Asianet News MalayalamAsianet News Malayalam

സൈബർ ആക്രമണം, സിപിഎമ്മിന്‍റെ ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്കരണം - സഭയിൽ നിറഞ്ഞ ചർച്ച

ഭരണത്തുടർച്ച എന്ന ഏഷ്യാനെറ്റ് ന്യൂസ് സർവെ വന്നപ്പോഴാണ് പ്രതിപക്ഷത്തിന് ഹാലിളകിയതെന്ന് എം സ്വരാജ്. പ്രമേയ അവതരണം മുതൽ മാധ്യമങ്ങൾക്കെതിരായ സർക്കാർ സമീപനം പ്രതിപക്ഷം ഉയർത്തി. 

kerala niyamasbha live asianet news campaigns often raised in assembly
Author
Thiruvananthapuram, First Published Aug 24, 2020, 11:42 PM IST

തിരുവനന്തപുരം: മാധ്യമ പ്രവർത്തകർക്ക് എതിരായ സൈബർ ആക്രമണവും ഏഷ്യാനെറ്റ് ന്യൂസ് ചർച്ചകളിലെ സിപിഎം ബഹിഷ്കരണവും നിറഞ്ഞുനിന്നു അവിശ്വാസ പ്രമേയ ചർച്ചയിൽ. ഏഷ്യാനെറ്റ് ന്യൂസ് ജനശ്രദ്ധയിൽ എത്തിച്ച പിഎസ്‍സി നിയമന പ്രശ്നങ്ങളിലും ഭരണ പ്രതിപക്ഷ അംഗങ്ങൾ കൊമ്പുകോർത്തു. ഏഷ്യാനെറ്റ് ന്യൂസ് സർവേ സംവാദത്തിനിടെ തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ വിവാദ പരാമർശം ഭരണപക്ഷം പലഘട്ടത്തിലും ആയുധമാക്കുകയും ചെയ്തു. 

പ്രമേയ അവതരണം മുതൽ മാധ്യമങ്ങൾക്കെതിരായ സർക്കാർ സമീപനം പ്രതിപക്ഷം ഉയർത്തി. മാധ്യമ - പ്രതിപക്ഷ കൂട്ടുകെട്ട് ആരോപിച്ച് ഭരണപക്ഷവും മുഖ്യമന്ത്രിയും തിരിച്ചടിച്ചു. ഏഷ്യാനെറ്റ് ന്യൂസിനെതിരായ സിപിഎം ബഹിഷ്കരണവും സൈബർ ആക്രമണങ്ങളുമാണ് ഏറ്റവുമധികം ഉന്നയിക്കപ്പെട്ടത്. 

ഭരണത്തുടർച്ച എന്ന ഏഷ്യാനെറ്റ് ന്യൂസ് സർവെ വന്നപ്പോഴാണ് പ്രതിപക്ഷത്തിന് ഹാലിളകിയതെന്ന് എം സ്വരാജ് പറഞ്ഞു. അയ്യോ, ഏഷ്യാനെറ്റ് ന്യൂസിനെക്കുറിച്ച് ഒടുവിൽ നല്ലത് പറഞ്ഞല്ലോ, ഇപ്പോൾ ബഹിഷ്കരണവുമാണല്ലോ എന്ന് ചെന്നിത്തലയുടെ പരിഹാസം. ഏഷ്യാനെറ്റ് ന്യൂസ് സർവേ സംവാദത്തിനിടെ പ്രളയവും വരൾച്ചയും സർക്കാരിനെതിര ജനവികാരം ശക്തമാക്കുമെന്ന തിരുവ‍ഞ്ചൂരിന്‍റെ വിവാദ പ്രസ്താവന ഭരണപക്ഷ എംഎൽഎമാർ പലവട്ടം ഉയർത്തി. കൈവിട്ട പ്രസ്താവനയിൽ വിശദീകരണവുമായി തിരുവഞ്ചൂരും എഴുന്നേറ്റു.

ഒരു പ്രളയം കാത്തിരിക്കുകയാണോ തിരുവഞ്ചൂർ എന്ന് ഭരണപക്ഷം ചോദിച്ചപ്പോൾ, കനത്ത മഴ കേരളത്തിൽ പെയ്യുമെന്നല്ലേ ദുരന്തനിവാരണഅതോറിറ്റി അന്ന് പ്രവചിച്ചതെന്ന് തിരുവഞ്ചൂരിന്‍റെ മറുചോദ്യം. അൻപത്തിയൊന്ന് വെട്ട് വെട്ടി മാധ്യമ സ്വാതന്ത്ര്യത്തെ കൊലചെയ്യരുതെന്ന് ആവശ്യപ്പെട്ട തിരുവഞ്ചൂർ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി തന്നെ പരസ്യമായ മാധ്യമപ്രവർത്തകരെ കുറ്റപ്പെടുത്തുന്നുവെന്നും ആക്ഷേപിച്ചു. 

മുൻ മാധ്യമപ്രവർത്തകയായിട്ടും വീണാ ജോർജ് മാധ്യമങ്ങൾക്കെതിരായ ആക്രമണങ്ങളെ അപലപിച്ചില്ലെന്ന ഷാഫി പറമ്പിലിന്‍റെ പരാമർശവും തർക്കത്തിനിടയാക്കി. ഇത് രേഖകളിൽ നിന്നും നീക്കണമെന്ന് വീണാ ജോർജ് ആവശ്യപ്പെട്ടു. ഉദ്യോഗാർത്ഥികളുടെ നിയമന പ്രശ്നങ്ങളുയർത്തിയുള്ള 'പണി കിട്ടിയവർ' എന്ന ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയും പ്രതിപക്ഷം ആയുധമാക്കി.

Follow Us:
Download App:
  • android
  • ios