കൊച്ചി: സ്പ്രിക്ളർ വിവാദം കത്തിപ്പടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷം രംഗത്ത്. ലാവലിൻ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ജസ്റ്റിസ് പി ഉബൈദിനെ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ ചെയർമാനായി നിയമിച്ചത് ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ എന്ന നിലയിലാണെന്നാണ് ആരോപണം. എന്നാൽ പ്രതിപക്ഷത്തിന്‍റെ രാഷ്ട്രീയ വൈരത്തിലേക്ക് തന്നെ അനാവശ്യമായി വലിച്ചിഴക്കരുതെന്നും ഹൈക്കോടതിയാണ് തന്നെ തെരഞ്ഞെടുത്തതെന്നും ജസ്റ്റിസ് പി ഉബൈദ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

ലാവ്ലിൻ കേസിൽ 2017 ഓഗസ്റ്റിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ നടപടി ശരിവെച്ചത്. സിബിഐ  സമർപ്പിച്ച അപ്പീൽ തളളിയ  ജസ്റ്റിസ് പി ഉബൈദ് പിണറായി വിജയനെ വിചാരണ ചെയ്യാനുളള തെളിവ് സിബിഐയുടെ പക്കൽ ഇല്ലെന്നും നിരീക്ഷിച്ചിരുന്നു. അടുത്തയിടെ ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് പി ഉബൈദിനെ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ ചെയർമാനായി സംസ്ഥാന സർക്കാർ നിയമിച്ചാണ് പ്രതിപക്ഷം ആയുധമാക്കുന്നത്. ആരോപണത്തിന്‍റെ പശ്ചാത്തലത്തിൽ ജസ്റ്റിസ് പി ഉബൈദ് ചുമതലയേറ്റെടുക്കരുതെന്നും പിടി തോമസ് എംഎൽഎ ആവശ്യപ്പെട്ടു. 

എന്നാൽ തന്നെ തെരഞ്ഞെടുത്തത് സംസ്ഥാന സർക്കാരല്ലെന്നും ഹൈക്കോടതിയാണെന്നും പി ജസ്റ്റീസ് പി ഉബൈദ് പ്രതികരിച്ചു. ഹൈക്കോടതി തയാറാക്കിയ പാനലിൽ ഒന്നാമതെത്തിയ തന്നെ നിയമിക്കുക മാത്രമാണ് സർക്കാർ ചെയ്തത്. ലാവലിൻ ഉത്തരവുമായി തന്‍റെ നിയമനത്തിന് ബന്ധമില്ല. പിണറായി വിജയനനുകൂലമായി മാത്രമല്ല രമേശ് ചെന്നിത്തലും ഉമ്മൻചാണ്ടിയുമായി ബന്ധപ്പെട്ടും താൻ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതിപക്ഷത്തിന്‍റെ രാഷ്ടീയ വൈരത്തിലേക്ക് തന്നെ വലിച്ചിഴക്കരുത്. ഉത്തരവ് കിട്ടിയശേഷം ചുമതല ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്പ്രിക്ലര്‍ വിവാദം കത്തിനിൽക്കെ മുഖ്യമന്ത്രിക്കെതിരെ ആരോപണം കടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷത്തിന്‍റെ പുതിയ നീക്കം.