Asianet News MalayalamAsianet News Malayalam

5 സ്പാനുകളിലായി 22 ഗർഡറുകൾ, സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിസ്റ്റ് സ്ട്രക്ചർ മാതൃക; 'സ്വപ്ന പാലം' ഇതാ തുറക്കുന്നു

റെയില്‍വേ ഗേയ്റ്റിന് മുകളിലൂടെ 517.32 മീറ്റര്‍ ദൂരത്തിലാണ് റെയില്‍വേ മേല്‍പ്പാലം. 10.15 മീറ്ററാണ് വീതി. ഗതാഗത സഞ്ചാരത്തിനായി ബിഎം ബിസി നിലവാരത്തില്‍ 7.5 മീറ്റര്‍ വീതിയിലായി റോഡും 1.5 മീറ്റര്‍ വീതിയിലായി നടപ്പാതയും ഒരുക്കിയിട്ടുണ്ട്.

kerala model guruvayur over bridge inauguration on November 14 Steel concrete composite structure model btb
Author
First Published Nov 11, 2023, 4:39 PM IST

തൃശൂര്‍: ഗുരുവായൂരിന്റെ ചിരകാല സ്വപ്നമായ റെയില്‍വേ മേല്‍പ്പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ നവംബര്‍ 14 ന് രാത്രി ഏഴിന് നാടിന് സമര്‍പ്പിക്കും. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, വി അബ്ദുറഹിമാന്‍, കെ രാജന്‍, ഡോ. ആര്‍ ബിന്ദു, എന്‍ കെ അക്ബര്‍ എംഎല്‍എ, ടി എന്‍ പ്രതാപന്‍ എംപി എന്നിവര്‍ വിശിഷ്ടാതിഥികളാകും.

എംഎല്‍എമാരായ എ സി മൊയ്തീന്‍, മുരളി പെരുനെല്ലി, കെ കെ രാമചന്ദ്രന്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, സനീഷ് കുമാര്‍ ജോസഫ്, പി ബാലചന്ദ്രന്‍, വി ആര്‍ സുനില്‍കുമാര്‍, സി സി മുകുന്ദന്‍, ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ എം കൃഷ്ണദാസ്, പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ കെ വി അബ്ദുള്‍ ഖാദര്‍, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ വി കെ വിജയന്‍, ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജ, കിഫ്ബി സിഇഒ ഡോ. കെ എം എബ്രഹാം, സതേണ്‍ റെയില്‍വേ ചീഫ് എഞ്ചിനീയര്‍ വി രാജഗോപാലന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. ആര്‍ ബി ഡി സി കെ മാനേജിങ് ഡയറക്ടര്‍ എസ്   സുഹാസ് സ്വാഗതവും ജോയിന്റ് ജനറല്‍ മാനേജര്‍ ടി ജെ അലക്‌സ് നന്ദിയും പറയും. ജനറല്‍ മാനേജര്‍ ടി.എസ് സിന്ധു റിപ്പോര്‍ട്ട് അവതരിപ്പിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി ഫണ്ടില്‍ നിന്നും 24.54 കോടി രൂപയാണ് റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണത്തിന് അനുവദിച്ചത്. 2017 ലാണ് പദ്ധതിക്ക് കിഫ്ബി അംഗീകാരം ലഭ്യമായത്. റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണത്തിനായി 23 സെന്റ് സ്ഥലവും സര്‍ക്കാര്‍ ഏറ്റെടുത്തു. 

2017 നവംബര്‍ മാസത്തില്‍ റോഡ് ആന്റ് ബ്രിഡ്ജസ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍സ് ഓഫ് കേരള (ആര്‍ബിഡിസികെ) സ്ഥലമേറ്റെടുക്കുന്നതിനായുള്ള സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിച്ചു. തുടര്‍ന്ന് ചെന്നൈ ഐഐടിയുടെ അനുമതി ലഭ്യമായി. 2021 ജനുവരിയില്‍ നിര്‍മ്മാണ ഉദ്ഘാടനം നടത്തി. ഡിസംബറില്‍ പൈലിങ് പ്രവൃത്തി ആരംഭിച്ചു.

റെയില്‍വേ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ റെയില്‍വേ ക്രോസിനു സമീപം കാലങ്ങളായി ഉണ്ടാകുന്ന ഗതാഗത തടസ്സത്തിന് വിരാമമാകും. ഒരു ദിവസം 30 തവണയോളമാണ് റെയില്‍വേ ക്രോസ് അടച്ച് തുറന്നിരുന്നത്. ഇതുമൂലം അനുഭവപ്പെട്ടിരുന്ന ഗതാഗത തടസ്സത്തിന് പരിഹാരമായി റെയില്‍വേ മേല്‍പ്പാലം വേണമെന്ന് നാട്ടുകാരും ജനപ്രതിനിധികളും നിരന്തരം ആവശ്യപ്പെട്ടിരുന്നു. കെ.വി. അബ്ദുല്‍ഖാദര്‍ എംഎല്‍എ ആയിരുന്ന കാലഘട്ടത്തിലാണ് റെയില്‍വേ മേല്‍പ്പാലത്തിന് അനുമതി ലഭ്യമായത്. തുടര്‍ന്ന് എന്‍.കെ. അക്ബര്‍ എംഎല്‍എ യുടെ നിരന്തര ഇടപെടലിന്റെ ഭാഗമായി മേല്‍പ്പാലം നിര്‍മ്മാണം പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും കഴിഞ്ഞു. എല്ലാ മാസവും മേല്‍പ്പാലം നിര്‍മ്മാണ അവലോകന യോഗങ്ങള്‍ നടത്തി പുരോഗതി വിലയിരുത്തി. 

കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മാണം ആരംഭിച്ച കേരളത്തിലെ പത്ത് റെയില്‍വേ മേല്‍പ്പാലങ്ങളില്‍ ആദ്യം നിര്‍മ്മാണം പൂര്‍ത്തികരിച്ചത് ഗുരുവായൂരിലേതാണെന്ന പ്രത്യേകതയുമുണ്ട്. സ്റ്റീല്‍ കോണ്‍ക്രീറ്റ് കോമ്പോസിസ്റ്റ് സ്ട്രക്ചര്‍ മാതൃക ഉപയോഗിച്ചാണ് നിര്‍മ്മാണം നടത്തിയത്. റോഡ് ആന്റ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍സ് ഓഫ് കേരളയ്ക്കായിരുന്നു (ആര്‍ബിഡിസികെ) നിര്‍മ്മാണ ചുമതല. 5 സ്പാനുകളിലായി 22 ഗര്‍ഡറുകളുമാണ് മേല്‍പ്പാല നിര്‍മ്മാണത്തിന് ഉപയോഗിച്ചത്.

റെയില്‍വേ ഗേയ്റ്റിന് മുകളിലൂടെ 517.32 മീറ്റര്‍ ദൂരത്തിലാണ് റെയില്‍വേ മേല്‍പ്പാലം. 10.15 മീറ്ററാണ് വീതി. ഗതാഗത സഞ്ചാരത്തിനായി ബിഎം ബിസി നിലവാരത്തില്‍ 7.5 മീറ്റര്‍ വീതിയിലായി റോഡും 1.5 മീറ്റര്‍ വീതിയിലായി നടപ്പാതയും ഒരുക്കിയിട്ടുണ്ട്. പഴയ റോഡ് നാലു മീറ്റര്‍ വീതിയില്‍ സര്‍വ്വീസ് റോഡായി ഉപയോഗിക്കും. മേല്‍പ്പാലത്തിനു താഴെ പ്രഭാത സവാരി, ഓപ്പണ്‍ ജിം എന്നിവ എംഎല്‍എ ഫണ്ട് വിനിയോഗിച്ച് നടപ്പാക്കും.

Follow Us:
Download App:
  • android
  • ios