തിരുവനന്തപുരം: ചൂടേറിയ അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ മത്സ്യവും പശുവും ചര്‍ച്ചയാക്കി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേരള കോണ്‍ഗ്രസ് (എം) നേതാവ് പിജെ ജോസഫും. സഭയില്‍ കുറച്ച് നേരം തമാശ നിറച്ച രംഗങ്ങളാണ് മൂവരും ഒരുക്കിയത്.

സംസ്ഥാനത്തെ മത്സ്യകൃഷി വികസനത്തെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കുമ്പോഴായിരുന്നു സംഭവം. സംസാരിക്കുന്നതിനിടെ പ്രതിപക്ഷ നേതാവിനെ നോക്കി മുഖ്യമന്ത്രിയാണ് ആദ്യം തമാശ പറഞ്ഞത്. പ്രതിപക്ഷ നേതാവ് മത്സ്യം കഴിക്കാത്തതിനാല്‍ ശ്രദ്ധിക്കുന്നില്ലെന്നായിരുന്നു തമാശരൂപേണ മുഖ്യമന്ത്രി പറഞ്ഞത്. ഇതിന് മറുപടിയായി ചെന്നിത്തലയും എത്തി. അങ്ങ് മത്സ്യപ്രിയനാണ് എന്നറിയാമെന്നും അതുകൊണ്ടാണോ ഇതുപോലെ മുന്നോട്ടുകൊണ്ടുപോകുന്നതെന്നും ചെന്നിത്തല ചിരിച്ചുകൊണ്ട് ചോദിച്ചു. ക്ഷീരമുള്ളൊരകിടിന്‍ ചുവട്ടിലും എന്ന പോലെയാണ് ഈ വാചകങ്ങളെന്നും മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് പറഞ്ഞു.

സിഎമ്മിന് കഴിക്കാന്‍ കേരളം മൊത്തം മത്സ്യം വളര്‍ത്തണ്ടല്ലോ എന്ന് സ്പീക്കറും. കേരളീയര്‍ പൊതുവില്‍ മത്സ്യം ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ മത്സ്യം വളര്‍ത്താറില്ല. മത്സ്യം വളര്‍ത്തുന്ന പദ്ധതിയാണ് മത്സ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് ശേഷം പശു വളര്‍ത്തലിനെക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്ന പിജെ ജോസഫിന്റെ പരാതി സഭയിലാകെ ചിരിയുണര്‍ത്തി.

പശു വളര്‍ത്തലിനെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ. അല്ല അടുത്ത ബജറ്റിന് വല്ലോം ബാക്കി വയ്ക്കണ്ടേയെന്നായിരുന്നു പിജെ ജോസഫിന്റെ കമന്റ്. പിജെ ജോസഫിന്റെ ചോദ്യത്തിലെ തമാശ ആസ്വദിച്ച മുഖ്യമന്ത്രി പിന്നീട് സുഭിക്ഷ കേരളം പദ്ധതിയില്‍ ക്ഷീരവികസനം ഉള്‍പ്പെടുത്തിയത് വിശദീകരിച്ചു.