ദില്ലി: മാരത്തൺ ചർച്ചകൾക്കും അനിശ്ചിതത്വത്തിനുമൊടുവിൽ കെപിസിസിയുടെ പുതിയ ഭാരവാഹി പട്ടിക പുറത്തുവിട്ടു. ആകെ 47 പേരാണ് പട്ടികയിലുള്ളത്. ഇതിൽ 12 പേർ വൈസ് പ്രസിഡന്റുമാരും 34 പേർ ജനറൽ സെക്രട്ടറിമാരുമാണ്. കൊടിക്കുന്നിലും കെ.സുധാകരനും വർക്കിങ് പ്രസിഡന്റുമാരായി തുടരാൻ തീരുമാനം. പുതിയ വർക്കിംഗ് പ്രസിഡന്റുമാരില്ല.

പിസി വിഷ്ണുനാഥ്, ശൂരനാട് രാജശേഖരൻ, ജോസഫ് വാഴക്കൻ, കെപി ധനപാലൻ, കെസി റോസക്കുട്ടി, പദ്മജ വേണുഗോപാൽ, മോഹൻ ശങ്കർ, സിപി മുഹമ്മദ്, മൺവിള രാധാകൃഷ്ണൻ, ടി സിദ്ധിഖ്, ശരത്ചന്ദ്ര പ്രസാദ്, ഏഴുകോൺ നാരായണൻ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.

പാലോട് രവി, എഎ ഷുക്കൂർ, കെ സുരേന്ദ്രൻ, തമ്പാനൂർ രവി, സജീവ് ജോസഫ്, കോശി എം കോശി, പിഎം നിയാസ്, പഴകുളം മധു, എൻ സുബ്രമണ്യൻ, ജെയ്സൺ ജോസഫ്, കെ ശിവദാസൻ നായർ, സജീവ് മാറോളി, കെപി അനിൽകുമാർ, എ തങ്കപ്പൻ, അബ്ദുൾ മുത്തലിബ്, വിഎ കരീം, റോയ് കെ പൗലോസ്, ടിഎം സക്കീർ ഹുസൈൻ, ജി രതികുമാർ, മണക്കാട് സുരേഷ്, രാജേന്ദ്ര പ്രസാദ്, സിആർ മഹേഷ്, ഡി സുഗതൻ, എം മുരളി, സി ചന്ദ്രൻ, ടോമി കല്ലാണി, ജോൺസൺ അബ്രഹാം, മാത്യു കുഴൽനാടൻ, കെ പ്രവീൺ കുമാർ, ജ്യോതികുമാർ ചാമക്കാല, എംഎം നസീർ, ഡി സോന, അബ്ദുൾ റഹ്മാൻ, ഷാനവാസ് ഖാൻ എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. കെകെ കൊച്ചുമുഹമ്മദാണ് ട്രഷറർ.

കെ പി സി സി പുന:സംഘടനയ്ക്ക് പ്രവർത്തന മികവാണ് ആധാരമാക്കിയതെന്ന് കെ.സി വേണുഗോപാൽ പ്രതികരിച്ചു. ജനപ്രതിനിധികൾ മാറി നിന്നത് നല്ല തീരുമാനമാണെന്നും  വനിതാ പ്രാതിനിധ്യത്തിലെ കുറവ്  അടുത്ത ഘട്ടം പട്ടികയിൽ പരിഹരിക്കുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

കെപിസിസി അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രൻ ചുമതലയേറ്റ് ഒന്നരവർഷത്തോളം കഴിഞ്ഞാണ് കെപിസിസി ഭാരവാഹി പട്ടിക പുറത്തു വരുന്നത്. അടുത്ത ഭാരവാഹി പട്ടിക ഫെബ്രുവരി പത്തിനകം പുറത്തുവിടുമെന്നും നേതൃത്വം അറിയിച്ചു. സെക്രട്ടറി, നിർവ്വഹക സമിതിയംഗങ്ങൾ എന്നിവരുൾപ്പെടുന്നതാകും അടുത്ത പട്ടിക.

എ-ഐ ​ഗ്രൂപ്പുകളുടെ സമ്മർദ്ദത്തെ തുടർന്ന് 130 പേരെ ഉൾപ്പെടുത്തി നൽകിയ ഭാരവാഹി പട്ടിക നേരത്തെ കോൺ​ഗ്രസ് ഹൈക്കമാൻഡ് തള്ളിയിരുന്നു. ഒരാൾക്ക് ഒരു പദവി എന്ന നയം കർശനമായി നടപ്പാക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചതിനെ തുടർന്ന് 130 ഭാരവാഹികളുടെ ലിസ്റ്റ് വെട്ടിച്ചുരുക്കിയാണ് ഒടുവിൽ കേരള നേതാക്കൾ കേന്ദ്രനേതൃത്വത്തിന് സമർപ്പിച്ചത്. ഈ പട്ടികയാണ് സോണിയ ഗാന്ധി അംഗീകരിച്ചിരിക്കുന്നത്. 

എ-ഐ ​ഗ്രൂപ്പുകളിൽ നിന്നും കടുത്ത സമ്മർദ്ദമുണ്ടായിട്ടും ജംബോ കമ്മിറ്റി വേണ്ടെന്ന കർശന നിലപാടിൽ അവസാന നിമിഷം വരെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉറച്ചു നിന്നു. കേരള പോലൊരു ചെറിയ സംസ്ഥാനത്തിന് ആറ് വർക്കിങ് പ്രസിഡന്റുമാർ അടക്കം ഇത്ര വലിയ ഭാരവാഹി പട്ടിക എന്തിനാണെന്ന സോണിയ ​ഗാന്ധിയുടെ വിമർശനവും ഭാരവാഹികളുടെ എണ്ണം കുറയാൻ കാരണമായി. 

ജംബോ പട്ടികയ്ക്ക് നേരെ രൂക്ഷ വിമർശനം ഉയർന്നതോടെ വിഡി സതീശൻ, ടിഎൻ പ്രതാപൻ, എപി അനിൽ കുമാർ എന്നീ നേതാക്കൾ തങ്ങളെ ഭാരവാഹിത്വത്തിലേക്ക് പരി​ഗണിക്കേണ്ടെന്ന് കാണിച്ച് ഹൈക്കമാൻഡിന് കത്ത് നൽകിയിരുന്നു. കേരളത്തിൽ ജംബോ കമ്മിറ്റിയുടെ ആവശ്യമില്ലെന്നും ജംബോ കമ്മിറ്റിയുടെ ഭാ​ഗമായി ഭാരവാഹിത്വം തന്നാൽ അതു നാണക്കേടായി മാറുമെന്നും ഹൈക്കമാൻഡിന് ഇവർ നൽകിയ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.