്‍ത്തുന്ന ഘട്ടത്തിലെത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിക്കുന്നവരെയും പ്രക്ഷോഭം ഉയര്‍ത്തുന്നവരെയും വെടിവെച്ച് വീഴ്ത്തുകയാണ്.

പൗരത്വ ഭേദഗതി നിയമം അനീതിയാണെന്ന് പ്രതികരിച്ച മലയാള സിനിമാ പ്രവര്‍ത്തകര്‍ ആദായനികുതി പരിശോധന കരുതിയിരിക്കണമെന്ന് ഒരു ബി ജെ പി നേതാവ് ഭീഷണി ഉയര്‍ത്തിയത് വിജയിക്കെതിരായ നീക്കവുമായി ചേര്‍ത്തുവായിക്കണം. ഇത്തരം നെറികെട്ട നടപടികള്‍ ഒരിക്കലും അംഗീകരിക്കാനാകില്ല. ഈ അനീതിക്കെതിരെ രാജ്യമൊന്നാകെ പ്രതികരിക്കണം.

 

Follow Us:
Download App:
  • android
  • ios