തിരുവനന്തപുരം: സംസ്ഥാനത്ത് മില്ലുകാർക്ക് പഴയ രീതിയിൽ തന്നെ നെല്ല് സംഭരിക്കാമെന്ന് സർക്കാർ. സ്വകാര്യ മില്ലുടമകളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകി. സ്വകാര്യ മില്ലുടമകൾ ഭക്ഷ്യമന്ത്രി പി തിലോത്തമൻ, കൃഷി മന്ത്രി വിഎസ് സുനിൽ കുമാർ, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് ധാരണ.

സപ്ലൈകോ മേൽനോട്ടത്തിൽ സ്വകാര്യ മില്ലുകൾ നെല്ല് സംഭരിക്കുന്ന രീതി തുടരാനാണ് തീരുമാനം. പ്രളയ സമയത്തെ നഷ്ടം നികത്തുന്ന കാര്യത്തിൽ ഒരു മാസത്തിനുള്ളിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി തീരുമാനമെടുക്കുമെന്ന് സർക്കാർ ഉറപ്പ് നൽകി. സംഭരണം സഹകരണ സംഘങ്ങളെ ഏൽപിച്ചതിനെതിരെ കർഷക സംഘടനകളടക്കം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.