കൊല്ലം എംപി എൻ.കെ. പ്രേമചന്ദ്രൻ ലോക്സഭയിൽ കെ-ഫോണിനെക്കുറിച്ച് ഉന്നയിച്ച ചോദ്യങ്ങൾക്ക് കേന്ദ്ര സർക്കാർ മറുപടി നൽകി. കെ-ഫോണിന് ആവശ്യമായ ലൈസൻസ് നൽകിയിട്ടുണ്ടെന്നും യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നുവെന്നും കേന്ദ്രം വ്യക്തമാക്കി.
ദില്ലി: ലോക്സഭയിൽ കെ-ഫോണിനെക്കുറിച്ച് ചോദ്യങ്ങളുമായി കൊല്ലം എംപി എൻ.കെ. പ്രേമചന്ദ്രൻ. വാർത്താവിനിമയ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിനോടായിരുന്നു നക്ഷത്രചിഹ്നമിടാത്ത ചോദ്യവുമായി എംപി രംഗത്തെത്തിയത്. കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്കിന് കേന്ദ്രസർക്കാർ ലൈസൻസ് നൽകിയിട്ടുണ്ടോയെന്നും വിശദാംശങ്ങൾ ലഭ്യമാക്കാമോയെന്നും എംപി ചോദിച്ചു. ലൈസൻസിനായി സമർപ്പിച്ച രേഖകൾ പ്രകാരം പദ്ധതിയുടെ ആകെ ചെലവും പൂർത്തിയാക്കേണ്ട തീയതി, നിശ്ചയിച്ച സമയക്രമം അനുസരിച്ചാണോ പദ്ധതി നടപ്പിലാക്കിയത്,
കെ-ഫോണിന്റെ പുരോഗതി കേന്ദ്രസർക്കാർ വിലയിരുത്തിയിട്ടുണ്ടോ, നിലവിൽ പൂർത്തിയായ ജോലികളുടെ ശതമാനവും ഇതിനായി ചിലവാക്കിയ തുകയും എത്ര, പദ്ധതിയുടെ സാമ്പത്തിക ഭദ്രതയും സാങ്കേതികമായ പ്രായോഗികതയും കേന്ദ്രസർക്കാർ പരിശോധിച്ചിട്ടുണ്ടോ, ജോലികളുടെ ഗുണനിലവാരവും അളവും കേന്ദ്രസർക്കാർ വിലയിരുത്തിയിട്ടുണ്ടോ, ഇതുവരെ നൽകിയ കണക്ഷനുകളുടെ എണ്ണവും പദ്ധതി ലാഭകരമാകാൻ ആവശ്യമായ കണക്ഷനുകളുടെ എണ്ണവും എത്രയാണ് തുടങ്ങിയ ചോദ്യങ്ങളാണ് എംപി ചോദിച്ചത്. എംപിയുടെ എല്ലാ ചോദ്യങ്ങൾക്കും സഹമന്ത്രി പൊമ്മസാനി ചന്ദ്രശേഖർ ഉത്തരം നൽകി.
കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡിന് നാഷണൽ ലോംഗ് ഡിസ്റ്റൻസ് (NLD) സേവനത്തിനും ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ (ISP) സേവനത്തിനുമുള്ള ഏകീകൃത ലൈസൻസ് കെ-ഫോണിന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. ഏകീകൃത ലൈസൻസ് മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, അപേക്ഷകൻ പദ്ധതിയുടെ ചെലവ്, നടപ്പിലാക്കുന്നതിന്റെ പുരോഗതി അല്ലെങ്കിൽ പൂർത്തിയാക്കുന്നതിനുള്ള സമയപരിധി തുടങ്ങിയ വിവരങ്ങൾ നൽകാൻ ബാധ്യസ്ഥനല്ലെന്നും ലൈസൻസിനായി അപേക്ഷിക്കുമ്പോൾ, നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ ഇക്വിറ്റിയും നെറ്റ് വർത്ത് ആവശ്യകതകളും ലൈസൻസിനായി അപേക്ഷിച്ച സമയത്ത് കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡ് ഈ യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നുവെന്നും കേന്ദ്രം പറഞ്ഞു.
കെ-ഫോൺ ഉൾപ്പെടെയുള്ള എല്ലാ ഇന്റർനെറ്റ് സേവന ദാതാക്കളുടെയും സാങ്കേതിക പരിശോധനകൾ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് കൃത്യമായ ഇടവേളകളിൽ നടത്താറുണ്ടെന്നും 2026 ജനുവരി 31 വരെയുള്ള കണക്കനുസരിച്ച് കേരളത്തിൽ ആകെ 99,970 ഇന്റർനെറ്റ് കണക്ഷനുകൾ കെ-ഫോൺ നൽകിയെന്നും കേന്ദ്രം വ്യക്തമാക്കി.
