Asianet News MalayalamAsianet News Malayalam

സ്വകാര്യ ആശുപത്രികൾക്ക് പണം വാങ്ങി വാക്സിൻ നൽകാനുള്ള നീക്കം പാളുന്നു; 'പ്ലാൻ ബി' പരീക്ഷണത്തിന് സർക്കാർ

സർക്കാർ വാങ്ങിയ പത്തു ലക്ഷം ഡോസ് കേരളത്തിലെത്തി ഒരു മാസമാകുമ്പോൾ 9,93,879 ഡോസും കെഎംഎസ്സിഎല്ലിൽ തന്നെ കെട്ടിക്കിടക്കുകയാണ്

Kerala move to sell vaccine to private hospitals failed health department going forward with plan b
Author
Thiruvananthapuram, First Published Sep 18, 2021, 7:31 AM IST

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികൾക്ക് പണം വാങ്ങി വാക്സീൻ നൽകാനുള്ള സർക്കാർ നീക്കം പാളുന്നു. സർക്കാർ വാങ്ങിയ 10 ലക്ഷം ഡോസ് വാക്സീനിൽ ഇതുവരെ സ്വകാര്യ ആശുപത്രികൾ വാങ്ങിയത് 7000ൽ താഴെ ഡോസ് മാത്രം. പണം കൊടുത്ത് വാക്സീൻ വാങ്ങാൻ ആളില്ലാതായതോടെ, ഇത് ജനങ്ങളെ കൊണ്ട് സ്പോൺസർ ചെയ്യിക്കാനാണ് സർക്കാർ നീക്കം.

വാക്സീനേഷൻ വേഗം വർധിപ്പിക്കാനാണ്, 126 കോടി രൂപ ചെലവാക്കി 20 ലക്ഷം ഡോസ് സ്വകാര്യ ആശുപത്രികൾക്ക് വാങ്ങി നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ഇതിന് സ്വകാര്യ ആശുപത്രികൾ സർക്കാരിന് പണം നൽകണം. സർക്കാർ വാങ്ങിക്കൊടുക്കുന്ന വാക്സീൻ ജനം പണം കൊടുത്ത് എടുക്കണം എന്നതായതോടെ പദ്ധതി പാളി. സൗജന്യ വാക്സിൻ സുലഭമായതോടെ സ്വകാര്യ മേഖലയിൽ വാക്സീനെടുക്കാൻ ആളും കുറഞ്ഞു. 

സർക്കാർ വാങ്ങിയ പത്തു ലക്ഷം ഡോസ് കേരളത്തിലെത്തി ഒരു മാസമാകുമ്പോൾ 9,93,879 ഡോസും കെഎംഎസ്സിഎല്ലിൽ തന്നെ കെട്ടിക്കിടക്കുകയാണ്.

ഇനി പ്ലാൻ ബി

വാക്സീൻ വാങ്ങാൻ ആളില്ലാതായതോടെ പുതിയ വഴി തേടുകയാണ് സംസ്ഥാന സർക്കാർ. സ്പോൺസർ എ ജാബ് എന്ന പേരിൽ ഈ ഡോസുകൾ സ്പോൺസർ ചെയ്യിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. നേരത്തെ വാക്സീൻ ചലഞ്ചിലൂടെ 170 കോടിയോളം രൂപ പിരിഞ്ഞു കിട്ടിയിരുന്നു. ഈ തുകയടക്കം ചേർത്ത് സബ്സിഡി നൽകിയിരുന്നെങ്കിൽ സർവ്വീസ് ചാർജ് മാത്രമീടാക്കി വാക്സീൻ വിതരണം ചെയ്യാമെന്ന് സ്വകാര്യ ആശുപത്രികൾ മുൻപ് നിർദ്ദേശം വെച്ചിരുന്നെങ്കിലും സർക്കാർ ഇത് അംഗീകരിച്ചിരുന്നില്ല.

സ്പോൺസർ ചെയ്യിക്കുന്നതിലൂടെ കൈയിലുള്ള വാക്സീൻ ഒരു മാസം കൊണ്ട് തീർക്കാനാകുമെന്നാണ് കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ കണക്കുകൂട്ടുന്നത്. അതേസമയം, വാക്സീൻ ചലഞ്ചിലൂടെ പണം ലഭിച്ചിട്ടും, സർക്കാർ പണം വാങ്ങുന്നുവെന്ന ആരോപണം ധനവകുപ്പ് തള്ളുകയാണ്. തുക കോവിഡ് പ്രതിരോധ ആവശ്യങ്ങൾക്ക് തന്നെ ചെലവഴിച്ചതായാണ് വകുപ്പിന്റെ വിശദീകരണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios