ജെആർപിയെ യുഡിഎഫിൽ അസോസിയേറ്റ് അംഗമായി ഉൾപ്പെടുത്തിയതോടെ സി കെ ജാനു മാനന്തവാടി മണ്ഡലത്തിൽ മത്സരിക്കാനുള്ള താൽപ്പര്യം പ്രകടിപ്പിച്ചു.

മാനന്തവാടി: ജെആർപിയെ യുഡിഎഫിലെ അസോസിയേറ്റ് അംഗമായി ഉൾപ്പെടുത്തിയതോടെ വയനാട്ടില്‍ സി കെ ജാനുവിന്‍റെ സ്ഥാനാർത്ഥിത്വവും ചർച്ചയാകുകയാണ്. മാനന്തവാടി മണ്ഡ‍ലത്തില്‍ മത്സരിക്കാൻ ആണ് ജെആർപിക്ക് താല്‍പ്പര്യമെന്നും യുഡിഎഫ് അക്കാര്യം പരിഗണിക്കണമെന്നും സി കെ ജാനു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ മാനന്തവാടിയില്‍ പതിനൊന്നായിരം വോട്ടിന്‍റെ മേല്‍ക്കൈ നേടാൻ യുഡിഎഫിന് ആയിട്ടുണ്ട്.

ഭൂമിക്കായുള്ള അവകാശത്തിന് വേണ്ടി നടന്ന കേരളം കണ്ട ഏറ്റവും ശക്തമായ ആദിവാസി സമരങ്ങളിലൊന്നാണ് മുത്തങ്ങയിലേത്. എ കെ ആന്‍റണി മുഖ്യമന്ത്രിയായിരുന്ന കാലത്തെ പൊലീസ് അതിക്രമത്തിന് അടുത്ത മാസം 23 വയസ്സാകും. മുത്തങ്ങ സമരത്തിലൂടെ ഉയർന്നുവന്ന സി കെ ജാനു ജെആർപി രൂപീകരിച്ച് എൻഡിഎയില്‍ ഭാഗമായി.രണ്ട് നിയമസഭ തെരഞ്ഞെടുപ്പില്‍ ജാനു ബത്തേരി മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനമാണ് ലഭിച്ചത്. എന്നാല്‍ എൻഡിഎ വിട്ട് യുഡിഎഫിന്‍റെ ഭാഗമായ സി കെ ജാനു ഇത്തവണ മാനന്തവാടിയില്‍ നിന്ന് സ്ഥാനാർ‍ത്ഥിയാകുമോ എന്നാണ് ആകാംക്ഷ. മന്ത്രി ഒ ആർ കേളുവിന്‍റെ മണ്ഡലത്തില്‍ അദ്ദേഹത്തിനെതിരെ മത്സരിക്കാനുള്ള താല്പ്പര്യവും സി കെ ജാനു പ്രകടിപ്പിക്കുന്നു

മാനന്തവാടിയില്‍ തങ്ങള്‍ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. പല വഴികളും മുന്നണി തേടുന്നുണ്ട്. മുൻ മന്ത്രി ജയലക്ഷ്മിയെ തന്നെ വീണ്ടും മത്സരിപ്പിക്കുന്നതും ഐ സി ബാലകൃഷ്ണനെ ബത്തേരിയില്‍ നിന്ന് മാനന്തവാടിയിലേക്ക് കൊണ്ടുവരുന്നതും ഉള്‍പ്പെടെ ചർച്ചയിലുണ്ടെന്നാണ് വിവരം. ഉഷാ വിജയൻ, മീനാക്ഷി രാമൻ, മഞ്ജുക്കുട്ട‌ൻ എന്നിവരും പരിഗണനയിലുണ്ട്. സി കെ ജാനുവിനെ മത്സരിപ്പിച്ചാല്‍ എത്രത്തോളം വിജയ സാധ്യതയുണ്ടെന്ന ചിന്തയും പാര്‍ട്ടി നേതൃത്വത്തിനുണ്ട്.

തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് യഥാർത്ഥത്തില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്ന സ്ഥലമായിരുന്നു മാനന്തവാടി. എന്നാല്‍ അത്ഭുതകരമായ നേട്ടമാണ് മാനന്തവാടിയില്‍ യുഡിഎഫിന് ഉണ്ടായത്. മാനന്തവാടി മുൻസിപ്പാലിറ്റി നിലനിര്‍ത്തി. തൊണ്ടർനാട്, വെള്ളമുണ്ട, പനമരം പഞ്ചായത്തുകള്‍ എൽഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു. ശക്തികേന്ദ്രമായ തിരുനെല്ലി പഞ്ചായത്ത് എല്‍ഡിഎഫ് നിലനിര്‍ത്തിയെങ്കിലും അവിടെ ഇത്തവണ ശക്തമായ മത്സരം നടന്നതും യുഡിഎഫ് പ്രതീക്ഷയോടെ കാണുകയാണ്.

YouTube video player