തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങൾ വഴിയുളള  അധിക്ഷേപങ്ങൾ നിയന്ത്രിക്കാൻ കേരള പൊലീസ് ആക്ടില്‍ ഭേദഗതി വരുത്താന്‍ തീരുമാനം. സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് ഇക്കര്യത്തില്‍ തീരുമാനമായത്. സാമൂഹ്യ മാധ്യമങ്ങൾ വഴിയുളള  അധിക്ഷേപങ്ങൾക്കെതിരെ നടപടിയെടുക്കാൻ പൊലീസ് ആക്ടിൽ വകുപ്പില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. 

സ്ത്രീകൾക്കെതിരായി മോശം പരാമാർശം നടത്തിയ വിവാദ യൂട്യൂബർ വിജയ് പി നായരെ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ ചേർന്ന് മർദ്ദിച്ചത് വലിയ വാർത്തയായിരുന്നു. നിരന്തര പരാതികൾ കൊണ്ട് ഗുണമില്ലെന്ന് അവകാശപ്പെട്ടായിരുന്നു ഇവർ നേരിട്ട് നിയമം കയ്യിലെടുത്തത്.

ഏറെ വിവാദങ്ങൾക്കും സമ്മർദ്ദങ്ങൾക്കും ഒടുവിലാണ് വിജയ് പി നായരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. യൂട്യൂബ് വീഡിയോയിലൂടെ അധിക്ഷേപിച്ചെന്ന് ശ്രീലക്ഷ്മി അറയ്ക്കലാണ് പൊലീസിന് പരാതി നൽകിയത്. ഗുരുതര പരാതി നൽകിയിട്ടും ദുർബല വകുപ്പുകൾ മാത്രം ചുമത്തി പൊലീസ് കേസെടുത്തത് ഏറെ വിവാദമായിരുന്നു. പിന്നീടാണ് ഐടി ആക്ടിലെ 67, 67 (a) എന്നീ വകുപ്പുകള്‍ കൂടി ഇയാൾക്കെതിരെ ചുമത്തിയത്.