Asianet News MalayalamAsianet News Malayalam

'അത് ചിലപ്പോള്‍ ഒരു അപകടത്തിലേക്ക് നയിക്കാം...'; വിദ്യാര്‍ഥികള്‍ക്ക് എംവിഡി മുന്നറിയിപ്പ്

അപരിചതരായ വ്യക്തികള്‍ അവരുടെ വാഹനത്തില്‍ ലിഫ്റ്റ് തന്നാലും, കയറാന്‍ നിര്‍ബന്ധിച്ചാലും അത്തരം അവസരങ്ങള്‍ ഒഴിവാക്കണമെന്ന് എംവിഡി.

kerala mvd says school students should avoid asking lift from strangers joy
Author
First Published Dec 6, 2023, 11:25 AM IST

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തില്‍ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തില്‍ കലാശിക്കാനുള്ള സാധ്യത ഏറെയാണെന്ന് എംവിഡി അറിയിച്ചു. അപരിചതരായ വ്യക്തികള്‍ അവരുടെ വാഹനത്തില്‍ ലിഫ്റ്റ് തന്നാലും, കയറാന്‍ നിര്‍ബന്ധിച്ചാലും അത്തരം അവസരങ്ങള്‍ ഒഴിവാക്കണമെന്ന് എംവിഡി പറഞ്ഞു. 

എംവിഡി കുറിപ്പ്: വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ പോകുന്ന സമയത്തും തിരികെ വീട്ടില്‍ വരുന്ന സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് പതിവ് കാഴ്ചയാണ്. പക്ഷേ, ഇത് ചിലപ്പോള്‍ ഒരു അപകടത്തിലേക്ക് നയിക്കാം. വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തില്‍ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തില്‍ കലാശിക്കാനുള്ള സാധ്യത ഏറെയാണ്.

അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നവര്‍, അശ്രദ്ധമായി വാഹനം ഉപയോഗിക്കുന്നവര്‍, മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍, മയക്കു മരുന്ന് ഉപയോഗിക്കുന്നവര്‍ / കടത്തുന്നവര്‍, കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവര്‍, കുട്ടികളോട് മോശമായി പെരുമാറുന്നവര്‍, മറ്റു ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍, എന്നിങ്ങനെ ലിഫ്റ്റ് ചോദിച്ച് പോകുമ്പോള്‍ നിങള്‍ നേരിടേണ്ടി വന്നേക്കാവുന്ന വിപത്തുകള്‍ അനവധിയാണ്. അതിനാല്‍ കഴിവതും അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കുക. അപരിചതരായ വ്യക്തികള്‍ അവരുടെ വാഹനത്തില്‍ ലിഫ്റ്റ് തന്നാലും, നിങ്ങളോട് കയറാന്‍ നിര്‍ബന്ധിച്ചാലും അത്തരം അവസരങ്ങള്‍ ഒഴിവാക്കുക.സ്‌കൂള്‍ ബസുകള്‍, പൊതു ഗതാഗത സംവിധാനങ്ങള്‍ എന്നിവ പരമാവധി ഉപയോഗിക്കുക. നടന്നു പോകാവുന്ന ദൂരം, റോഡിന്റെ വലതു വശം ചേര്‍ന്ന്, കരുതലോടെ നടക്കുക.നടത്തം ആരോഗ്യത്തിനും നല്ലതാണ്. സ്‌കൂള്‍ യാത്രകള്‍ക്ക് മാത്രമല്ല, എല്ലാ യാത്രകള്‍ക്കും  ഇത് ബാധകമാണ്. യാത്രകള്‍ അപകട രഹിതമാക്കാന്‍ നമുക്ക് ശ്രദ്ധയോടും കരുതലോടും കൂടി മുന്നോട്ട് പോകാം.

'വാഹനങ്ങള്‍ കാണുമ്പോള്‍ മൃഗങ്ങള്‍ ഹാപ്പി, റോഡരികിലേക്ക് വന്ന് വീക്ഷിക്കും': ഇപി ജയരാജന്‍ 

 

Latest Videos
Follow Us:
Download App:
  • android
  • ios